ഇലക്ട്രിക് വാഹനങ്ങളുടെയും നിര്‍മിത ബുദ്ധിയുടെയും കാലത്ത് ചെമ്പിന്റെ ആവശ്യം ഏറുന്നതാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ വര്‍ഷം നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് ചെമ്പ് നല്‍കിയത്
സ്വര്‍ണത്തിലും വെള്ളിയിലും മാത്രം കണ്ണുടക്കി നില്‍ക്കുന്ന നിക്ഷേപകര്‍ ഇനി ചെമ്പിലേക്കും ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 2025-ല്‍ കമ്മോഡിറ്റി വിപണിയില്‍ 'നിശബ്ദ വിപ്ലവം' സൃഷ്ടിച്ച ചെമ്പ്, 2026-ലും കുതിപ്പ് തുടരുമെന്നാണ് സൂചന. ഇലക്ട്രിക് വാഹനങ്ങളുടെയും നിര്‍മിത ബുദ്ധിയുടെയും കാലത്ത് ചെമ്പിന്റെ ആവശ്യം ഏറുന്നതാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ വര്‍ഷം നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് ചെമ്പ് നല്‍കിയത്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ 2025-ല്‍ മാത്രം വിലയില്‍ 50 ശതമാനത്തോളം വര്‍ധനയുണ്ടായി. കിലോയ്ക്ക് 796 രൂപയായിരുന്ന വില 1,197 രൂപ വരെ ഉയര്‍ന്നു. ഓഹരി വിപണിയിലെ വമ്പന്മാരായ നിഫ്റ്റിയെക്കാള്‍ മികച്ച പ്രകടനമായിരുന്നു ഇത്.
എന്തുകൊണ്ട് ചെമ്പ്?
ഇലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ പ്ലാന്റുകള്‍, പവര്‍ ഗ്രിഡുകള്‍, ഡേറ്റാ സെന്ററുകള്‍ എന്നിവയ്‌ക്കെല്ലാം ചെമ്പ് അനിവാര്യമാണ്. ആഗോളതലത്തില്‍ ഉല്‍പാദനം കുറയുകയും ആവശ്യം കൂടുകയും ചെയ്യുന്ന സാഹചര്യം വില ഇനിയും ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. 2026 ജനുവരി ആദ്യവാരം രാജ്യാന്തര വിപണിയില്‍ ടണ്ണിന് 13,000 ഡോളറിനടുത്താണ് വില.
ഇന്ത്യക്കാര്‍ക്ക് എങ്ങനെ നിക്ഷേപിക്കാം?
സ്വര്‍ണം വാങ്ങുന്നതുപോലെ ചെമ്പ് വാങ്ങി സൂക്ഷിക്കുന്നത് പ്രായോഗികമല്ല. ഇന്ത്യയില്‍ ചെമ്പിന്റെ വിലയെ അടിസ്ഥാനമാക്കിയുള്ള ഇടിഎഫുകള്‍ നിലവിലില്ല. എങ്കിലും നിക്ഷേപിക്കാന്‍ മറ്റു വഴികളുണ്ട്:
വിദേശ ഫണ്ടുകള്‍: റിസര്‍വ് ബാങ്കിന്റെ ഉദാരീകൃത പണമിടപാട് പദ്ധതി (LRS) വഴി വിദേശത്തുള്ള കോപ്പര്‍ ഇടിഎഫുകളില്‍ (ഉദാഹരണത്തിന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കോപ്പര്‍ ഇന്‍ഡക്‌സ് ഫണ്ട്) നേരിട്ട് നിക്ഷേപിക്കാം.
ഫണ്ട് ഓഫ് ഫണ്ട്‌സ് : വിദേശ കോപ്പര്‍ ഫണ്ടുകളില്‍ പണം മുടക്കുന്ന ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ തിരഞ്ഞെടുക്കാം. സാധാരണക്കാര്‍ക്ക് ഇതാണ് എളുപ്പമാര്‍ഗം.
മൈനിങ് ഇടിഎഫുകള്‍: ചെമ്പ് ഖനനം ചെയ്യുന്ന ആഗോള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളും (ഉദാ: ഗ്ലോബല്‍ എക്‌സ് കോപ്പര്‍ മൈനേഴ്‌സ് ഇടിഎഫ്) ലഭ്യമാണ്.
എത്ര നിക്ഷേപിക്കാം?
കൈയിലുള്ള പണം മുഴുവന്‍ ഇതില്‍ മുടക്കരുത്. കരുതലോടെയുള്ള നിക്ഷേപമാണ് നല്ലത്.
സാധാരണക്കാര്‍: മൊത്തം നിക്ഷേപത്തിന്റെ 5-7% വരെ.
റിസ്‌ക് എടുക്കാന്‍ മടിയില്ലാത്തവര്‍: 10% വരെ.
ശ്രദ്ധിക്കാന്‍: ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ ചെമ്പിന്റെ വിലയെ പെട്ടെന്ന് ബാധിക്കാം. വിലയില്‍ ചാഞ്ചാട്ടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിപണിയിലെ പ്രവണതകള്‍ നോക്കി മാത്രം നിക്ഷേപിക്കുക.
