
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ തീയതി പ്രഖ്യാപിച്ച് 100 ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷം, 2025-26 അസസ്മെന്റ് വര്‍ഷത്തേക്കുള്ള ഐടിആര്‍ ഫോം 2, 3 എന്നിവയുടെ എക്സല്‍ യൂട്ടിലിറ്റികള്‍ ആദായനികുതി വകുപ്പ് പുറത്തിറക്കി. ശമ്പളം, വീടിന്റെ വാടക വരുമാനം, മൂലധന നേട്ടം, ബിസിനസ്സ് അല്ലെങ്കില്‍ പ്രൊഫഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വരുമാനമുള്ളവര്‍ക്കാണ് ഇത് പ്രയോജനപ്പെടുക. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ മെയ് അവസാനത്തോടെ ആരംഭിച്ചിരുന്നു. എന്നാല്‍ അന്ന് ഐടിആര്‍-1, ഐടിആര്‍-4 എന്നിവയുടെ യൂട്ടിലിറ്റികള്‍ മാത്രമാണ് ലഭ്യമായിരുന്നത്. ഐടിആര്‍-1, ഐടിആര്‍-4 യൂട്ടിലിറ്റികള്‍ മെയ് അവസാനത്തിലും ജൂണ്‍ ആദ്യത്തിലുമായിരുന്നു പുറത്തിറക്കിയത്. ഐടിആര്‍-2, ഐടിആര്‍-3 ഉള്‍പ്പെടെയുള്ള മറ്റ് ഫോമുകളുടെ യൂട്ടിലിറ്റികള്‍ ഇതുവരെ ലഭ്യമായിരുന്നില്ല.
ശമ്പളം, ഒന്നിലധികം വീടുകളില്‍ നിന്നുള്ള വാടക വരുമാനം, മൂലധന നേട്ടങ്ങള്‍ എന്നിവയില്‍ നിന്ന് വരുമാനമുള്ള വ്യക്തികളാണ് സാധാരണയായി ഐടിആര്‍-2 ഫയല്‍ ചെയ്യുന്നത്.
ബിസിനസ്സില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമുള്ളവരാണ് ഐടിആര്‍-3 ഫയല്‍ ചെയ്യുന്നത്. ഇതില്‍ വിദേശ ആസ്തികള്‍ അല്ലെങ്കില്‍ ഓഹരി വ്യാപാരം പോലുള്ള സങ്കീര്‍ണ്ണമായ വിവരങ്ങള്‍ ഉള്‍പ്പെടാം.
ഈ ഫോമുകളുടെ എക്സല്‍ യൂട്ടിലിറ്റി 100 ദിവസത്തോളം വൈകിയതോടെ നികുതിദായകര്‍ക്ക് അവരുടെ നികുതി അടവ് ആസൂത്രണം ചെയ്യാനും റിട്ടേണ്‍ ഫയല്‍ ചെയ്യാനും പരിമിതമായ സമയം മാത്രമേ ശേഷിക്കുന്നുള്ളൂ. ഐടിആര്‍-5, 6, 7 തുടങ്ങിയ മറ്റ് പ്രധാന ഫോമുകളുടെ യൂട്ടിലിറ്റികള്‍ ഇനിയും പുറത്തിറക്കിയിട്ടില്ല. നികുതി ഓഡിറ്റ് നിര്‍ബന്ധമില്ലാത്ത നികുതിദായകര്‍ക്ക് സെപ്റ്റംബര്‍ 15, 2025 ആണ് അവസാന തീയതി. സമയപരിധി നീട്ടിനല്‍കിയില്ലെങ്കില്‍, ഉടന്‍ തന്നെ ഫയലിംഗ് ആരംഭിക്കേണ്ടതുണ്ട്.
ഇത്തരം കാലതാമസങ്ങള്‍ നികുതിദായകരെ ബുദ്ധിമുട്ടിലാക്കുകയും റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആവശ്യമായ സമയം ലഭ്യമാകാതിരിക്കുന്നതിനും വഴി വയ്ക്കുന്നുവെന്ന് നികുതി വിദഗ്ധരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും പറയുന്നു. ഇത് തെറ്റുകള്‍ക്കും റീഫണ്ടുകള്‍ വൈകുന്നതിനും ഇടയാക്കും. ഐടിആര്‍-2, 3 ഫോമുകളുടെ യൂട്ടിലിറ്റി ഇപ്പോള്‍ ലഭ്യമായതിനാല്‍, ബന്ധപ്പെട്ട നികുതിദായകര്‍ അവരുടെ സാമ്പത്തിക വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും കാലതാമസമില്ലാതെ റിട്ടേണ്‍ തയ്യാറാക്കാന്‍ ആരംഭിക്കുകയും ചെയ്യേണ്ടതുണ്ട്.