Latest Videos

സ്പിരിറ്റ് വില കുതിക്കുന്നു; ജവാന്‍റെ വിലകൂടുമോ? മദ്യപാനികളുടെ പോക്കറ്റ് കാലിയാവാന്‍ സാധ്യത

By Web TeamFirst Published Oct 14, 2019, 12:31 PM IST
Highlights

ഉത്പാദനചെലവ് കൂടിയ സാഹചര്യത്തില്‍ നഷ്ടമൊഴിവാക്കാന്‍ നടപടി വേണമന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ സർക്കാരിനെ സമീപിച്ചു. ബിവറേജസ് കോര്‍പ്പറേഷനുമായുള്ള കരാര്‍ നിരക്കില്‍ മദ്യം വിതരണം ചെയ്യുന്നത് വലിയ നഷ്ടമുണ്ടാക്കുന്നതാണെന്നാണ് കമ്പനികളുടെ നിലപാട്. 

തിരുവനന്തപുരം: സ്പിരിറ്റ് വില കുതിച്ചുയരാന്‍ തുടങ്ങിയതോടെ മദ്യപാനികളുടെ പ്രിയ ബ്രാന്‍ഡായ ജവാന് വിലകൂടാന്‍ സാധ്യത. ഉത്പാദനചെലവ് കൂടിയ സാഹചര്യത്തില്‍ നഷ്ടമൊഴിവാക്കാന്‍ നടപടി വേണമന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ സർക്കാരിനെ സമീപിച്ചു. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ അഥവാ സ്പിരിറ്റിന്‍റെ വില കുതിച്ചുയര്‍ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ലിറ്ററിന് 45 രൂപയുണ്ടായിരുന്ന സ്പിരിറ്റിന് ഇപ്പോള്‍ 70 രൂപയാണ്. ഈ സാഹചര്യത്തില്‍ ബിവറേജസ് കോര്‍പ്പറേഷനുമായുള്ള കരാര്‍ നിരക്കില്‍ മദ്യം വിതരണം ചെയ്യുന്നത് വലിയ നഷ്ടമുണ്ടാക്കുന്നതാണെന്നാണ് കമ്പനികളുടെ നിലപാട്. പൊതുമേഖല സ്ഥാപനമായ  ട്രാവര്‍കൂര്‍ ഷുഗേഴ്സിനും സ്പിരിറ്റ് വില വിര്‍ധന തിരിച്ചടിയാവുന്നുണ്ട്.

ജവാന്‍റെ കുറഞ്ഞ വില നിലനിര്‍ത്തുന്നത് വെല്ലുവിളിയാവുകയാണ്. പ്രതിസന്ധി ചൂണ്ടിക്കാട്ടി  മദ്യ വിതരണ കമ്പനികള്‍ ബിവറേജസ് കോര്‍പ്പറഷന് ഇതിനോടകം കത്ത് നല്‍കിയിട്ടുണ്ട്. മദ്യത്തിന് നിരക്ക് കൂട്ടുക, അല്ലെങ്കില്‍ കമ്പനികളില്‍ നിന്ന് ഈടാക്കുന്ന ടേണ്‍ ഓവര്‍ ടാക്സ് കുറക്കുക എന്നിവയാണ് കത്തില്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍.

വരുമാന നഷ്ടമുണ്ടാകുമെന്നതിനാല്‍ നികുതി കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാന്‍ സാധ്യതയില്ലെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ സ്പിരിറ്റ് വില വര്‍ദ്ധന മദ്യപാനികളുടെ പോക്കറ്റ് ചോര്‍ത്തിയേക്കാനാണ് സാധ്യത. ഉപതെരഞ്ഞെ‍ടുപ്പിന് ശേഷം ഇക്കാര്യത്തില്‍ നയപരമായ തീരുമാമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
 

click me!