
ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരി വിപണിയിലെ മികച്ച തുടക്കം റിലയന്‍സ് ഗ്രൂപ്പിന് നേട്ടമായി. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ടാറ്റ ഗ്രൂപ്പിനെ പിന്നിലാക്കി റിലയന്‍സ് ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബിസിനസ് ഗ്രൂപ്പായി മാറി. ഇന്നലെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരികള്‍ ഇഷ്യു വിലയേക്കാള്‍ ഏകദേശം 27 ശതമാനം ഉയര്‍ന്നിരുന്നു. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 13 ലക്ഷം കോടി രൂപ കടന്നു. റിലയന്‍സ് ഗ്രൂപ്പിന്റെ ആകെ വിപണിമൂല്യം 30 ലക്ഷം കോടി രൂപ ഉയരാന്‍ ഇത് സഹായകരമായി. അതേസമയം, ടാറ്റ ഗ്രൂപ്പിന്റെ വിപണിമൂല്യം 25 ലക്ഷം കോടി രൂപയാണ്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ജിയോ പ്ലാറ്റ്ഫോംസിന്റെ മികച്ച അരങ്ങേറ്റം ടെലികോം മേഖലയിലും കമ്പനിക്ക് നേട്ടമുണ്ടാക്കി. വിപണിമൂല്യത്തില്‍ ഭാരതി എയര്‍ടെലിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ടെലികോം കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ് മാറിയിരുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഇന്ത്യന്‍ കമ്പനികളില്‍ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനവും ജിയോ സ്വന്തമാക്കി. മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ ഒരു ദശാബ്ദത്തിന്റെ ഭൂരിഭാഗം സമയത്തും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബിസിനസ് ഗ്രൂപ്പ് എന്ന സ്ഥാനം ടാറ്റ ഗ്രൂപ്പിനായിരുന്നു. പുതിയ മാറ്റത്തോടെ ആ സ്ഥാനമാണ് റിലയന്‍സ് ഗ്രൂപ്പ് സ്വന്തമാക്കിയത്.
ലിസ്റ്റ് ചെയ്ത ആദ്യദിവസം തന്നെ ജിയോ പ്ലാറ്റ്ഫോംസിന്റെ വിപണിമൂല്യത്തില്‍ 52,031.02 കോടി രൂപയുടെ വര്‍ധനയുണ്ടായി. 12,50,586.39 കോടി രൂപയായിരുന്ന വിപണിമൂല്യം 13,02,617.41 കോടി രൂപയായി ഉയര്‍ന്നു.ഇഷ്യു വില കണക്കിലെടുക്കുമ്പോള്‍ ജിയോ പ്ലാറ്റ്ഫോംസിന്റെ മൂല്യം ഏകദേശം 10.3 ലക്ഷം കോടി രൂപയായിരുന്നു. ഐപിഒ നടത്തിയ ഉടനെ 100 ബില്യണ്‍ ഡോളറിലധികം മൂല്യം നേടിയ മെറ്റ, ആലിബാബ, സ്പേസ് എക്സ് തുടങ്ങിയ വന്‍കിട ബിസിനസുകളുടെ നിരയിലേക്കും ജിയോ പ്ലാറ്റ്ഫോംസ് ഇതോടെ എത്തി.
ജിയോയുടെ പ്രാഥമിക ഓഹരി വില്‍പനയും വലിയ ശ്രദ്ധ നേടിയിരുന്നു. വില്‍പന ആരംഭിച്ച് വെറും 100 മിനിറ്റിനുള്ളില്‍ ഐപിഒ പൂര്‍ണമായി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ണമായി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ട ഓഹരി വില്‍പനയെന്ന നേട്ടവും ഇതോടെ ജിയോ സ്വന്തമാക്കി.സ്ഥാപന നിക്ഷേപകര്‍ക്കായി നീക്കിവച്ചിരുന്ന 5,500 കോടി രൂപയുടെ ഓഹരികള്‍ ആദ്യത്തെ 10 മിനിറ്റിനുള്ളില്‍ തന്നെ പൂര്‍ണമായി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു.