ഒരാഴ്ച കഴിഞ്ഞാല്‍ സ്കോച്ച് വിസ്‌കിക്ക് വില കുറയുമോ? 400 രൂപ വരെ ലാഭിക്കാം! ഇന്ത്യ-യുകെ വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നത് പതിനഞ്ചാം തീയതി മുതല്‍

Published : Jul 07, 2026, 05:37 PM IST
Scotch whiskey

Synopsis

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയും. ഇത് തുടക്കത്തില്‍ 5 മുതല്‍ 10 ശതമാനം വരെ വിലക്കുറവിന് കാരണമായേക്കാമെങ്കിലും, സംസ്ഥാന നികുതികളും മറ്റ് ഘടകങ്ങളും കാരണം പുതിയ വില പ്രാബല്യത്തില്‍ വരാന്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ സമയമെടുത്തേക്കാം.

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വരുന്ന 15ആം തീയതി പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ മദ്യത്തിന്റെ വിലയില്‍ കാര്യമായ കുറവുണ്ടാകാന്‍ പോകുന്നു. വിസ്‌കിയുടെയും ജിന്നിന്റെയും നിലവിലെ ഇറക്കുമതി തീരുവയായ 150 ശതമാനത്തില്‍ നിന്ന് തുടക്കത്തില്‍ 75 ശതമാനമായും, കരാറിന്റെ പത്താം വര്‍ഷത്തോടെ 40 ശതമാനമായും കുറയ്ക്കാനാണ് തീരുമാനം.

എന്നാല്‍, ഇറക്കുമതി തീരുവ പകുതിയായി കുറയുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വലിയൊരു വിലക്കുറവ് വിപണിയില്‍ പെട്ടെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഉപഭോക്താക്കള്‍ നല്‍കുന്ന അന്തിമ വിലയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇറക്കുമതി തീരുവ. സംസ്ഥാനങ്ങളിലെ എക്‌സൈസ് ഡ്യൂട്ടി, വാറ്റ്, വിതരണക്കാരുടെയും വ്യാപാരികളുടെയും ലാഭവിഹിതം, പാക്കേജിങ്, മാര്‍ക്കറ്റിംഗ് തുടങ്ങിയവയാണ് വിലയുടെ വലിയൊരു ശതമാനവും. അതിനാല്‍ വിലക്കുറവ് ഒറ്റയടിക്ക് ഉണ്ടാകില്ലെന്നും ഓരോ സംസ്ഥാനത്തും ഇത് വ്യത്യസ്തമായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു

എത്ര രൂപയുടെ കുറവുണ്ടാകും?

താമസിക്കുന്ന സംസ്ഥാനത്തെയും വാങ്ങുന്ന സ്‌കോച്ചിനെയും ആശ്രയിച്ചായിരിക്കും ലാഭം എത്രയെന്ന് തീരുമാനിക്കപ്പെടുക. തുടക്കത്തില്‍ വിലയില്‍ 5 മുതല്‍ 10 ശതമാനം വരെ കുറവുണ്ടായേക്കാം. സ്‌കോട്ട്ലന്‍ഡില്‍ തന്നെ നിർമിച്ച്, ലേബല്‍ ചെയ്ത് കുപ്പിയിലാക്കി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 'ബോട്ടില്‍ഡ്-ഇന്‍-ഒറിജിന്‍' സ്‌കോച്ച് വിസ്‌കികള്‍ക്കാണ് ഈ കരാറിലൂടെ ഏറ്റവും കൂടുതല്‍ വില കുറയുക. എന്നാല്‍, ബള്‍ക്കായി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വെച്ച് കുപ്പിയിലാക്കുന്നവയ്ക്ക് വലിയ മാറ്റമുണ്ടാകില്ല. ഇന്ത്യയില്‍ കുപ്പിയിലാക്കുന്ന സ്‌കോച്ചിന്റെ അതേ വിലയില്‍ കൂടുതല്‍ വിദേശ ബ്രാന്‍ഡുകള്‍ വിപണിയില്‍ എത്തിയേക്കും.

ഉദാഹരണത്തിന്, 750 മില്ലിലീറ്ററിന്റെ ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ (12 വര്‍ഷം പഴക്കമുള്ളത്), ഷിവാസ് റീഗല്‍ (12 വര്‍ഷം പഴക്കമുള്ളത്) എന്നീ സ്‌കോച്ച് വിസ്‌കികള്‍ക്ക് നിലവില്‍ വിപണിയില്‍ 3,888 രൂപയാണ് വില. 5-10 ശതമാനം വില കുറയുന്നതോടെ ഇതിന്റെ വില 3,499 രൂപയ്ക്കും 3,694 രൂപയ്ക്കും ഇടയിലാകും. അതായത് ഒരു കുപ്പിക്ക് 194 രൂപ മുതല്‍ 389 രൂപ വരെ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാം.

പുതിയ വില എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരും?

വിലക്കുറവുള്ള മദ്യം കടകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ ഇനിയും കാത്തിരിക്കേണ്ടി വരും. കരാര്‍ നടപ്പിലാക്കി ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ സമയമെടുത്തേക്കാം ഈ മാറ്റങ്ങള്‍ പ്രകടമാകാന്‍. പഴയ സ്റ്റോക്കുകള്‍ വിറ്റുതീര്‍ക്കുകയും, പുതിയ എം.ആര്‍.പി സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതിന് ശേഷം മാത്രമേ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു തുടങ്ങുകയുള്ളൂ.

PREV
Read more Articles on
click me!

Recommended Stories

നമ്മൾ ദിവസവും തെറ്റിച്ചു പറയുന്ന ആ പേരുകൾ! ബ്രാൻഡുകൾ ഉൽപ്പന്നങ്ങളുടെ പേരായി മാറിയതെങ്ങനെ? എന്താണ് ജെനറിസൈസ്ഡ് ട്രേഡ്മാർക്ക്?
ഓറിയോ ബിസ്‌കറ്റിന്റെ രുചിക്കും ലോറിയൽ ഷാംപൂവിന്റെ തിരിച്ചുവരവിനും പിന്നിൽ എഐ! കൺസ്യൂമർ മാർക്കറ്റിൽ വിപ്ലവം തീർത്ത് നിർമിതബുദ്ധി