നമ്മൾ പലപ്പോഴും ഉൽപ്പന്നങ്ങളുടെ യഥാർത്ഥ പേരിന് പകരം ബാൻഡ് എയ്ഡ്, സെറോക്സ് പോലുള്ള ബ്രാൻഡ് പേരുകളാണ് ഉപയോഗിക്കുന്നത്. 'ജെനറിസൈസ്ഡ് ട്രേഡ്മാർക്ക്' എന്നാണ് ഇത് അറിയപ്പെടുന്നത്. മാഗി, ഉജാല, ഹാർപിക് തുടങ്ങിയ ബ്രാൻഡുകൾ നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തി എന്നതിന് തെളിവാണ്.
ഒരു ചെറിയ മുറിവുണ്ടായെന്ന് കരുതുക. ഒരു മെഡിക്കൽ ഷോപ്പിൽ നമ്മൾ കയറിച്ചെന്ന് ആദ്യം ചോദിക്കുക ബാൻഡ് എയ്ഡ് ഉണ്ടോ എന്നായിരിക്കും. കടയിൽ നിൽക്കുന്നയാൾ സന്തോഷത്തോടെ അത് എടുത്ത് തരികയുെ ചെയ്യും. എന്നാൽ എടുത്ത് തരുന്നത് ബാൻഡ് എയ്ഡ് എന്ന കമ്പനിയുടെ അഡ്ഹസീവ് ബാന്റേജ് ആണമെന്ന് നിർബന്ധമില്ല. അതേ പോലെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ കടയിൽപ്പോകുമ്പോൾ ആദ്യം സെറോക്സ് എടുക്കാൻ എന്നാണ് മിക്കവരും പറയാറുള്ളത്.
ഉൽപ്പന്നങ്ങളുടെ യഥാർത്ഥ പേര് മറന്ന്, അവ വിപണിയിലെത്തിക്കുന്ന കമ്പനികളുടെ പേരുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതിന്റെ തെളിവാണിത്. മാർക്കറ്റിംഗ് രംഗത്ത് ഇതിനെ 'ജെനറിസൈസ്ഡ് ട്രേഡ്മാർക്ക്' (Genericized Trademark) എന്നാണ് വിളിക്കുന്നത്. ഒരു ബ്രാൻഡ് വിപണിയിൽ അത്രമേൽ സ്വാധീനം ചെലുത്തുമ്പോഴാണ് ഉൽപ്പന്നത്തിന്റെ പേരിന് പകരം ജനങ്ങൾ ആ ബ്രാൻഡ് നാമം ഉപയോഗിക്കാൻ തുടങ്ങുന്നത്. ഇത്തരത്തിൽ നമുക്കിടയിൽ ഏറെ പ്രചാരത്തിലുള്ള ഇത്തരം ബ്രാന്റുകൾ ഏതൊക്കെയാണെന്ന് നോക്കാം.
മാഗി (Maggi): ഇൻസ്റ്റന്റ് നൂഡിൽസ് എന്ന് നമ്മളിൽ എത്രപേർ പറയാറുണ്ട്? കടയിൽ പോയി 'മാഗി' എന്ന് ചോദിച്ചാൽ അവരവർക്ക് ഇഷ്ടമുള്ള ഏത് കമ്പനിയുടെ നൂഡിൽസും വാങ്ങിപ്പോരുന്നതാണ് നമ്മുടെ രീതി.
ഉജാല (Ujala): ലിക്വിഡ് ഫാബ്രിക് വൈറ്റ്നർ (Fabric Whitener) എന്ന നീലമുക്കി അലക്കുന്ന ലായനിയെ മലയാളികൾക്ക് 'ഉജാല' എന്ന് പറഞ്ഞാലേ മനസ്സിലാകൂ. ജ്യോതി ലാബ്‌സിന്റെ ഈ ബ്രാൻഡ് പേര് ഇന്ന് ആ വിഭാഗത്തിന്റെ മൊത്തം പേരാണ്.
ഹാർപിക് (Harpic): ടോയ്‌ലറ്റ് ക്ലീനർ എന്ന് പറയുന്നതിനേക്കാൾ ഇന്ത്യൻ വീടുകളിൽ ഉപയോഗിക്കുന്നത് 'ഹാർപിക്' എന്ന പേരാണ്.
ഡെറ്റോൾ (Dettol): ലിക്വിഡ് ആന്റിസെപ്റ്റികിന് പലരും ഡെറ്റോൾ എന്ന് മാത്രമേ പറയാറുള്ളൂ. മുറിവ് ഉണക്കാനും അണുവിമുക്തമാക്കാനും ഉപയോഗിക്കുന്ന ഏത് കമ്പനിയുടെ ലായനിയും നമുക്ക് ഇന്നും 'ഡെറ്റോൾ' തന്നെ.
ബാൻഡ് എയ്ഡ് (Band-Aid): ചെറിയ മുറിവുകളിൽ ഒട്ടിക്കുന്ന 'അഡ്ഹെസീവ് ബാൻഡേജ്' (Adhesive Bandage) എന്ന യഥാർത്ഥ പേര് ആർക്കുമറിയില്ല. ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ 'ബാൻഡ് എയ്ഡ്' എന്ന പേരാണ് നമ്മൾ സാർവത്രികമായി ഉപയോഗിക്കുന്നത്.
സെല്ലോ ടേപ്പ് (Cello Tape): സുതാര്യമായ പ്ലാസ്റ്റിക് ടേപ്പുകളുടെ (Clear Adhesive Tape) പൊതുവായ പേര് ഇന്ന് 'സെല്ലോ ടേപ്പ്' എന്നാണ്. സെല്ലോപ്ലാസ്റ്റ് എന്ന കമ്പനിയുടെ പേരിൽ നിന്നാണ് ഇത് ജനകീയമായത്.
വാസ്ലിൻ (Vaseline): പെട്രോളിയം ജെല്ലി (Petroleum Jelly) എന്നാണ് ഇതിന്റെ യഥാർത്ഥ പേര്. എന്നാൽ മഞ്ഞുകാലത്ത് ചുണ്ടിലും മുഖത്തും തേക്കാൻ നമ്മൾ വാങ്ങുന്നത് ഏത് ബ്രാൻഡായാലും അതിനെ 'വാസ്ലിൻ' എന്നേ വിളിക്കൂ.
സെറോക്സ് (Xerox): ഡോക്യുമെന്റുകൾ ഫോട്ടോകോപ്പി ചെയ്യുന്ന മെഷീൻ നിർമ്മിച്ച കമ്പനിയാണ് സിറോക്സ്. എന്നാൽ ഇന്ന് 'ഫോട്ടോകോപ്പി' എന്ന വാക്കിന് പകരം നമ്മൾ 'സെറോക്സ്' എന്ന വാക്കാണ് ഉപയോഗിക്കുന്നത്.
കോൾഗേറ്റ് (Colgate): ടൂത്ത്പേസ്റ്റ് എന്ന വിഭാഗത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന പേരായി കോൾഗേറ്റ് മാറി. "കോൾഗേറ്റ് തരുമോ" എന്ന് ചോദിക്കുന്ന ഉപഭോക്താക്കൾ വരെ ഇന്ത്യയിലുണ്ടെന്നത് ഈ ബ്രാൻഡിന്റെ സ്വാധീനം വ്യക്തമാക്കുന്നു.
ഡാൽഡ (Dalda) & സർഫ് (Surf): വനസ്പതിക്ക് പകരം 'ഡാൽഡ' എന്നും, അലക്കുപൊടിക്ക് പകരം 'സർഫ്' എന്നും നമ്മൾ ഇന്നും വിളിച്ചുപോരുന്നു.
ബിസ്‌ലേരി (Bisleri): പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ എന്നതിന് പകരം മലയാളി ഉൾപ്പെടെയുള്ള ഏതൊരു ഇന്ത്യക്കാരനും ആദ്യം പറയുന്ന പേര് 'ബിസ്‌ലേരി' എന്നാണ്.
കമ്പനികൾക്ക് ഇതൊരു നേട്ടമാണോ?
തുടക്കത്തിൽ ഇത് വലിയൊരു ബിസിനസ് വിജയമായി തോന്നാമെങ്കിലും, നിയമപരമായി കമ്പനികൾക്ക് ഇത് വലിയൊരു തലവേദനയാണ്. ഒരു ബ്രാൻഡ് നാമം പൊതുവായ വാക്കായി മാറുമ്പോൾ (Genericization), ആ പേരിന്മേലുള്ള പ്രത്യേക ട്രേഡ്മാർക്ക് അവകാശം കമ്പനികൾക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, 'എസ്കലേറ്റർ' (Escalator), 'തെർമോസ്' (Thermos) എന്നിവ പണ്ട് വൻകിട കമ്പനികളുടെ ബ്രാൻഡ് പേരുകളായിരുന്നുവെങ്കിലും ഇന്നവ വെറും പൊതുവായ വാക്കുകൾ മാത്രമാണ്. ഇത്തരത്തിൽ തങ്ങൾക്കും സംഭവിക്കാതിരിക്കാൻ, പ്രതിരോധിക്കാൻ 'ഗൂഗിൾ' (Google), 'സിറോക്സ്' (Xerox) തുടങ്ങിയ ആഗോള ഭീമന്മാർ തങ്ങളുടെ പേര് ഒരു ക്രിയയായി (Verb) ഉപയോഗിക്കരുതെന്ന് കാണിച്ച് പലപ്പോഴും ക്യാമ്പയിനുകൾ നടത്താറുള്ളത് ഇതിന് ഉദാഹരണമാണ്.
എന്തായാലും, ഇന്ത്യൻ ഉപഭോക്താക്കളുടെ മനസിലേക്ക് ഒരു ബ്രാൻഡ് എത്രത്തോളം ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഈ വാക്കുകൾ. ഉൽപ്പന്നം മാറിയാലും ഇന്ത്യക്കാരുടെ നാവിലെ ഈ ബ്രാൻഡ് പേരുകൾ അത്ര പെട്ടെന്നൊന്നും മാറില്ലെന്ന് ഉറപ്പാണ്.


