ലോറിയല്‍, മൊണ്ടെലെസ്, നെസ്ലെ തുടങ്ങിയ വന്‍കിട കമ്പനികള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ വികസിപ്പിക്കാനും നിര്‍മ്മാണച്ചെലവ് കുറയ്ക്കാനും ഇപ്പോള്‍ എഐയെ ആശ്രയിക്കുന്നു. ചര്‍മ്മസംരക്ഷണ തന്മാത്രകള്‍ ഷാംപൂവിലും ഉപയോഗിക്കാമെന്ന് ലോറിയലിന് കാട്ടിക്കൊടുത്തതും, ഒറിയോയുടെ പുതിയ റെസിപ്പികള്‍ കണ്ടെത്താന്‍ മൊണ്ടെലെസിനെ സഹായിച്ചതും എഐ ആണ്. 

ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ അഭിരുചികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ഓടിയെത്താന്‍ പുതിയ വഴികള്‍ തേടുകയാണ് വന്‍കിട കമ്പനികള്‍. പുതിയ ഉല്‍പ്പന്നങ്ങള്‍ വളരെ വേഗം വിപണിയില്‍ എത്തിക്കാനും നിര്‍മ്മാണ ചിലവ് കുറയ്ക്കാനും കമ്പനികള്‍ ഇപ്പോള്‍ പ്രധാനമായും ആശ്രയിക്കുന്നത് എഐയെ ആണ്. സൗന്ദര്യവര്‍ദ്ധക രംഗത്തെ മുന്‍നിരക്കാരായ ലോറിയല്‍ മുതല്‍ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ മൊണ്ടെലെസ്, നെസ്ലെ വരെയുള്ള വമ്പന്മാര്‍ തങ്ങളുടെ ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ എഐയുടെ സഹായം തേടിക്കഴിഞ്ഞു. ജൂണ്‍ അവസാനവാരം വിയന്നയില്‍ നടന്ന കണ്‍സ്യൂമര്‍ ഗുഡ്‌സ് ഫോറം ഗ്ലോബല്‍ ഉച്ചകോടിയിലാണ് കമ്പനി പ്രതിനിധികള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോറിയലിന്റെ വേഗത 4 മടങ്ങ് കൂടി!

കഴിഞ്ഞ 4 വര്‍ഷമായി ലോറിയല്‍ തങ്ങളുടെ ലാബുകളില്‍ ഉല്‍പ്പന്ന നിര്‍മ്മാണത്തിനായി എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ചര്‍മ്മസംരക്ഷണത്തിന് ഉപയോഗിക്കുന്ന മോളിക്യൂളുകള്‍ ഷാംപൂവിലും ഉപയോഗിക്കാനാകുമെന്ന് കണ്ടെത്തിയത് എഐ ആണ്. മുടിക്ക് കൂടുതല്‍ കരുത്തും കട്ടിയും നല്‍കുന്ന കൊളാജന്‍ ഷാംപൂ ഇതിനൊരു ഉദാഹരണമാണ്. പുതിയ തന്മാത്രകളുടെ സംയോജനവും അവയുടെ ഗുണങ്ങളും അതിവേഗം കണ്ടെത്താന്‍ കഴിയുന്നതിനാല്‍, ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ വേഗത നാല് മടങ്ങ് വര്‍ദ്ധിച്ചുവെന്ന് ലോറിയല്‍ പറയുന്നു. പുതിയ തന്മാത്രകള്‍ ചര്‍മ്മത്തിലും മുടിയിലും എന്ത് മാറ്റം വരുത്തുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ എഐയ്ക്ക് സാധിക്കും. വില്‍പ്പനയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് നഷ്ടം നികത്താനും പുത്തന്‍ മാറ്റങ്ങള്‍ക്കുമായി ലോറിയല്‍ സിഇഒ നിക്കോളാസ് ഹീറോണിമസ് കഴിഞ്ഞ വര്‍ഷം ഒരു 'ബ്യൂട്ടി സ്റ്റിമുലസ് പ്ലാന്‍' പ്രഖ്യാപിച്ചിരുന്നു. ഇതിന് വലിയ രീതിയില്‍ കരുത്തുപകരുന്നതാണ് എഐയുടെ കടന്നുവരവ്.

ഒറിയോ ബിസ്‌കറ്റിന്റെ രുചിക്ക് പിന്നിലും എഐ

സെന്‍സോഡൈന്‍ ടൂത്ത്പേസ്റ്റ് നിര്‍മ്മാതാക്കളായ ഹാലിയോണ്‍, പ്രശസ്തമായ നെസ്‌കഫേയുടെ ഉടമകളായ നെസ്ലെ തുടങ്ങിയ കമ്പനികളും ചേരുവകള്‍ വേഗത്തില്‍ പരിശോധിക്കാനും പുതിയ റെസിപ്പികള്‍ കണ്ടെത്താനും വിതരണ ശൃംഖലയിലെ പോരായ്മകള്‍ പരിഹരിക്കാനും എഐ ഉപയോഗിക്കുന്നുണ്ട്. കാഡ്ബറി, ടോബ്ലെറോണ്‍ തുടങ്ങിയ പ്രശസ്ത ചോക്ലേറ്റുകളുടെ നിര്‍മ്മാതാക്കളായ മൊണ്ടെലെസിന്റെ കാര്യവും വ്യത്യസ്തമല്ല. മനുഷ്യന്റെ കഴിവിനൊപ്പം എഐ കൂടി ചേരുന്നത് ഉല്‍പ്പന്ന നിര്‍മ്മാണ രംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കുകയാണെന്ന് മൊണ്ടെലെസ് പറയുന്നു.

എഐയുടെ സഹായത്തോടെ തികച്ചും വ്യത്യസ്തമായ ഐഡിയകളും റെസിപ്പികളും കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. ഇത് പിന്നീട് വിദഗ്ധര്‍ പരിശോധിച്ച് ഉറപ്പുവരുത്തും. കമ്പനിയുടെ ജനപ്രിയ ഉല്‍പ്പന്നങ്ങളായ 'ഗ്ലൂട്ടന്‍ ഫ്രീ ഗോള്‍ഡന്‍ ഒറിയോ' കുക്കീസും, 'ചിപ്സ് അഹോയ്'കുക്കീസിന്റെ പുതിയ റെസിപ്പിയും വികസിപ്പിച്ചെടുത്തത് എഐ ടൂളിന്റെ സഹായത്തോടെയാണ്. ബിസ്‌കറ്റ് നിര്‍മ്മാണത്തില്‍, എഐ ഉപയോഗിച്ച് തയ്യാറാക്കിയ 60% റെസിപ്പികളും പോഷകഗുണം, ചിലവ്, സുസ്ഥിരത എന്നീ കാര്യങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരീക്ഷണങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന സാമ്പിളുകളുടെ എണ്ണം കുറയ്ക്കാനും ഇതുവഴി കമ്പനിക്ക് സാധിച്ചു.

അസംസ്‌കൃത വസ്തുക്കള്‍ക്കായി ഒരിടത്തെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും, ഉപഭോക്താക്കളുടെ മാറുന്ന രുചികള്‍ക്കനുസരിച്ച് ഉല്‍പ്പന്നങ്ങളില്‍ വേഗത്തില്‍ മാറ്റങ്ങള്‍ വരുത്താനും എഐ സഹായിക്കുന്നുണ്ട്. മുന്‍പ് മാസങ്ങളോ വര്‍ഷങ്ങളോ എടുത്തിരുന്ന ഉല്‍പ്പന്ന നിര്‍മ്മാണം ഇപ്പോള്‍ വെറും ആഴ്ചകള്‍ കൊണ്ടോ മാസങ്ങള്‍ കൊണ്ടോ പൂര്‍ത്തിയാക്കാന്‍ കഴിയുന്നുണ്ടെന്നും മൊണ്ടെലെസ് പ്രതിനിധി വ്യക്തമാക്കി.