Latest Videos

ഒരു വർഷം, 145 ശതമാനം വരുമാന വർധനയോ! ഇത് മായമല്ല, മന്ത്രവുമല്ല, ചരിത്ര നേട്ടത്തിന്‍റെ കാരണം പറഞ്ഞ് പി രാജീവ്

By Web TeamFirst Published Sep 22, 2023, 4:33 PM IST
Highlights

വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയും സെൽഫ് ടിക്കറ്റിംഗ് മഷീനുകൾ സ്ഥാപിച്ചും യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കിയും കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു.

കൊച്ചി: കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ചത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി പി രാജീവ്. 2022-23 വർഷത്തിൽ 5.35 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് കൊച്ചി മെട്രോ നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 145 ശതമാനം വർധനവ് നേടിക്കൊണ്ടാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ  കാലത്തിനുള്ളിൽ ലാഭം നേടാൻ സാധിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്.

ഈ നേട്ടത്തിൽ കെഎംആർഎല്ലിലെ എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നുവെന്നും പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയും സെൽഫ് ടിക്കറ്റിംഗ് മഷീനുകൾ സ്ഥാപിച്ചും യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കിയും കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു.

ഡിസംബർ - ജനുവരി മാസത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവർത്തികമാകുകയും ചെയ്യുമ്പോൾ വരുമാനത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോ സംവിധാനമാക്കി കൊച്ചി മെട്രോയെ മാറ്റാൻ സഹായിക്കും. 1957 കോടി രൂപയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായുള്ള പുതുക്കിയ ഭരണാനുമതി സർക്കാർ ലഭ്യമാക്കിയതോടെ കാക്കനാട് ഭാഗത്തേക്കുള്ള മെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊച്ചി മെട്രോ 2017 ജൂണിലാണ് സർവ്വീസ് ആരംഭിച്ചത്.  കൊച്ചി മെട്രോ ആരംഭിച്ച 2017 ജൂണിൽ 59894 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്. 2017 ആഗസ്റ്റ് മാസം അത് 32603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ എണ്ണം 52254 ആയി ഉയർന്നു. 2018ൽ യാത്രക്കാരുടെ എണ്ണം നാൽപ്പതിനായിരത്തിന് മുകളിൽ പോയില്ല. എന്നാൽ 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ അറുപതിനായിരത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. മറ്റെല്ലാ മേഖലയും പോലെ കൊച്ചി മെട്രോയെയും കൊവിഡ് പ്രതിസന്ധിയിലാക്കി. കൊവിഡ് കാലത്ത് 2021 മെയ് മാസം യാത്രക്കാരുടെ എണ്ണം 5300 ആയി കുറഞ്ഞിരുന്നു.

കൊവിഡിന് ശേഷം 2021 ജൂലൈയിൽ യാത്രക്കാരുടെ എണ്ണം 12000 ആയി ഉയർന്നു. പിന്നീട് കെഎംആർഎല്ലിലെ വിവിധ വിഭാഗങ്ങളുടെ തുടർച്ചയായ പരിശ്രമം കൊണ്ടും വിവിധ പ്രചരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയും യാത്രക്കാരെ കൊച്ചി മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. 2022 സെപ്തംബറിനും നവംബറിനുമിടക്ക് യാത്രക്കാരുടെ ശരാശരി യാത്രക്കാരുടെ എണ്ണം 75000 കടന്നു. 2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80000 കടക്കുകയും പിന്നീട് സ്ഥരിതയോടെ ഉയർന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്കെത്തി. യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധന ഫെയർ ബോക്സ് വരുമാനം ഉയരുന്നതിനും സഹായകരമായി.

'അന്തവും കുന്തവും തിരിയാത്ത സാധനം, ഷോ കളിച്ച് നടക്കുന്നു'; വീണ ജോർജിനെ അധിക്ഷേപിച്ച് കെ എം ഷാജി, വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!