Latest Videos

കേരളത്തെ ഏഷ്യയിലെ ഏറ്റവും വലിയ ബ്ലോക്ചെയില്‍ കേന്ദ്രമാക്കാന്‍ കേരള ബ്ലോക്ചെയിന്‍ അക്കാദമി

By Web TeamFirst Published Sep 8, 2019, 10:16 AM IST
Highlights

ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയുടെ ആഗോള സാധ്യതകള്‍ പൊതു സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനായാണ് ഐഐഐടിഎം-കെയുടെ കീഴിലുള്ള കേരള ബ്ലോക്ചെയിന്‍ അക്കാദമി കേരള സ്റ്റാര്‍ട്ടപ് മിഷനുമായി ചേര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കേരള ബ്ലോക്ചെയിന്‍ ഇന്നൊവേഷന്‍ ക്ലബ്ബുകള്‍  (കെബിഎഐസി) തുടങ്ങിയത്.

തിരുവനന്തപുരം: കേരള ബ്ലോക്ചെയിന്‍ അക്കാദമിയുടെ കീഴിലുള്ള  ബ്ലോക്ചെയിന്‍ ഇന്നൊവേഷന്‍ ക്ലബ്ബുകള്‍ (കെബിഎഐസി) സൈപ്രസിലെ നിക്കോഷ്യ സര്‍വകലാശാല, സൈപ്രസിലെതന്നെ ബ്ലോക്ചെയിന്‍ സ്റ്റാര്‍ട്ടപ്പായ ബ്ലോക്.കോ എന്നിവയുമായി സഹകരിച്ച് സ്ഥാപിക്കുന്ന കെബിഎഐസി -ഡിസെന്‍ട്രലൈസ്ഡ് ഇന്ത്യ ചാപ്റ്ററിനു തുടക്കമായി. 

ടെക്നോപാര്‍ക്കിലെ സി-ഡാക്ക് ഓഡിറ്റോറിയത്തില്‍  മദ്രാസ് ഐഐടി പ്രൊഫസര്‍ ഡോ. ചന്ദ്രശേഖരന്‍ പാണ്ഡുരംഗന്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വമ്പിച്ച സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യയില്‍തന്നെ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിനുള്ള വലിയൊരു ചുവടുവയ്പാണ്  കെബിഎഐസി- ഡിസെന്‍ട്രലൈസ്ഡ് ചാപ്റ്ററെന്ന്  ചടങ്ങില്‍ ആധ്യക്ഷം വഹിച്ച ഐഐഐടിഎം-കെ ഡയറക്ടര്‍ ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. 

ഐഐഐടിഎം-കെയിലെ കെബിഎ പ്രൊഫസര്‍ ഇന്‍ ചാര്‍ജ് ഡോ. അഷ്റഫ് എസ്, ഡീസെന്‍ട്രലൈസ്ഡ് ഇന്ത്യ ചാപ്റ്റര്‍ മേധാവി മിഥുന്‍ കൃഷ്ണ, കെബിഎ കണ്‍വീനര്‍ ആദര്‍ശ് എസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ബ്ലോക്ചെയിന്‍ വിദഗ്ധരുമായി സഹകരിക്കാന്‍ ഇന്ത്യയിലുള്ളവര്‍ക്ക് ഈ ചാപ്റ്ററിലൂടെ കഴിയും. നിക്കോഷ്യ സര്‍വകലാശാലയാണ് (യൂണിക്) ഡിസെന്‍ട്രലൈസ്ഡ് ചാപ്റ്ററുകള്‍ ആഗോള വ്യാപകമായി ഏകോപിപ്പിക്കുന്നത്.  

ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയുടെ ആഗോള സാധ്യതകള്‍ പൊതു സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനായാണ് ഐഐഐടിഎം-കെയുടെ കീഴിലുള്ള കേരള ബ്ലോക്ചെയിന്‍ അക്കാദമി കേരള സ്റ്റാര്‍ട്ടപ് മിഷനുമായി ചേര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കേരള ബ്ലോക്ചെയിന്‍ ഇന്നൊവേഷന്‍ ക്ലബ്ബുകള്‍  (കെബിഎഐസി) തുടങ്ങിയത്.  ഡിസെന്‍ട്രലൈസ്ഡ് ആഗോള ബ്ലോക്ചെയിന്‍ വിദ്യാര്‍ഥി ശൃംഖലയാണ്. 

click me!