
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഓർമ്മക്കായി സെന്റർ നിർമിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരത്താണ് സെന്റർ നിർമിക്കാനൊരുങ്ങുന്നത്. 20 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തയത്. വിഎസിന്റെ പോരാട്ട ജീവിതം പുതുതലമുറക്ക് പകരാനാണ് സെന്റർ നിർമിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിലാണ് പ്രഖ്യാപനം.
അതേ സമയം, ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് തുക. എല്‍ഡിഎഫ് സർക്കാരിന്‍റെ കാലത്ത് ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ജനസംഖ്യയുടെ 30 ശതമാനത്തിന് വിവിധ ക്ഷേമ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒരു കോടി പേരിലേക്ക് സർക്കാർ സഹായം എത്തുന്നുണ്ടെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. കേരളത്തിൽ ദേശീയ പാത യാഥാര്‍ത്ഥ്യമാകുന്നത് പിണറായിയുടെ ഇച്ഛാശക്തി കൊണ്ടാണെന്ന് ബാലഗോപാല്‍ പറഞ്ഞു. ദേശീയ പാത നിർമ്മാണം ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്‍റെ കടം താങ്ങാവുന്ന പരിധിയിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
പത്ത് വര്‍ഷത്തിനിടെ ന്യൂ നോര്‍മൽ കേരളത്തെ കെട്ടിപടുക്കാനായെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ഏറെ സന്തോഷത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ട്. കേരളത്തെ തകര്‍ക്കാൻ വര്‍ഗീയ ശക്തികള്‍ തക്കം പാര്‍ത്തിരിക്കുകയാണ്. അതിനെ ഫലപ്രദമായി കേരളം പ്രതിരോധിക്കുകയാണ്. മത രാഷ്ട്ര വാദികള്‍ അവസരം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, കേന്ദ്രത്തിന്‍റെ സംസ്ഥാനത്തോടുള്ള അഗവണനക്കിടയിലും സംസ്ഥാനം പിടിച്ചുനിന്നു. വികസനത്തിൽ കുറവുണ്ടായിട്ടില്ല. തൊടു ന്യായം പറഞ്ഞ് കേന്ദ്രം അര്‍ഹമായ വിഹിതം വെട്ടുകയാണ്. സംസ്ഥാനത്തിന്‍റെ കടം താങ്ങാവുന്ന പരിധിയിലാണെന്നും കെഎൻ ബാലഗോപാൽ ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തിനുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണെന്നും വായ്പാ പരിധി കുറച്ചുവെന്നും തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്‍റെ ആരംഭം കുറിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണെന്നും സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്രത്തിന്‍റെ കടന്നു കയറ്റമാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.