
തിരുവനന്തപുരം : 73 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. 2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 110.73 കോടി രൂപയുടെ അറ്റാദായം നേടിയാണ് കെ.എഫ്.സി റെക്കോർഡ് സൃഷ്ടിച്ചത്. മുൻ സാമ്പത്തിക വർഷത്തെക്കാൾ (FY25) 12.81 ശതമാനം വർധനവാണ് ലാഭത്തിൽ ഉണ്ടായിരിക്കുന്നത്. വർധിച്ച വായ്പാ വിതരണവും മെച്ചപ്പെട്ട രീതിയിൽ ആസ്തി കൈകാര്യം ചെയ്തതുമാണ് ഈ പ്രകടനത്തിന് കരുത്തേകിയത്. കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായമേഖലയെയും വ്യാവസായിക വികസനത്തെയും ശക്തിപ്പെടുത്തുന്നതിൽ കോർപ്പറേഷനുള്ള പങ്ക് ഇത് ഊട്ടിയുറപ്പിക്കുന്നു. ഈ വളർച്ചയ്ക്ക് അനുസൃതമായി, കെ.എഫ്.സിയുടെ ആകെ വായ്പാ ആസ്തി 9,000 കോടി പിന്നിട്ട്, മുൻ വർഷത്തെ 8,011.99 കോടി രൂപയിൽ നിന്നും 9,080.65 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
ഈ കാലയളവിൽ കോർപ്പറേഷൻ 4,532.11 കോടി രൂപയുടെ വായ്പകൾക്ക് അനുമതി നൽകുകയും, 5,628.69 കോടി രൂപ വിതരണം ചെയ്യുകയും, 5,389.37 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഈ സാമ്പത്തിക വർഷത്തെ പ്രവർത്തനഫലം പ്രഖ്യാപിക്കുന്ന ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണ് കെ.എഫ്.സി. കോർപ്പറേഷൻ്റെ അറ്റമൂല്യം (Net worth) മുൻവർഷത്തെ 1,328.35 കോടി രൂപയിൽ നിന്ന് 1,513.13 കോടി രൂപയായി വർധിക്കുകയും മൂലധന പര്യാപ്തതാ അനുപാതം (CRAR) റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുള്ളതിനേക്കാൾ വളരെ കൂടുതലായി 30.70 ശതമാനത്തിലെത്തുകയും ചെയ്തിട്ടുണ്ട്. ഇത് കെ.എഫ്.സിയുടെ മൂലധനകരുത്തിൻ്റെയും ഭാവിയിൽ കൂടുതൽ വായ്പകൾ നൽകാനുള്ള ശേഷിയുടെയും സൂചകങ്ങളാണ്.
കെഎഫ്സിയുടെ ആസ്തി ഗുണനിലവാരസൂചികകളിലും ശ്രദ്ധേയമായ പുരോഗതിയാണുണ്ടായിരിക്കുന്നത്. മൊത്തം നിഷ്‌ക്രിയ ആസ്തി (Gross NPA) 2.67 ശതമാനത്തിൽ നിന്നും 2.32 ശതമാനമായും, അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 0.61 ശതമാനത്തിൽ നിന്നും 0.43 ശതമാനമായും കുറഞ്ഞു. കർശനമായ വായ്പാ മൂല്യനിർണ്ണയ സംവിധാനങ്ങളിലൂടെയും കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള കാര്യക്ഷമമായ നടപടികളിലൂടെയുമാണ് ഇത് സാധ്യമായത്. 2025–26 സാമ്പത്തിക വർഷത്തിലെ കെ.എഫ്.സിയുടെ ഈ റെക്കോർഡ് പ്രകടനം, സ്ഥാപനത്തിന്റെ മികച്ച സാമ്പത്തിക അച്ചടക്കം, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, കേരളത്തിന്റെ വ്യാവസായിക സംരംഭക വികസനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാണ് വ്യക്തമാക്കുന്നതെന്ന് കെ.എഫ്.സി മാനേജിംഗ് ഡയറക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ് പറഞ്ഞു.
സുതാര്യമായ വായ്പാ വിതരണം, സാങ്കേതികവിദ്യാധിഷ്ഠിതമായ പ്രവർത്തനങ്ങൾ, മികച്ച ആസ്തി കൈകാര്യം എന്നിവയിലുള്ള കോർപ്പറേഷൻ്റെ നിരന്തരമായ ശ്രദ്ധയാണ്, സാമ്പത്തിക അടിത്തറ കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ സുസ്ഥിരമായ വളർച്ച കൈവരിക്കാൻ കെ എഫ് സിയെ പ്രാപ്തരാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. താഴെത്തട്ടിലുള്ള സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കോർപ്പറേഷൻ നിലവിൽ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിക്ക് (CMEDP) കീഴിൽ അർഹരായ എം.എസ്.എം.ഇകൾക്ക് 5 ശതമാനം എന്ന സബ്സിഡി പലിശനിരക്കിൽ 2 കോടി രൂപ വരെ വായ്പ നൽകുന്നുണ്ട്. അതോടൊപ്പം, 'സ്റ്റാർട്ടപ്പ് കേരള' പദ്ധതിയിലൂടെ സ്റ്റാർട്ടപ്പുകൾക്ക് അവയുടെ വിവിധ വളർച്ചാ ഘട്ടങ്ങളിൽ ഈടില്ലാതെ 10 കോടി രൂപ വരെയുള്ള വായ്പാ സഹായവും നൽകുന്നു. ഇതിലൂടെ സംസ്ഥാനത്തുടനീളമുള്ള നൂതന സംരംഭകർക്ക് ആവശ്യമായ മൂലധനം ലഭ്യമാക്കുകയാണ് കെ.എഫ്.സിയുടെ ലക്ഷ്യം.