ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ യുവ ഏജന്റുമാര്‍ പോളിസികളുടെ എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നു. ഉയര്‍ന്ന മൂല്യമുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റ് പ്രീമിയം നേടുന്നതില്‍ പരിചയസമ്പന്നരായ മുതിര്‍ന്ന ഏജന്റുമാര്‍ തന്നെയാണ് ആധിപത്യം തുടരുന്നത്. 

അയല്‍പക്കത്തെ എല്ലാ കുടുംബങ്ങളെയും നേരിട്ടറിയുന്ന, വ്യക്തി ബന്ധങ്ങളിലൂടെ ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്ന മധ്യവയസ്‌കനായ ഏജന്റ്... പതിറ്റാണ്ടുകളായി ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖലയുടെ മുഖം ഇതായിരുന്നു. എന്നാല്‍ പുതിയ തലമുറ ആ പഴയ കഥ തിരുത്തിയെഴുതുകയാണ്. സാങ്കേതിക വിദ്യയില്‍ അറിവുള്ള യുവ ഏജന്റുമാര്‍ മുതിര്‍ന്നവരേക്കാള്‍ വളരെ കൂടുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നുണ്ടെന്നാണ് പ്രോബസ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ കൂടുതല്‍ തുകയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളും ദീര്‍ഘകാല പ്ലാനുകളും വില്‍ക്കുന്ന കാര്യത്തില്‍ ഇപ്പോഴും പരിചയസമ്പന്നരായ പഴയ ഏജന്റുമാര്‍ തന്നെയാണ് രാജാക്കന്മാര്‍!

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡിജിറ്റല്‍ യുഗത്തില്‍ ഇന്‍ഷുറന്‍സ് മേഖലയിലുണ്ടാകുന്ന വലിയൊരു മാറ്റത്തിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് യുവ ഏജന്റുമാര്‍ അതിവേഗം പോളിസികള്‍ വില്‍ക്കുമ്പോള്‍, കൃത്യമായ സാമ്പത്തിക ആസൂത്രണം ആവശ്യമുള്ള വലിയ പോളിസികള്‍ കൈകാര്യം ചെയ്യുന്നത് മുതിര്‍ന്ന ഏജന്റുമാരാണ്.

പോളിസികളുടെ എണ്ണത്തില്‍ മുന്നില്‍ യുവാക്കള്‍

റിപ്പോര്‍ട്ട് പ്രകാരം, 2026 സാമ്പത്തിക വര്‍ഷത്തില്‍ 30 വയസിന് താഴെയുള്ള പുതിയ പോയിന്റ് ഓഫ് സെയില്‍സ് പേഴ്സണ്‍സ്, 30 വയസിന് മുകളിലുള്ളവരേക്കാള്‍ ഒരാള്‍ക്ക് 68% കൂടുതല്‍ പോളിസികള്‍ വീതം വിറ്റിട്ടുണ്ട്. പ്രോബസ് പ്ലാറ്റ്ഫോമില്‍ പുതുതായി എത്തിയ ഏജന്റുമാരില്‍ 41 ശതമാനവും ഇവരായിരുന്നു. ഇന്ത്യയുടെ ഇന്‍ഷുറന്‍സ് വിതരണ ശൃംഖലയില്‍ ഡിജിറ്റല്‍ പരിജ്ഞാനമുള്ള യുവാക്കളുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

ഈ കാലയളവില്‍ പ്രോബസ് വിറ്റ 23 ലക്ഷം പോളിസികളില്‍ 1.95 ലക്ഷവും വിറ്റത് ഈ യുവ ഏജന്റുമാരാണ്. സാധാരണക്കാര്‍ക്കുള്ള റീട്ടെയില്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളിലാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. യുവാക്കള്‍ വിറ്റ പോളിസികളില്‍ 78 ശതമാനവും മോട്ടോര്‍ ഇന്‍ഷുറന്‍സാണ്. 15 ശതമാനം ലൈഫ് ഇന്‍ഷുറന്‍സും 4 ശതമാനം എസ്എംഇ ഇന്‍ഷുറന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍, തങ്ങളുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകരേക്കാള്‍ 18.3% കൂടുതല്‍ പോളിസികള്‍ ജെന്‍ സി ഏജന്റുമാര്‍ വിറ്റിട്ടുണ്ട്. ആദ്യമായി ഇന്‍ഷുറന്‍സ് എടുക്കുന്ന നിരവധി പേരിലേക്ക് എത്താന്‍ ഇത് കമ്പനികളെ സഹായിച്ചു.

'വലിയ മീനുകളെ' പിടിക്കുന്നത് പരിചയസമ്പത്ത്

പോളിസികളുടെ എണ്ണത്തില്‍ യുവാക്കള്‍ തിളങ്ങിയെങ്കിലും, ബിസിനസ് മൂല്യത്തിന്റെ കാര്യത്തില്‍ പരിചയസമ്പന്നരായ ഏജന്റുമാര്‍ ബഹുദൂരം മുന്നിലാണ്. സമാഹരിച്ച ആകെ പ്രീമിയം തുകയുടെ 64 ശതമാനവും നേടിയത് 30 വയസും അതില്‍ കൂടുതലുമുള്ള ഏജന്റുമാരാണ്. കൂടിയ തുകയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നതില്‍ അവര്‍ക്കുള്ള മിടുക്കാണ് ഇത് കാണിക്കുന്നത്.

ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം തുകയുടെ കാര്യത്തില്‍ യുവാക്കളേക്കാള്‍ 270% മുന്നിലാണ് മുതിര്‍ന്ന ഏജന്റുമാര്‍. ഉപഭോക്താക്കളുമായി വിശദമായി സംസാരിച്ച് സാമ്പത്തിക ആസൂത്രണവും ദീര്‍ഘകാല പ്ലാനിങ്ങും നല്‍കേണ്ട കാര്യങ്ങളില്‍ ഇവരുടെ പരിചയസമ്പത്ത് തന്നെയാണ് നിര്‍ണായകമാകുന്നത്. ഇവരുടെ വില്‍പനയുടെ കണക്കെടുത്താല്‍ 53% മോട്ടോര്‍ ഇന്‍ഷുറന്‍സും, 31% ലൈഫ് ഇന്‍ഷുറന്‍സും, 10% എസ്എംഇ കൊമേഴ്‌സ്യല്‍ ഇന്‍ഷുറന്‍സുമാണ്.

ഡിജിറ്റല്‍ യുഗത്തിലെ മാറ്റങ്ങള്‍

ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്ന രീതിയെ സാങ്കേതികവിദ്യ മാറ്റിമറിക്കുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഡിജിറ്റല്‍ ടൂളുകളും ഓണ്‍ലൈന്‍ വഴിയുള്ള വില്‍പനയും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്ന യുവ ഏജന്റുമാര്‍, സാധാരണ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ വില്‍ക്കാന്‍ കമ്പനികളെ സഹായിക്കുന്നു. അതേസമയം ലൈഫ് ഇന്‍ഷുറന്‍സ്, കുടുംബത്തിന്റെ സുരക്ഷ, ബിസിനസ് ഇന്‍ഷുറന്‍സ് തുടങ്ങി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തതയും ഉപദേശവും ആവശ്യമുള്ള കാര്യങ്ങളില്‍ മുതിര്‍ന്ന ഏജന്റുമാര്‍ തങ്ങളുടെ സുപ്രധാന പങ്ക് തുടരുകയാണ്. ഇവിടെ വ്യക്തിബന്ധങ്ങള്‍ക്കും വിശ്വാസത്തിനുമാണ് പ്രാധാന്യം.

ചുരുക്കത്തില്‍, മുതിര്‍ന്ന ഏജന്റുമാരെ മാറ്റിനിര്‍ത്തുകയല്ല, മറിച്ച് അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് പുതിയ തലമുറ ചെയ്യുന്നത്. സാങ്കേതിക വിദ്യയിലൂടെ വേഗത്തില്‍ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍ യുവാക്കള്‍ സഹായിക്കുമ്പോള്‍, വലിയ തുകയുടെ ഇന്‍ഷുറന്‍സ് പ്ലാനുകളിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച സാമ്പത്തിക ഉപദേശം നല്‍കാന്‍ മുതിര്‍ന്നവരും സഹായിക്കുന്നു.