BEVCO : പൂട്ടിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാൻ ബെവ്‌കോ; നീണ്ട ക്യൂവിന് ഇനി പരിഹാരം

By Web TeamFirst Published May 18, 2022, 12:14 PM IST
Highlights

അടച്ചുപൂട്ടിയ ഔട്ട്‌ലെറ്റുകൾ പ്രീമിയം ഷോപ്പുകളായി വീണ്ടും തുറക്കാനും വാക്ക്-ഇൻ സൗകര്യം നൽകാനും  ബെവ്‌കോ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. 

തിരുവനന്തപുരം : മദ്യശാലകൾക്ക് മുന്നിലെ ക്യൂ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ ഔട്ട്‌ലെറ്റുകള്‍ തുറക്കാൻ ബെവ്കോ. പുതിയ മദ്യനയത്തിന്റെ ഭാഗമായി നേരത്തേ പൂട്ടിയ 68 ഔട്ട്‌ലെറ്റുകൾ വീണ്ടും തുറക്കും. മദ്യഷാപ്പുകളിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഔട്ട്‌ലെറ്റുകൾ അനുവദിച്ചതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

അടച്ചുപൂട്ടിയ ഔട്ട്‌ലെറ്റുകൾ പ്രീമിയം ഷോപ്പുകളായി വീണ്ടും തുറക്കാനും വാക്ക്-ഇൻ സൗകര്യം നൽകാനും  ബെവ്‌കോ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഈ വർഷം ആദ്യം ബെവ്‌കോയ്ക്ക് 1,608.17 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് സംസ്ഥാന-ദേശീയ പാതകളുടെ 500 മീറ്റർ പരിധിയിലുള്ള ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടിയതാണ് നഷ്ടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

ലൈസന്‍സ് അനുവദിച്ച അതേ താലൂക്കില്‍ ഔട്ട്‌ലെറ്റുകള്‍ പുനരാരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു താലൂക്കിലേക്ക് മാറ്റാനും അനുവദിച്ചിട്ടുണ്ട്. പുതിയ  ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതോടെ മദ്യശാലകളിലെ നീണ്ട ക്യൂ കുറയുമെന്നാണ് പ്രതീക്ഷ. 

വിവിധ ജില്ലകളിൽ പുനരാരംഭിക്കാന്‍ സാധ്യതയുള്ള ഔട്ട്‌ലെറ്റുകളുടെ എണ്ണം

എറണാകുളം (8), ഇടുക്കി (8), കൊല്ലം, കോഴിക്കോട്, കോട്ടയം, പാലക്കാട് (6 വീതം), തിരുവനന്തപുരം, തൃശൂർ (5 വീതം), ആലപ്പുഴ, വയനാട്. കൂടാതെ കണ്ണൂർ (4 വീതം), മലപ്പുറം (3), കാസർകോട് (2), പത്തനംതിട്ട (1).

Read Also : Gold price today : സ്വർണം വാങ്ങാം ഏറ്റവും കുറഞ്ഞ നിരക്കിൽ; കുത്തനെ ഇടിഞ്ഞ് സ്വർണവില

click me!