പ്രവാസികളുടെ പുനരധിവാസം; വ്യക്തതയില്ലാതെ സർക്കാർ; പഠനം പൂർത്തിയാക്കാൻ മാസങ്ങളെടുക്കും

Web Desk   | Asianet News
Published : May 09, 2020, 02:45 PM ISTUpdated : May 09, 2020, 02:52 PM IST
പ്രവാസികളുടെ പുനരധിവാസം; വ്യക്തതയില്ലാതെ സർക്കാർ; പഠനം പൂർത്തിയാക്കാൻ മാസങ്ങളെടുക്കും

Synopsis

നിതാഖത്ത് പ്രതിസന്ധിക്ക് ശേഷം തുടങ്ങിയ സ്വയം തൊഴിൽ പദ്ധതികളും വായ്പാ സഹായവും മാത്രമാണ് ഇപ്പോൾ മടങ്ങിയെത്തുന്നവർക്ക് ആശ്രയം

തിരുവനന്തപുരം: പ്രവാസി നിക്ഷേപങ്ങൾക്ക് വലിയ ഇളവുകൾ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമ്പോഴും ജോലി നഷ്ടപ്പെട്ട് എത്തുന്നവരുടെ പുനരധിവാസത്തിൽ വ്യക്തതയില്ല. തൊഴിൽ മേഖലകൾ തിരിച്ചുള്ള പഠനങ്ങൾ പൂർത്തിയാക്കാൻ മാസങ്ങളെടുക്കും. നിതാഖത്ത് പ്രതിസന്ധിക്ക് ശേഷം തുടങ്ങിയ സ്വയം തൊഴിൽ പദ്ധതികളും വായ്പാ സഹായവും മാത്രമാണ് ഇപ്പോൾ മടങ്ങിയെത്തുന്നവർക്ക് ആശ്രയം.

സംരഭങ്ങൾക്കായി ആറ് വർഷം കൊണ്ട് ചിലവഴിച്ചത് 50 കോടി രൂപയാണ്. 2019 ൽ 1043 പേർക്ക് 15 കോടി രൂപയുടെ സഹായം നൽകി. വായ്പകൾക്ക് നിലവിൽ 15 ശതമാനം സബ്സിഡിയും പലിശയ്ക്ക് മൂന്ന് ശതമാനം സബ്സിഡിയുമാണ് നൽകുന്നത്. കൃഷി, കച്ചവടം, നിർമ്മാണം, ടാക്സി സർവ്വീസ് എന്നീ മേഖലകളിലാണ് നിലവിൽ വായ്പ ലഭ്യമാക്കുന്നത്. ഇതുവരെ 3679 പേർക്ക് സഹായം ലഭിച്ചു. അതേസമയം കൊവിഡ് കാലത്ത് മാത്രം വിദേശത്ത് നിന്ന് മടങ്ങാനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം നാലര ലക്ഷം കടന്നുവെന്നാണ് കണക്ക്.

മടങ്ങി വരുന്ന പ്രവാസികൾക്ക് നിക്ഷേപ സൗഹൃദ വാഗ്‌ദാനങ്ങൾ നിരവധിയാണ്. നിക്ഷേപങ്ങൾക്ക് പ്രത്യേക അനുമതി, ലൈസൻസിന് ഒരു വർഷം സാവകാശം, വൻ പദ്ധതികൾക്ക് ഭൂമി, മറ്റ് ചട്ടങ്ങളിലെ ഇളവുകൾ തുടങ്ങിയവയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ തൊഴിൽ നഷ്ടപ്പെട്ട് വരുന്ന സാധാരണക്കാർ എന്തുചെയ്യണമെന്ന കാര്യത്തിൽ സർക്കാർ മാർഗരേഖ തയ്യാറായിട്ടില്ല. 2006-2009 കാലത്തെ ആഗോള സാമ്പത്തിക പ്രതിസന്ധി, 2013 ലെ നിതാഖത്ത് ഇവ രണ്ടുമാണ് കേരളം ഒടുവിൽ നേരിട്ട വെല്ലുവിളികൾ. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ മുൻപത്തേക്കാൾ കൂടുതൽ പേർ മടങ്ങാൻ സാദ്ധ്യതയുണ്ടെന്ന് കരുതുന്നു.

തിരികെ വരുന്നവർക്കായി നിതാഖത്തിന് ശേഷം നോർക്ക ആരംഭിച്ച സംരംഭക പദ്ധതികളാണ് ഇപ്പോഴുമുള്ളത്. 30 ലക്ഷം വരെ ചെലവുള്ള സംരഭങ്ങൾക്ക് മൂന്ന് ലക്ഷം രൂപവരെ സബ്സിഡി കിട്ടും. കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കും. കൃഷി, കച്ചവടം, നിർമ്മാണ മേഖല, ടാക്സി സർവ്വീസ് എന്നീ മേഖലകൾക്കാണ് സഹായം. അറുപത് വയസ് പിന്നിട്ട ക്ഷേമ നിധി അംഗങ്ങൾക്ക് 3000 രൂപ പെൻഷനും നൽകും.

ഒരുലക്ഷം പേർ ജോലി നഷ്ടപ്പെട്ട് മടങ്ങുമെന്നാണ് പ്രാഥമിക കണക്ക്. വരുമാനം നഷ്ടമാകുന്നത് ഒരു ലക്ഷം കുടുംബങ്ങൾക്കാവും. സർക്കാർ എന്താണ് മുന്നോട്ട് വയ്ക്കുന്നുവെന്നതാണ് പ്രധാനം. കഴിഞ്ഞ ആറ് വർഷം സർക്കാർ സംരഭങ്ങൾക്ക് അപേക്ഷ നൽകിയവരിൽ അഞ്ച് ശതമാനം മാത്രമാണ് ഗുണഭോക്താക്കൾ. ഇനിയും ഈ രീതി മതിയോ എന്നതും പ്രധാന ചോദ്യമാണ്. കൊവിഡ് സ്ഥിതി മെച്ചപ്പെട്ടാൽ ഗൾഫിൽ നിന്നടക്കം അൻപത് ശതമാനം പേർ മടങ്ങുമെന്നാണ് കണക്കു കൂട്ടൽ. കൊവിഡ് സംബന്ധിച്ച അനിശ്ചിതത്വം സമഗ്രമായ പുനരധിവാസ പദ്ധതി തയ്യാറാക്കുന്നതിനും വെല്ലുവിളിയാണ്. 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ