മൈസ് ടൂറിസത്തിന് പുത്തന്‍ വിപണി, ചാമ്പ്യന്‍സ് ബോട്ട് ലീഗ് വിപ്ലവകരമായ മാറ്റമുണ്ടാക്കും: നൂതന ഉല്‍പ്പന്നങ്ങളുമായി 'കേരള ട്രാവല്‍ മാര്‍ട്ട് 2020'

By Web TeamFirst Published Oct 18, 2019, 4:03 PM IST
Highlights

2018 ലെ കാലാവസ്ഥാ പ്രതിസന്ധിയ്ക്ക് ശേഷം നടത്തിയ കേരള ട്രാവല്‍ മാര്‍ട്ട് ടൂറിസം വ്യവസായത്തിന് പുതിയ ഉത്തേജനമാണ് നല്‍കിയത്. ഇതിന്‍റെ ചുവടു പിടിച്ച് അന്താരാഷ്ട്ര- ആഭ്യന്തര സഞ്ചാരികളെ ലക്ഷ്യമിട്ടു കൊണ്ട് പുതിയ ടൂറിസം ഉല്‍പ്പന്നങ്ങള്‍ ട്രാവല്‍ മാര്‍ട്ടില്‍ അവതരിപ്പിക്കും. 

തിരുവനന്തപുരം: അടുത്തവര്‍ഷം സെപ്തംബര്‍ 24 മുതല്‍ 27 വരെ കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ പതിനൊന്നാം പതിപ്പില്‍ ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായി നൂതന ഉല്‍പ്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും. സാഹസിക വിനോദസഞ്ചാരം, മൈസ് ടൂറിസം, ചാമ്പ്യന്‍സ് ബോട്ട് ലീഗ് എന്നിവയ്ക്ക് പുത്തന്‍ വിപണി കണ്ടെത്തുന്നതിനൊപ്പം ആഗോളതലത്തില്‍ മികച്ച ബയേഴ്സിനെ കണ്ടെത്തുന്നതിനുമാണ് 'കേരള ട്രാവല്‍ മാര്‍ട്ട് 2020' പ്രാമുഖ്യം നല്‍കുന്നതെന്ന് സഹകരണ ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍റിലെ സാഗര, സമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നാല് ദിവസമാണ് പ്രദര്‍ശനവും കൂടിക്കാഴ്ചകളും ഒരുക്കുന്നത്. രണ്ട് ദിവസം അന്താരാഷ്ട്ര ബയേഴ്സ്, മൈസ് (MICE -മീറ്റിങ്സ്, ഇന്‍സെന്‍റീവ്സ്, കണ്‍വെന്‍ഷന്‍സ് ആന്‍ഡ് എക്സിബിഷന്‍സ്), കോര്‍പറേറ്റ് മേഖലകളിലുള്ളവര്‍ക്ക്  പ്രത്യേകം കൂടിക്കാഴ്ചകള്‍ക്കായും രണ്ട് ദിവസം ആഭ്യന്തര ബയര്‍മാര്‍ക്കും മറ്റ് അനുബന്ധ സേവനദാതാക്കള്‍ക്കുമുള്ള മീറ്റിങ്ങുകള്‍ക്കായും മാറ്റിവയ്ക്കും. അവസാന ദിവസം ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങള്‍ക്ക് മാര്‍ട്ട് കാണാന്‍ അവസരം ഒരുക്കും. 

2018 ലെ കാലാവസ്ഥാ പ്രതിസന്ധിയ്ക്ക് ശേഷം നടത്തിയ കേരള ട്രാവല്‍ മാര്‍ട്ട് ടൂറിസം വ്യവസായത്തിന് പുതിയ ഉത്തേജനമാണ് നല്‍കിയത്. ഇതിന്‍റെ ചുവടു പിടിച്ച് അന്താരാഷ്ട്ര- ആഭ്യന്തര സഞ്ചാരികളെ ലക്ഷ്യമിട്ടു കൊണ്ട് പുതിയ ടൂറിസം ഉത്പന്നങ്ങള്‍ ട്രാവല്‍ മാര്‍ട്ടില്‍ അവതരിപ്പിക്കും. 

സംസ്ഥാനത്തെ ടൂറിസം ഉല്‍പ്പന്നങ്ങളില്‍ വിപ്ലവകരമായ മാറ്റമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി വഴി കൈവരിക്കാന്‍ പോകുന്നത്. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള ഓഫ് സീസണിലും സഞ്ചാരികളെ കേരളത്തിലെക്കെത്തിക്കുന്നതിന് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) മുഖ്യ പങ്കുവഹിക്കും. കഴിഞ്ഞ ഓഗസ്റ്റില്‍ തുടങ്ങിയ സിബിഎല്‍ ഇതിനോടകം പത്തു ലക്ഷത്തിലധികം കാണികളെ ആകര്‍ഷിച്ചു കഴിഞ്ഞതായും ടൂറിസം മന്ത്രി വ്യക്തമാക്കി.

സാഹസിക വിനോദസഞ്ചാരമാണ് കെടിഎം 2020 മുന്നോട്ട് വയ്ക്കുന്ന മറ്റൊരു ഉല്‍പ്പന്നം. ട്രക്കിംഗ്, പര്‍വ്വതാരോഹണം, റിവര്‍ റാഫ്റ്റിങ്, പാരാ ഗ്ലൈഡിംഗ്, ഓഫ് റോഡിംഗ് തുടങ്ങിയ നിരവധി നവീന ഉത്പന്നങ്ങളാണ് സംസ്ഥാനത്ത് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കെടിഎമ്മിന്‍റെ പിന്തുണയോടെ അന്താരാഷ്ട്ര രംഗത്ത് കൂടുതല്‍ പ്രചാരം ഇവയ്ക്ക് ലഭ്യമാകും.

അന്താരാഷ്ട്ര മേളകള്‍ക്ക് വേദിയാകാനുള്ള എല്ലാ അടിസ്ഥാന സൗകര്യവും കേരളത്തിലുണ്ട്. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മൈസ് ടൂറിസത്തിന് പുത്തന്‍ വിപണി കണ്ടെത്താന്‍ കെടിഎം 2020 ഊന്നല്‍ നല്‍കും. ഇന്ത്യ കണ്‍വെന്‍ഷന്‍ പ്രൊമോഷന്‍ ബ്യൂറോ (ഐസിപിബി) കേരള ചാപ്റ്റര്‍ ഇതിന് നേതൃത്വം നല്‍കും. ‘മീറ്റിങ്‌സ്, ഇൻസെന്റീവ്‌സ്, കൺവെൻഷൻസ്, എക്സിബിഷൻസ്’എന്നിവയുടെ ചുരുക്കപ്പേരാണ് ‘മൈസ്'.

click me!