കേരളം വിട്ടു പോകുമെന്ന വാർത്ത വന്നു, കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം!

By Web TeamFirst Published Jul 9, 2021, 1:38 PM IST
Highlights

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയില്‍ 15 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 13 ശതമാനത്തോളമാണ് വില കൂടിയിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഓഹരിവിലയിലെ കുതിച്ചുചാട്ടം.

കോഴിക്കോട്/ കൊച്ചി: കേരളം വിട്ടുപോകുന്നെന്ന വാർത്തകളും വിവാദങ്ങളും വന്നതിന് പിന്നാലെ കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയില്‍ 15 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 13 ശതമാനത്തോളമാണ് വില കൂടിയിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഓഹരിവിലയിലെ കുതിച്ചുചാട്ടം. 

കഴിഞ്ഞ ഒരു മാസം കിറ്റക്സിന്‍റെ ഓഹരിവില കൂടിയത് 6 രൂപ മാത്രമാണ്. എന്നാൽ ഇന്നലെ ഒറ്റ ദിവസം കൊണ്ട് കൂടിയത് 15 രൂപ. 

കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്സ് ഗ്രൂപ്പ് ഹൈദരാബാദിലാണിപ്പോഴുള്ളത്. കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ  സംഘമാണ് തെലങ്കാന സർക്കാരുമായി ചർച്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് ഇവർ ഹൈദരാബാദിലെത്തിയത്. നിക്ഷേപം നടത്താൻ വൻ ആനുകൂല്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്സ് എംഡി ടെലിഫോണിൽ സംസാരിച്ചിരുന്നു. വിമാനത്താവളത്തിൽ സാബു ജേക്കബിനെയും സംഘത്തെയും തെലങ്കാന വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു. ചർച്ച പുരോഗമിക്കുകയാണ്. 

Read More: 'കേരളം വിട്ടുപോണമെന്ന് വിചാരിച്ചതല്ല, എന്നെ ചവിട്ടിപ്പുറത്താക്കുകയാണ്', സാബു എം ജേക്കബ്

click me!