Asianet News MalayalamAsianet News Malayalam

'കേരളം വിട്ടുപോണമെന്ന് വിചാരിച്ചതല്ല, എന്നെ ചവിട്ടിപ്പുറത്താക്കുകയാണ്', സാബു എം ജേക്കബ്

''വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് തെലങ്കാന. അവർ സ്വകാര്യ ജെറ്റയച്ച് സർക്കാർ തലത്തിൽ ചർച്ചയ്ക്ക് ഇങ്ങോട്ട് ക്ഷണിച്ചു. അതുകൊണ്ടാണ് ആദ്യം അങ്ങോട്ട് പോകാൻ തീരുമാനിച്ചത്''

kitex sabu jacob on why he is leaving kerala to start a new project in telengana
Author
Kochi, First Published Jul 9, 2021, 10:10 AM IST

കൊച്ചി: താനൊരിക്കലും കേരളം വിട്ട് പോകും എന്ന് കരുതിയതല്ലെന്നും, തന്നെ കേരളത്തിൽ നിന്ന് ചവിട്ടിപ്പുറത്താക്കുകയാണെന്നും കിറ്റക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ്. തന്നെ മൃഗത്തെപ്പോലെ വേട്ടയാടി. പിടിച്ച് നിൽക്കാൻ പരമാവധി ശ്രമിച്ചു. സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാനല്ല ഈ യാത്രയെന്നും, ഇനിയും സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സാബു എം ജേക്കബ് പറഞ്ഞു. വ്യവസായ മന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് സാബു എം ജേക്കബ് നടത്തിയത്. പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ നിലവിലുള്ള വ്യവസായം കേരളത്തിന്‌ പുറത്തേക്ക് മാറ്റുന്നത് ആലോചിക്കുമെന്നും കിറ്റക്സ് എംഡി മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്സ് ഗ്രൂപ്പ് ഹൈദരാബാദിലേക്ക് പോകവേയാണ് പ്രതികരണം. 

കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ  സംഘമാണ് തെലങ്കാന സർക്കാരുമായി ചർച്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര. നിക്ഷേപം നടത്താൻ വൻ ആനൂകൂല്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്സ് എംഡി ടെലിഫോണിൽ സംസാരിച്ചിരുന്നു.

സാബു എം ജേക്കബിന്‍റെ വാക്കുകളിങ്ങനെ:

''എന്നെ മൃഗത്തെപ്പോലെ വേട്ടയാടുകയായിരുന്നു. കേരളം വിട്ടുപോകുമെന്ന് ഞാനൊരിക്കലും കരുതിയതല്ല. വിട്ടുപോകണമെന്ന് കരുതിയതുമല്ല. എന്‍റെ കാര്യം നോക്കാൻ എനിക്കറിയാം. പക്ഷേ കേരളത്തിൽ നിക്ഷേപം നടത്തുന്ന ചെറുപ്പക്കാരായ സംരംഭകരെ ഓർത്ത് എനിക്ക് വേദനയുണ്ട്. ഇങ്ങനെ പോയാൽ പുതിയ തലമുറയെ ഓർത്ത് നമ്മൾ ദുഃഖിക്കേണ്ടി വരും. ഇത് തന്‍റെ പ്രതിഷേധമല്ല, ഇഷ്ടമുണ്ടായിട്ടല്ല പോകുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് തെലങ്കാന. അവർ സ്വകാര്യ ജെറ്റയച്ച് സർക്കാർ തലത്തിൽ ചർച്ചയ്ക്ക് ഇങ്ങോട്ട് ക്ഷണിച്ചു. അതുകൊണ്ടാണ് ആദ്യം അങ്ങോട്ട് പോകാൻ തീരുമാനിച്ചത്'', സാബു എം ജേക്കബ് പറഞ്ഞു. 

വ്യവസായമന്ത്രി പി രാജീവിനെതിരെ രൂക്ഷവിമർശനമാണ് സാബു എം ജേക്കബ് നടത്തിയത്. ''3500 കോടി രൂപയുടെ നിക്ഷേപപദ്ധതി ഉപേക്ഷിച്ചുവെന്ന് താൻ പറഞ്ഞപ്പോൾ ഒരാൾ പോലും തന്നെ വിളിച്ചില്ല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ യോഗം വിളിച്ചുവെന്ന് പറഞ്ഞു. എന്നിട്ടെന്തുണ്ടായി? യോഗശേഷം പുറത്തുവന്ന വ്യവസായമന്ത്രി ഉദ്യോഗസ്ഥർ ചെയ്തതെല്ലാം ശരിയാണെന്ന് പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. ആരോട് പരാതി പറയാൻ? എത്രയോ ദിവസമായി വേദനയോടെ ഇതെല്ലാം സഹിക്കുന്നു. ഇനിയില്ല'', എന്ന് സാബു എം ജേക്കബ്. 

Follow Us:
Download App:
  • android
  • ios