
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ദൊറോത്തി എന്ന തമിഴ് ചിത്രം ലോകമെമ്പാടും വലിയ ചർച്ചകളിൽ നിറയുകയാണ്. ചിത്രത്തിൽ കാർത്തിയുടെയും സുബ്ബുവിന്റെയും സൗഹൃദത്തിന്റെ ആഴം കാണിക്കുന്ന ഒരു രംഗമുണ്ട്. ഇതിൽ പൊറോട്ടയാണ് പ്രധാന ഒബ്ജക്ട് ആയി വരുന്നത്... ബാക്കി പറഞ്ഞാൽ സ്പോയിലർ ആകും...
ഇനി കേരളത്തിലേക്ക് വരാം..നല്ല ചൂടുള്ള, നൂല്‍ നൂലായി അടര്‍ത്തിമാറ്റാന്‍ പറ്റിയ ഒരു പൊറോട്ട... അതിന്റെ കൂടെ നല്ല നാടന്‍ മസാലക്കൂട്ടില്‍ തയാറാക്കിയ ബീഫ് റോസ്റ്റ്, ആലോചിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നുണ്ടല്ലേ? ലോകമെമ്പാടുമുള്ള മലയാളികളുടെ വീക്‌നെസ് ആണ് ഈ പറഞ്ഞ ഐറ്റം. എവിടെ നിന്നാണ് ഈ പൊറോട്ട നമ്മുടെ മുന്നില്‍ എത്തിയത്?
പൊറോട്ടയുടെ ജനനം നമ്മുടെ നാട്ടില്‍ ആണെന്ന് കരുതിയെങ്കില്‍ തെറ്റി! ചരിത്രകാരന്മാര്‍ പറയുന്നത് പൊറോട്ട പല വഴികളിലൂടെ സഞ്ചരിച്ച് മലയാളികളുടെ ഹൃദയം കീഴടക്കിയ ഒന്നാണെന്നാണ്. കൃത്യമായ ഒരു ചരിത്രം ഇല്ലെങ്കിലും, പ്രധാനമായും മൂന്ന് തിയറികളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. എഴുത്തുകാരനായ കൃഷ് അശോക് പറയുന്നതനുസരിച്ച്, 1940കളില്‍ തിരുവിതാംകൂറില്‍ വലിയൊരു ഭക്ഷ്യക്ഷാമം ഉണ്ടായ കാലത്താണ് പൊറോട്ടയുടെ വരവ് എന്നാണ്. അന്ന് കേരളത്തിലെ മീന്‍പിടിത്തക്കാര്‍ ശ്രീലങ്കയിലെ ജാഫ്‌നയിലേക്ക് കപ്പലില്‍ പോകുമായിരുന്നു. അവിടെ അവര്‍ 'വീച്ചു പൊറോട്ട' എന്ന് വിളിക്കുന്ന, മൈദ കൊണ്ട് ഉണ്ടാക്കിയ നേര്‍ത്ത ലെയറുകളുള്ള ഒരു പലഹാരം കണ്ടു. ബ്രിട്ടീഷുകാര്‍ ഗോതമ്പ് ഭക്ഷണങ്ങള്‍ പ്രോത്സാഹിപ്പിച്ച ആ കാലത്ത്, അവര്‍ ഈ റെസിപ്പി കേരളത്തിലേക്ക് കൊണ്ടുവന്നു. അങ്ങനെയാണ് പൊറോട്ട നമ്മുടെ മണ്ണില്‍ വേരുറപ്പിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്.
പണ്ട് കാലത്ത് കേരളത്തില്‍ ഗോതമ്പ് വ്യാപകമായി കൃഷി ചെയ്തിരുന്നില്ല അപ്പോള്‍ പിന്നെ മൈദ കൊണ്ടുള്ള ഈ പൊറോട്ട എങ്ങനെയെത്തി? പണ്ടേയുള്ള കടല്‍ മാർഗമുള്ള കച്ചവടത്തിലൂടെ അറബ് നാടുകളില്‍ നിന്നും വന്ന നാവികരാണ് ഈ ലെയേര്‍ഡ് ബ്രെഡ് ഉണ്ടാക്കുന്ന വിദ്യ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് മറ്റൊരു വാദം.
നോര്‍ത്ത് ഇന്ത്യയിലെ 'ലച്ചാ പറാട്ടയുടെ' ഒരു കസിനാണ് നമ്മുടെ പൊറോട്ട എന്ന് വിശ്വസിക്കുന്നവരുണ്ട്. മൈദയും ലെയറുകളും ഒക്കെ നോക്കുമ്പോള്‍ ഇത് സാമ്യമുള്ളതാണെങ്കിലും, ചരിത്രപരമായി ഇത് വലിയ പ്രാബല്യമുള്ള തിയറിയല്ല.
ഇന്ന് പൊറോട്ട വെറുമൊരു ഭക്ഷണമല്ല, കോടികളുടെ ബിസിനസ് നടക്കുന്ന വിഭവമാണ്! കേരളത്തിലെ വഴിയോരങ്ങളിലെ കൊച്ചു തട്ടുകടകള്‍ മുതല്‍ വലിയ റെസ്റ്റോറന്റുകള്‍ വരെ ആളുകളെ ആകര്‍ഷിക്കുന്നത് ഈ ചൂടുള്ള പൊറോട്ടയുടെ മണമാണ്. രാത്രികാലങ്ങളില്‍ വിശപ്പടക്കാന്‍ എത്തുന്ന തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും ഏറ്റവും കുറഞ്ഞ ചിലവില്‍ വയറുനിറയെ ഭക്ഷണം നല്‍കുന്നത് ഈ പൊറോട്ടയാണ്.
മാത്രമല്ല, ഗള്‍ഫ് നാടുകളിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും മലയാളി റെസ്റ്റോറന്റുകളുടെ വിജയത്തിന്റെ പ്രധാന രഹസ്യവും ഈ പൊറോട്ട തന്നെയാണ്. ഇന്ന് കടകളില്‍ പോയി കുഴച്ച് ഉണ്ടാക്കേണ്ട ബുദ്ധിമുട്ടുമില്ല; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 'ഫ്രോസന്‍ പൊറോട്ടകള്‍' ലഭ്യമാണ്. പാക്കറ്റ് പൊട്ടിച്ച് തവയിലിട്ടാല്‍ നിമിഷങ്ങള്‍ക്കകം ചൂടോടെ റെഡി! തമിഴ്‌നാട്ടിലേക്ക് കൂടി വ്യാപിച്ചപ്പോള്‍ ഇത് 'കൊത്തു പൊറോട്ട' എന്ന പേരില്‍ മറ്റൊരു ലെവല്‍ തെരുവ് ഭക്ഷണമായി മാറുകയും ചെയ്തു. അങ്ങനെ സാധാരണക്കാരന്റെ അടുക്കളയില്‍ നിന്ന് തുടങ്ങി അന്താരാഷ്ട്ര മാര്‍ക്കറ്റ് വരെ വളര്‍ന്നൊരു കിടിലന്‍ ബിസിനസ്സ് പ്രോഡക്റ്റാണ് നമ്മുടെ പൊറോട്ട.
മൈദയുടെ ഈ ന്യൂട്രല്‍ രുചിക്ക് ഏറ്റവും മികച്ച കൂട്ട് നല്ല എരിവുള്ള കറികളാണ്. അതില്‍ ഒന്നാമന്‍ നമ്മുടെ സ്വന്തം ബീഫ് തന്നെയാണ്! കുരുമുളകും കറിവേപ്പിലയും നാളികേര കൊത്തുകളും ചേര്‍ത്ത് സാവധാനം വേവിച്ചു പൊരിച്ചെടുത്ത ബീഫും, പൊറോട്ടയും തമ്മിലുള്ള കോമ്പിനേഷന്‍ ഒരു അവിസ്മരണീയ അനുഭവമാണ്. ബീഫ് കൂടാതെ നാടന്‍ ചിക്കന്‍ കറി, എഗ്ഗ് റോസ്റ്റ്, വെജിറ്റബിള്‍ കുര്‍മ, അല്ലെങ്കില്‍ ഒരു സിംപിള്‍ സാല്‍ന എന്നിവക്കൊപ്പവും പൊറോട്ട സൂപ്പര്‍ ഹിറ്റാണ്.
മേമ്പൊടിക്ക് അല്‍പം രാഷ്ട്രീയം കൂടിയുണ്ട് പൊറോട്ടയ്ക്കും ബീഫിനും. കേരള സ്റ്റോറി എന്ന വിവാദ സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ബീഫും പൊറോട്ടയും ഗംഭീര ടേസ്റ്റാണെന്നായിരുന്നു പ്രശസ്ത ചലച്ചിത്രകാരന്‍ അനുരാഗ് കശ്യപിന്റെ മറുപടി. ഭക്ഷണവും രാഷ്ട്രീയവും തമ്മില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത്, ഒരു നോര്‍ത്ത് ഇന്ത്യന്‍ സംവിധായകന്‍ കേരളത്തിന്റെ സ്വന്തം പൊറോട്ടയെയും ബീഫിനെയും ഇത്രയും തുറന്ന് പിന്തുണച്ചത് വലിയൊരു രാഷ്ട്രീയ സന്ദേശം കൂടിയായി മാറുകയായിരുന്നു.
ആരോഗ്യപ്രേമികള്‍ ഇതിനെ കലോറി ബോംബ് എന്ന് വിളിക്കാറുണ്ടെങ്കിലും, എപ്പോഴെങ്കിലും ഒരു ദിവസം മനസ് നിറയെ കഴിക്കാന്‍ ഭക്ഷണ പ്രേമികൾക്ക് ഇതിനോളം അടാർ ഐറ്റം വേറെയുണ്ടോ എന്ന് സംശയമാണ്...