Kochi Metro| കൊച്ചി മെട്രോ സ്റ്റേഷനകത്ത് സ്ഥലം പാട്ടത്തിനെടുക്കാൻ സുവർണാവസരം: അറിയേണ്ടതെല്ലാം

By Web TeamFirst Published Nov 4, 2021, 12:00 PM IST
Highlights

കൊച്ചി മെട്രോ സ്റ്റേഷനകത്ത് 120 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കിയോസ്ക്കുകൾ ലേലത്തിൽ പിടിക്കാൻ ശനിയാഴ്ച വരെയാണ് അവസരം

കൊച്ചി: കൊച്ചി മെട്രോ (Kochi Metro) സ്റ്റേഷനുള്ളിലെ സ്ഥലങ്ങൾ പാട്ടത്തിന് എടുക്കാൻ അവസരം ശനിയാഴ്ച വരെ. 22 സ്റ്റേഷനുകളിലായി 311 കടകൾക്കുള്ള സ്ഥലമാണ് കെഎംആർഎൽ ലേലം (KMRL kiosk Auction) ചെയ്ത് അ‍ഞ്ച് വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ എറണാകുളം നോർത്തിലെ ടൗൺ ഹാളിലെത്തിയാൽ സ്പോട്ട് രജിസ്ട്രേഷൻ (Spot Registration) വഴി ലേലത്തിൽ പങ്കെടുക്കാം.

മെട്രോ നിർദ്ദേശിക്കുന്ന രീതിയിൽ 120 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കിയോസ്കുകൾ. ഒരു വ്യക്തിക്ക് നാല് കടയ്ക്കുള്ള സ്ഥലം വരെ ലേലത്തിലെടുക്കാം. സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാതരം കടകൾക്കും അനുമതിയുണ്ട്. പുത്തൻ സംരംഭകരും,വ്യാപാരം വിപുലീകരിക്കാൻ പദ്ധതിയിടുന്നവർക്കും സാധ്യതകൾ ഏറെ.

ആലുവ, കമ്പനിപ്പടി, പുളിഞ്ചോട് തുടങ്ങിയ സ്റ്റേഷനുകളിൽ 26 ഓളം കിയോസ്കുകൾക്കുള്ള സ്ഥലങ്ങൾ രണ്ടാം തീയതിയിലെ ലേലത്തിൽ ബാക്കിവന്നിട്ടുണ്ട്. സ്ക്വയർ ഫീറ്റിന് 15 രൂപ മുതൽ 50 രൂപ വരെയാണ് ഇവിടെ പ്രതിമാസ വാടകയുടെ അടിസ്ഥാന നിരക്ക്. ഈ വിലയിലാണ് ലേലം തുടങ്ങുന്നത്. മത്സരം കടുത്താൽ വാടക തുക ഉയരും. 

ഇടപ്പള്ളി, അമ്പാട്ടുകാവ്, പത്തടിപ്പാലം, ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം സ്റ്റേഷനുകളിലെ നിരവധി കിയോസ്കുകൾക്കുള്ള സ്ഥലങ്ങൾ ഇനിയും ഏറ്റെടുക്കപ്പെട്ടില്ല. ഇടപ്പള്ളിയിൽ കിയോസ്കുകൾക്ക് 75 രൂപയാണ് അടിസ്ഥാന വില. ഇന്നലെ ലേലം നടന്ന ഇവിടങ്ങളിൽ 15 രൂപ മുതലായിരുന്നു കിയോസ്കുകൾക്ക് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.

തിരുവനന്തപുരം മുതൽ കോഴിക്കോട് നിന്ന് വരെ കൊച്ചിയിലൊരു കട തുടങ്ങാൻ അന്വേഷണമെത്തുന്നുണ്ട്. വിശദവിവരങ്ങൾ കെഎംആർഎൽ വെബ്സൈറ്റിൽ കാണാം. വളരെ കുറഞ്ഞ അടിസ്ഥാന നിരക്കിലാണ് ലേലം വിളി തുടങ്ങുന്നത്. ടിക്കറ്റ് ഇതര വരുമാനം കൂട്ടുന്നതിന്‍റെ ഭാഗമായാണ് കെഎംആർഎൽ സ്ഥലം പാട്ടത്തിന് നൽകുന്നത്. കടകളിലേക്കെത്തുന്നവർ മെട്രോ റെയിൽ കൂടി ഉപയോഗിച്ചാൽ മെട്രോ കമ്പനിയുടെ നഷ്ടം ഒരു പരിധി വരെ കുറയ്ക്കാമെന്നാണ് പ്രതീക്ഷ.

നവംബർ രണ്ടിനാണ് എറണാകുളം ടൗൺ ഹാളിൽ കൊച്ചി മെട്രോയിൽ  കിയോസ്‌ക്കുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ലേലം തുടങ്ങിയത്.  രാവിലെ 10 മണിക്ക് ആരംഭിച്ച ലേലം വൈകുന്നേരം വരെ നീണ്ടു . രാവിലെ 08.15 മുതൽ വൻതോതിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ നടന്നു. കെഎംആർഎല്ലിന്റെ ഓഫർ കൊച്ചിയിലെ വ്യവസായ സമൂഹം അംഗീകരിക്കുകയും മികച്ച പ്രതികരണം നൽകുകയും ചെയ്തുവെന്ന് പ്രതികരണങ്ങൾ തെളിയിച്ചു. പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് നാല് കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ കഴിയാത്ത പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സ്‌പോട്ട് രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയത്.

കൊച്ചിയിലെ പുതിയ സംരംഭകർക്ക് ഒരു സുവർണാവസരമാണ് കിയോസ്‌കുകളുടെ ലേലം. ലേലം 2021 നവംബർ 3,5,6 തിയതികളിലായ്  എറണാകുളം ടൗൺഹാളിൽ തുടരും. സ്പോട്ട് രജിസ്ട്രേഷൻ കൗണ്ടറുകൾ ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. വിൽക്കാത്ത ഇടങ്ങൾ 2021 നവംബർ 6 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീണ്ടും ലേലത്തിന് വെക്കും. ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള അവസാന അവസരമാണിത്. ഓരോ മെട്രോ സ്റ്റേഷനിലെയും വിൽക്കാത്ത സ്ഥലങ്ങളുടെ ലിസ്റ്റ് എല്ലാ ദിവസവും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. റീ-ഓക്‌ഷനിൽ പങ്കെടുക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷൻ 2021 നവംബർ 6 ശനിയാഴ്ച രാവിലെ 08.15 നും ഉച്ചയ്ക്ക് 2 നും ഇടയിൽ നടക്കും.

click me!