സ്റ്റേഷനുകളെ ഷോപ്പിംഗ് ഹബ്ബുകളാകും; വരുമാനം കൂട്ടാന്‍ കൊച്ചി മെട്രോ

By Web TeamFirst Published Oct 4, 2021, 6:42 AM IST
Highlights

കൊവിഡ് കാലത്ത് യാത്രക്കാർ കുറഞ്ഞ് പ്രതിസന്ധിയിലായ കൊച്ചി മെട്രോ വരുമാനം ഉയർത്താൻ വിവിധ വഴികൾ തേടുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് കിയോസ്കുളും വരുന്നത്. 

കൊച്ചി: വരുമാനം കൂട്ടാൻ പുതിയ മാർഗ്ഗങ്ങളുമായി കൊച്ചി മെട്രോ. സ്റ്റേഷനുകളിൽ  കിയോസ്കുകൾ സ്ഥാപിച്ച് വാണിജ്യ ആവശ്യത്തിന് നൽകാനുള്ള പദ്ധതിയ്ക്ക് തുടക്കമായി. കിയോസ്കുകളുടെ ലേലത്തിനുള്ള ടെണ്ടർ കെഎംആർഎൽ ക്ഷണിച്ചു.

കൊച്ചി മെട്രോ സ്റ്റേഷനുകൾ വൈകാതെ ഷോപ്പിംഗ് ഹബ്ബുകളാകും. സ്റ്റേഷനുകളിൽ നിലവിൽ തന്നെ കടകളുണ്ടെങ്കിലും ചെറുകിട നിക്ഷേപകരെ കൂടി ലക്ഷ്യമിട്ടാണ് കിയോസ്കുകൾ. 22 സ്റ്റേഷനുകളിലായി 300 കിയോസ്കുൾ ആദ്യഘട്ടത്തിൽ സജ്ജമാകും. ലഭ്യമായ കിയോസ്കുകളുടെ അടിസ്ഥാന ലേല വിലയും ബിസിനസുകളും കെഎംആർഎല്ലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

ഒരാൾക്ക് പരമാവധി നാല് കിയോസ്കുകൾ വരെ ലേലത്തിൽ പിടിക്കാം. ഇതിനായി മുൻകൂറായി 5,000 രൂപയടച്ച് ഓൺലൈനായോ നേരിട്ടോ കെഎംആർഎല്ലിൽ രജിസ്റ്റർ ചെയ്യണം. അഞ്ച് വർഷമായിരിക്കും ലൈസൻസ് കാലാവധി, ആവശ്യമെങ്കിൽ രണ്ട് വർഷത്തേക്ക് കൂടി നീട്ടാം. ലേലത്തിന്‍റെ തുടർ വിവരങ്ങൾ കെഎംആർഎൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

കൊവിഡ് കാലത്ത് യാത്രക്കാർ കുറഞ്ഞ് പ്രതിസന്ധിയിലായ കൊച്ചി മെട്രോ വരുമാനം ഉയർത്താൻ വിവിധ വഴികൾ തേടുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് കിയോസ്കുളും വരുന്നത്. യാത്രക്കാരെ ആകർഷിക്കാൻ വിശേഷ അവധി ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാൻ തീരുമാനമായിരുന്നു. ഇതിന്‍റെ ആദ്യപടിയെന്നോണം ഗാന്ധിജയന്തി ദിനത്തിൽ ടിക്കറ്റ് നിരക്ക് കുറച്ചിതിന് മികച്ച സ്വീകാര്യതയും കിട്ടിയിരുന്നു.

click me!