"വിശ്വാസ വഞ്ചന, ജനങ്ങൾ ജാ​ഗ്രത പുലർത്തണം"; പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പ്രതികരണവുമായി ജനപ്രതിനിധികൾ രം​ഗത്ത്

By Anoop PillaiFirst Published Sep 7, 2020, 6:17 PM IST
Highlights

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 19 വരെയാണ് കസ്റ്റഡിയിൽ വിട്ടത്.

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണവുമായി ജനപ്രതിനിധികൾ രം​ഗത്ത്. പോപ്പുലർ ഫിനാൻസ് ലിമിറ്റഡ് നിക്ഷേപകരുടെ പണം തിരികെ ലഭിക്കുവാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. നിക്ഷേപകരിൽ ഭൂരിപക്ഷവും സാധാരണക്കാരും ഇടത്തരക്കാരും ആണ്. മെച്ചപ്പെട്ട പലിശ ഉറപ്പ് നൽകിയാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ന‌ടത്തിയതെന്നും എംപി പറഞ്ഞു.

നിക്ഷേപകരിൽ നിന്നും ഫിനാൻസിന്റെ പേരിൽ സമാഹരിച്ച തുക കണ്ടെത്തി നിക്ഷേപകരെ തിരികെയേൽപ്പിക്കണം. സമാനമായ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ മറ്റ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപത്തിന് സുരക്ഷിതത്വം ലഭിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. പോപ്പുലർ ഫിനാൻസിന്റെ പേരിൽ നടന്നിരിക്കുന്നത് വിശ്വാസ വഞ്ചനയാണെന്ന് അടൂർ എംഎൽഎ ചിറ്റയം ​ഗോപകുമാർ പറഞ്ഞു. 

"നിരവധി പേരാണ് പരാതിയുമായി പോലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്നത്. ഈ സാമ്പത്തിക തട്ടിപ്പിലൂടെ സാധാരണക്കാരും പാവപ്പെട്ടവരുമായ അനേകം നിക്ഷേപകർ വഴിയാധാരമായിരിക്കുകയാണ്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ കോന്നിക്ക് പുറത്തുളള പോലീസ് സ്റ്റേഷനുകളിൽ സ്വീകരിക്കുന്നില്ലെന്ന തരത്തിലുളള ചില പരാതികൾ ഉയരുന്നുണ്ട്. അതുണ്ടാകാൻ പാടില്ലാത്തതാണ്. എത്രയും പെട്ടെന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾ പുറത്തുവരണം. നിക്ഷേപകരുടെ പണം അവർക്ക് തിരികെ ലഭ്യമാക്കണം," ചിറ്റയം ​ഗോപകുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. 

മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകി

പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് നിയമ സഹായം നൽകാനുളള എല്ലാ ക്രമീകരണങ്ങളും കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി ഉറപ്പാക്കിയിട്ടുളളതായി പത്തനംതിട്ട എംപി അന്റോ ആന്റണി പറഞ്ഞു. കേസ് അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കണം. നിക്ഷേപകരുടെ പണം തിരികെ നൽകുന്നതിനാകണം മുഖ്യ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണക്കാരും ഇടത്തരക്കാരുമായ നിക്ഷേപകരിൽ പലരും പെൻഷൻ ആനുകൂല്യമായ ലഭിച്ചതും അധ്വാനത്തിലൂടെ സമ്പാദിച്ചതുമായ പണമാണ് പോപ്പുലറിൽ നിക്ഷേപിച്ചത്. എന്നാൽ, നിക്ഷേപകരെ വഞ്ചിക്കുന്ന നിലപാടാണ് ഫിനാൻസിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.

പാവപ്പെട്ട നിക്ഷേപകരുടെ പണം വകമാറ്റി ഫിനാൻസ് ഉടമ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതായാണ് പരാതി. ഈ കേസ് അങ്ങേയറ്റം ​ഗൗരവകരമാണ്. പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ കുറ്റമറ്റ അന്വേഷണം നടത്തണമെന്നും നിക്ഷേപകരുടെ പണം തിരികെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു. 

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേരളത്തിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ്. ഇതിനകം തന്നെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം നിക്ഷേപകരുടെ ഏതാണ് 2,000 കോടി രൂപ ഫിനാൻസ് ഉടമകൾ തട്ടിയെടുത്തിട്ടുണ്ട്. നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ട സാഹചര്യത്തിൽ ഫിനാൻസ് ഉടമകളുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് റാന്നി എംഎൽഎ രാജു ഏബ്രഹാം പറഞ്ഞു. 

ജനങ്ങൾ ജാ​ഗ്രത പുലർത്തണം

"പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സമ​ഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഞാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലായി ഫിനാൻസ് ഉടമകളുടെ പേരിൽ പരാതി ലഭിക്കുന്ന സ്ഥിതിയുണ്ട്. ഇവ അതാത് സ്റ്റേഷൻ പരിധിയിൽ തന്നെ കേസായി രജിസ്റ്റർ ചെയ്യണം. കോന്നിയിലേക്ക് ഈ പരാതികൾ മാറ്റി ഒരു കേസാക്കി മാറ്റാൻ പോലീസ് ശ്രമിക്കുന്നുണ്ട്. ഇത് ഒഴിവാക്കണമെന്നും ഞാൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്," രാജു ഏബ്രഹാം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. 

പാവപ്പെട്ട ആളുകൾ, സർവീസിൽ നിന്ന് വരമിച്ച വ്യക്തികൾ എന്നിവരുടെയെല്ലാം പണം പോപ്പുലർ ഫിനാൻസ് തട്ടിയെടുത്തു. ഇനി ഒരാൾക്കും ഇത്തരത്തിൽ തട്ടിപ്പ് നടത്താൻ തോന്നാത്ത തരത്തിലുളള നടപടികളാണ് ഈ വിഷയത്തിൽ ഉണ്ടാകേണ്ടത്. ഇതുവരെയുളള പോലീസ് അന്വേഷണം തൃപ്തികരമാണ്. പോലീസിന്റെ മികച്ച ഇടപെടലാണ് ഫിനാൻസ് ഉടമയുടെ മക്കൾക്ക് രാജ്യത്ത് നിന്ന് രക്ഷപെടാൻ കഴിയാതെ പോയതിന് കാരണം. ഇത്തരം തട്ടിപ്പുകാരുടെ വാക്കുകളിൽ വീണുപോകാതിരിക്കാൻ ജനങ്ങൾ ജാ​ഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.         

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 19 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. സ്ഥാപന ഉടമ റോയ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. നിക്ഷേപകരെ വഞ്ചിച്ച് സ്ഥാപന ഉടമകൾ 2,000 കോടി രൂപ തട്ടിയെന്നാണ് റിമാന്‍റ് റിപ്പോർട്ട്. നിക്ഷേപകരെ ചതിച്ച് പണം വിദേശത്ത് നിക്ഷേപിച്ചെന്നും അഞ്ച് സംസ്ഥാനങ്ങളിലുള്ള ആളുകൾ കബളിപ്പിക്കപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2014 ലാണ് റോയി ഡാനിയേൽ മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റിയത്. ഉടമസ്ഥാവകാശം കിട്ടിയ ഉടൻ മക്കൾ പോപ്പുലർ ഡീലേഴ്‍സ്, പോപ്പുലർ പ്രിന്‍റേഴ്‍സ്, നിധി പോപ്പുലർ എന്നീ പേരുകളിൽ കടലാസ് കമ്പനികൾ തുടങ്ങി. ഈ വ്യാജ കമ്പനികളിലേക്ക് നിക്ഷേപം സ്വീകരിച്ചാണ് പ്രധാനമായും ഉടമകൾ തട്ടിപ്പ് നടത്തിയത്.  

click me!