അദാനി ഗ്രൂപ്പ് തകർച്ചയിൽ എസ്ബിഐക്കും എൽഐസിക്കും അപകടസാധ്യത ഇല്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

By Web TeamFirst Published Feb 4, 2023, 1:52 PM IST
Highlights

എൽഐസിയും എസ്ബിഐയും അദാനി കമ്പനികൾക്ക് നൽകിയ വായ്പ തങ്ങളുടെ അനുവദനീയമായ പരിധിക്കുള്ളിൽ നിന്ന് തന്നെയാണ്. ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകൾ ഓഹരി ഈടായി സ്വീകരിച്ച് അദാനിക്ക് നൽകിയ വായ്പ രണ്ടു ലക്ഷം കോടിയിലേറെ വരുമെന്നാണ്  കണക്ക്.

ദില്ലി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും (എൽഐസി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബി‌ഐ) അദാനി ഗ്രൂപ്പുമായി വലിയ ഇടപാടുകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി  കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.  രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും ഏറ്റവും വലിയ പൊതുമേഖലാ ബാങ്കും അദാനിയുമായി നടത്തിയ ഇടപാടുകൾ പരിധോധിച്ചിട്ടുണ്ട് എന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. 

എൽഐസിയും എസ്ബിഐയും അദാനി കമ്പനികൾക്ക് നൽകിയ വായ്പ തങ്ങളുടെ അനുവദനീയമായ പരിധിക്കുള്ളിൽ നിന്ന് തന്നെയാണ് എന്ന് വ്യക്തമായതായി ധനമന്ത്രി പറഞ്ഞു. എസ്ബിഐ അടക്കം ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകൾ ഓഹരി ഈടായി സ്വീകരിച്ച് അദാനിക്ക് നൽകിയ വായ്പ രണ്ടു ലക്ഷം കോടിയിലേറെ വരുമെന്നാണ്  കണക്ക്.

ഇന്ത്യയുടെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായ ഗൗതം അദാനി ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടത്തിന് സാക്ഷ്യം വഹിക്കുന്നതിനിടെയാണ് ധനമന്ത്രി നിർമ്മല സീതാരാമന്റെ അഭിപ്രായപ്രകടനം. ഇന്നലെ അദാനി ഗ്രൂപ്പ് ഓഹരികൾക്ക് 120 ബില്യൺ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. അതായത് എക്സ്ടെഷം 9 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് ഈ ഇടിവുണ്ടായത്. ഓഹരി വിലയിൽ കമ്പനി കൃത്രിമത്വം കാട്ടിയതായി റിപ്പോർട്ട് ആരോപിക്കുന്നു.

ഹിൻഡൻബർഗിന്റെ ആരോപണങ്ങളെ ‘അടിസ്ഥാനരഹിതവും’ കരുതിക്കൂട്ടിയുള്ളതന്നെന്നും പറഞ്ഞുകൊണ്ട് അദാനി ഗ്രൂപ്പ് തള്ളിക്കളഞ്ഞു. എന്നിരുന്നാലും, ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത മിക്ക കമ്പനികളോടും വിപണികൾ മോശമായാണ് പ്രതികരിച്ചത്. 20,000 കോടി രൂപയുടെ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ് (എഫ്‌പി‌ഒ) പൂർണ്ണമായും സബ്‌സ്‌ക്രൈബുചെയ്‌തതിന് ശേഷം അദാനി ഗ്രൂപ് അവ പിൻവലിച്ചു. സ്വരൂപിച്ച പണം നിക്ഷേപകർക്ക് തിരികെ നൽകുമെന്ന് അറിയിച്ചു. ഇതും വിപണിയിൽ തിരിച്ചടിയായിട്ടുണ്ട്. 

click me!