കൊടാക് മഹീന്ദ്ര ബാങ്കിന്റെ 14,523,574 ഓഹരികൾ കൂടി വാങ്ങി എൽഐസി

By Web TeamFirst Published Oct 19, 2020, 11:04 PM IST
Highlights

കൊടാക് മഹീന്ദ്ര ബാങ്കിൽ കൂടുതൽ ഓഹരികൾ ഏറ്റെടുത്ത് പൊതുമേഖലാ ഇൻഷുറൻസ് കമ്പനി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ. 

മുംബൈ: കൊടാക് മഹീന്ദ്ര ബാങ്കിൽ കൂടുതൽ ഓഹരികൾ ഏറ്റെടുത്ത് പൊതുമേഖലാ ഇൻഷുറൻസ് കമ്പനി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ. 0.73 ശതമാനം കൂടുതൽ ഓഹരികളാണ് എൽഐസി ഏറ്റെടുത്തത്. ഇതോടെ സ്വകാര്യ ബാങ്കിന്റെ ഓഹരി മൂല്യത്തിൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ മൂന്ന് ശതമാനം വർധന രേഖപ്പെടുത്തി.

നേരത്തെ ബാങ്കിൽ 2.45 ശതമാനം ഓഹരിയാണ് എൽഐസിക്ക് ഉണ്ടായിരുന്നത്. ഇന്നത് 3.18 ശതമാനമായി ഉയർന്നു. 1,45,23,574 (ഒരു കോടി നാൽപ്പത്തിയഞ്ച് ലക്ഷത്തി  ഇരുപത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തി നാല്) ഓഹരികളാണ് എൽഐസി അധികമായി വാങ്ങിയത്. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിനിടയിലാണ് ഇത്രയും ഓഹരികൾ വാങ്ങിയത്. ഇതോടെ ഇൻഷുറൻസ് രംഗത്തെ അതികായന്റെ പക്കൽ ഇപ്പോൾ ബാങ്കിന്റെ 6,29,92,740 ഓഹരികളാണുള്ളത്.

ജൂണിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 4,84,69,166 കോടി ഓഹരികളാണ് എൽഐസിയിൽ ഉണ്ടായിരുന്നത്. ബാങ്കിൽ എസ്ബിഐ മ്യൂച്വൽ ഫണ്ട് (2.81 ശതമാനം), ആക്സിസ് മ്യൂച്വൽ ഫണ്ട് (1.51 ശതമാനം), കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡ് (6.38 ശതമാനം), യൂറോപസഫിക് ഗ്രോത്ത് ഫണ്ട് (3.3 ശതമാനം) എന്നിവരാണ് ബാങ്കിൽ ഓഹരികളുള്ള മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ. 

കൊടാക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിയിൽ ഇന്ന് 3.25 ശതമാനം മൂല്യ വർധനവുണ്ടായി. ഇതോടെ ഓഹരി വില 1380 രൂപയിലെത്തി. സമാനമായ നിലയിൽ എൻഎസ്ഇയിൽ 2.81 ശതമാനം വർധനവും കൊടാകിന്റെ ഓഹരി മൂല്യത്തിലുണ്ടായി. ഇവിടെ 1374.10 രൂപയാണ് ബാങ്കിന്റെ ഓഹരി മൂല്യം. 

click me!