സാമ്പത്തിക മാന്ദ്യം മറികടക്കാൻ മൻമോഹന്‍റെ ഉപദേശം തേടണം: കേന്ദ്രത്തോട് ശിവസേന

By Web TeamFirst Published Sep 4, 2019, 1:32 PM IST
Highlights

'സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് വെറും 5 ശതമാനത്തിൽ ഒതുങ്ങിയതിന്‍റെ അർത്ഥം നമ്മൾ വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നാണ്'

മുംബൈ: രാജ്യത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കേന്ദ്രം മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ മന്‍മോഹന്‍സിംഗിന്‍റെ ഉപദേശം തേടണമെന്ന് കേന്ദ്രത്തോട് ശിവസേന ആവശ്യപ്പെട്ടു. 'രാജ്യം പ്രതിസന്ധിയിലാണ്. സാമ്പത്തിക വിദഗ്ദന്‍ കൂടിയായ മന്‍മോഹന്‍സിംഗിന്‍റെ വാക്കുകളെ ശ്രദ്ധിക്കണം. ഇത് രാജ്യത്തിന്‍റെ ആവശ്യമാണ്'. ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും മന്‍മോഹന്‍സിംഗിന്‍റെ മുന്നറിയിപ്പുകളെ ഗൗനിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

പാര്‍ട്ടി മുഖപത്രമായ സാമനയിലെ എഡിറ്റോറിയലിലൂടെയാണ് കേന്ദ്രത്തിന് ശിവസേന നിര്‍ദ്ദേശം നല്‍കിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിന്‍റെ പിടിപ്പുകേടാണ് രാജ്യം ഇന്ന്  അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന് കാരണമെന്ന് മൻമോഹൻസിംഗ് ആരോപിച്ചിരുന്നു. 

''രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കാജനകമാണ്. സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് വെറും 5 ശതമാനത്തിൽ ഒതുങ്ങിയതിന്‍റെ അർത്ഥം നമ്മൾ വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നാണ്. വൻ വളർച്ചയ്ക്ക് സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, മോദി സർക്കാരിന്‍റെ ആകെ മൊത്തമുള്ള പിടിപ്പുകേടുകൊണ്ട് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത്'' എന്നാണ് മന്‍മോഹന്‍ സിഗ് ചൂണ്ടിക്കാണിച്ചത്. 

പകയുടെയും അന്ധമായ എതിർപ്പിന്‍റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സർക്കാർ സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരിൽ നിന്ന് വിദഗ്‍ധോപദേശം നേടി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും മൻമോഹൻ സിംഗ് ആവശ്യപ്പെട്ടിരുന്നു. 

മോദി സര്‍ക്കാറിന്‍റെ നയങ്ങളെ വിമര്‍ശിക്കുന്ന മന്‍മോഹന്‍സിംഗിന്‍റെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാണെന്ന പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ രംഗത്തെത്തിയിരുന്നു.  ഇതിന് പിന്നാലെയാണ് മന്‍മോഹന്‍സിംഗിന്‍റെ വാക്കുകള്‍ക്ക് വിലനല്‍കണമെന്ന അഭിപ്രായപ്രകടനവുമായി ശിവസേന രംഗത്തെത്തിയത്. 

click me!