ജപ്പാനിലെ പ്രമുഖ ബാങ്കുകളായ എംയുഎഫ്ജി ബാങ്ക് ലിമിറ്റഡ്, സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോർപ്പറേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് ഈ ഫണ്ടിംഗ്.

ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിൽ വലിയൊരു ചുവടുവെപ്പുമായി അദാനി എനർജി സൊല്യൂഷൻസ്. രാജസ്ഥാനിലെ സോളാർ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതി ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനുള്ള വലിയ പദ്ധതിക്ക് കമ്പനി ജപ്പാനിലെ പ്രമുഖ ബാങ്കുകളിൽ നിന്ന് ഫണ്ടിംഗ് സ്വന്തമാക്കിയിരിക്കുകയാണ്. കമ്പനി തന്നെയാണ് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്.

Add Asianetnews as a Preferred SourcegooglePreferred

രാജസ്ഥാനിലെ സൗരോർജ്ജ സമ്പന്നമായ പ്രദേശങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാജ്യത്തിൻ്റെ ദേശീയ ഗ്രിഡിലേക്ക് എത്തിക്കുന്നതിൽ ഈ പദ്ധതി നിർണായക പങ്ക് വഹിക്കും. രാജ്യത്ത് വർധിച്ചുവരുന്ന ക്ലീൻ എനർജിയുടെ ആവശ്യം നിറവേറ്റാൻ ഇത് സഹായിക്കുമെന്നും കമ്പനി പ്സ്താവനയിൽ പറയുന്നു.

ഏകദേശം 6,000 മെഗാവാട്ട് വൈദ്യുതി കടത്തിവിടാൻ ശേഷിയുള്ള +-800 kV ഹൈ-വോൾട്ടേജ് ഡയറക്ട് കറൻ്റ് ശൃംഖലയായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ ഭദ്ലയെ ഉത്തർപ്രദേശിലെ ഫത്തേപൂരുമായി ബന്ധിപ്പിക്കുന്ന 950 കിലോമീറ്റർ നീളമുള്ള ഇടനാഴിയാണിത്. 2029-ഓടെ കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി, രാജ്യത്തെ പ്രധാനപ്പെട്ട ഒരു ഗ്രീൻ ട്രാൻസ്മിഷൻ ലൈനായി മാറുമെന്നാണ് പ്രതീക്ഷ. വൻതോതിൽ പുനരുപയോഗ ഊർജ്ജം ഗ്രിഡിലേക്ക് ചേർക്കാനും, രാജ്യത്തെ പ്രധാന നഗരങ്ങളിലെയും വ്യവസായ കേന്ദ്രങ്ങളിലെയും ഗ്രിഡ് സ്ഥിരത ശക്തിപ്പെടുത്താനും ഇത് സഹായിക്കും.

അദാനി ഗ്രൂപ്പിൻ്റെ ക്ലീൻ എനർജി പ്ലാറ്റ്‌ഫോമിൻ്റെ ഭാഗമാണ് ഈ പുതിയ പദ്ധതിയും. അദാനി ഗ്രീൻ എനർജി ലിമിറ്റഡിൻ്റെ പ്രധാന ഊർജ്ജോത്പാദന കേന്ദ്രങ്ങളിലൊന്നാണ് രാജസ്ഥാൻ. ഇവിടെ നിന്നുള്ള വൈദ്യുതി നിലവിൽ ഉപകമ്പനിയായ അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡിന് നൽകുന്നുണ്ട്. ഇപ്പോൾ തന്നെ 40 ശതമാനത്തിലധികം പുനരുപയോഗ ഊർജ്ജമാണ് വിതരണം ചെയ്യുന്നത്. ഇതോടെ, ലോകത്ത് ഏറ്റവും കൂടുതൽ സുസ്ഥിര ഊർജ്ജം ഉപയോഗിക്കുന്ന നഗരങ്ങളിലൊന്നായി മുംബൈ മാറിയിട്ടുണ്ട്.

ജപ്പാനിലെ പ്രമുഖ ബാങ്കുകളായ എംയുഎഫ്ജി ബാങ്ക് ലിമിറ്റഡ്, സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോർപ്പറേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് ഈ ഫണ്ടിംഗ്. ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ അടിസ്ഥാന സൗകര്യ വികസനത്തിലുള്ള അന്താരാഷ്ട്ര വിശ്വാസമാണ് ഇത് കാണിക്കുന്നത്.

ഹിറ്റാച്ചിയുടെ ഏറ്റവും പുതിയ എച്ച്‌വിഡിസി സാങ്കേതികവിദ്യയാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിൽ രാജ്യത്തെ ആഭ്യന്തര നിർമ്മാണ മേഖലയെ ശക്തിപ്പെടുത്താനും ഇത് സഹായിക്കും. ട്രാൻസ്മിഷൻ സാങ്കേതികവിദ്യയിൽ ജപ്പാൻ്റെ വൈദഗ്ധ്യവും പ്രാദേശിക നിർമ്മാണം പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളും ഈ പങ്കാളിത്തത്തിൽ വ്യക്തമാണ്.

ഇന്ത്യയും ജപ്പാനും തമ്മിൽ സാമ്പത്തിക, വ്യാവസായിക രംഗത്ത് വളരുന്ന ബന്ധത്തിൻ്റെ തെളിവാണ് ഈ സഹകരണം. അടുത്തിടെ ജാപ്പനീസ് ഏജൻസിയായ ജെസിആർ, അദാനി എനർജി സൊല്യൂഷൻസിന് ഇന്ത്യയുടെ സോവറിൻ റേറ്റിംഗിന് തുല്യമായ BBB+ (സ്റ്റേബിൾ) ക്രെഡിറ്റ് റേറ്റിംഗ് നൽകിയിരുന്നു.