ഒരു ഗ്രാമീണന് ശരാശരി 15 ലക്ഷം നിക്ഷേപം; ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന ഗ്രാമം ഇന്ത്യയില്‍.!

By Web TeamFirst Published Aug 10, 2021, 6:54 PM IST
Highlights

ഈ ഗ്രാമത്തിലെ ഒരാളുടെ ശരാശരി ബാങ്ക് നിക്ഷേപം 15 ലക്ഷം രൂപയാണ്. ബാങ്കുകള്‍ക്ക് പുറമേ സ്കൂളുകളും, കോളേജുകളും, ഡാമുകളും, ആശുപത്രികളും എല്ലാം നിറഞ്ഞതാണ് ഈ ഗ്രാമം. 
 

കച്ച്: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഏതാണ്, അത് ഇന്ത്യയിലാണ്. ഈ ഗ്രാമത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 17 ബാങ്കുകളാണ്. ഇതില്‍ ഗ്രാമത്തില്‍ ജീവിക്കുന്നവരുടെ നിക്ഷേപം മാത്രം 5,000 കോടി വരും. 7,600 വീടുകളാണ് ഇവിടെയുള്ളത്. ഗ്രാമത്തിന്‍റെ പേര് മദാപ്പര്‍. ഗുജറാത്ത് സംസ്ഥാനത്തെ കച്ച് ജില്ലയിലാണ് ഈ ഗ്രാമം. 

ഈ ഗ്രാമത്തിലെ ഒരാളുടെ ശരാശരി ബാങ്ക് നിക്ഷേപം 15 ലക്ഷം രൂപയാണ്. ബാങ്കുകള്‍ക്ക് പുറമേ സ്കൂളുകളും, കോളേജുകളും, ഡാമുകളും, ആശുപത്രികളും എല്ലാം നിറഞ്ഞതാണ് ഈ ഗ്രാമം. 

എന്ത് കൊണ്ടാണ് ഈ ഗ്രാമീണര്‍ക്ക് ഇത്രയും പണം, ഇവിടുത്തെ ഒരു വിധം എല്ലാ വീട്ടില്‍ നിന്നും ആരെങ്കിലും വിദേശത്ത് ജോലി ചെയ്യുന്നു എന്നത് തന്നെ കാരണം. അതും യുകെ, യുഎസ്എ, ആഫ്രിക്ക, ഗള്‍ഫ് തുടങ്ങിയ ഇടങ്ങളില്‍. ഈ ഗ്രാമത്തിലെ 65 ശതമാനം പേര്‍ എന്‍ആര്‍ഐകളാണ് എന്ന് പറയാം. അവര്‍ അവരുടെ കുടുംബക്കാര്‍ക്കും, ബന്ധുക്കള്‍ക്കും പണം അയക്കും. അതിനൊപ്പം വിദേശത്തെ ജോലി മതിയാക്കി ഇവിടെ വന്ന് സംരംഭം തുടങ്ങിയവരും ഏറെയുണ്ട്.

1968 മദാപ്പര്‍ വില്ലേജ് അസോസിയേഷന്‍ ലണ്ടനില്‍ ആരംഭിച്ചുവെന്ന് പറയുമ്പോള്‍ വിദേശത്തെ ഈ ഗ്രാമത്തിന്‍റെ പിടിപാട് മനസിലാകും. ഇതേ അസോസിയേഷന്‍റെ ഒരു ഘടകം ഗ്രാമത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തന്നെ വിദേശത്തുള്ളവരുമായി ഗ്രാമത്തിന്‍റെ വേര് അറുത്ത് മാറ്റപ്പെടാതെ സാമ്പത്തിക, സാമൂഹിക സഹകരണം ഈ ഗ്രാമം ഉറപ്പാക്കുന്നു.

പൂര്‍ണ്ണമായും വിദേശത്ത് കുടിയേറിയവര്‍ പോലും തങ്ങളുടെ ഗ്രാമത്തിലെ വേരുകള്‍ മറക്കുന്നില്ല, നാട്ടിലെ ബന്ധുക്കള്‍ വഴി ഗ്രാമത്തിലെ ബാങ്കുകളില്‍ ഇവര്‍ നിക്ഷേപം നടത്തുന്നു. കൃഷിയാണ് ഗ്രാമത്തിലെ പ്രധാന തൊഴില്‍, ഇതില്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ ഇവര്‍ മുംബൈയിലേക്ക് കയറ്റി അയക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona. 

click me!