ബജറ്റിലെ മേക്ക് ഇൻ ഇന്ത്യ; വ്യവസായങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ

By Web TeamFirst Published Jan 21, 2023, 3:11 PM IST
Highlights

ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനും ഗാർഹിക ഉൽപ്പാദനത്തെ ഉയർത്താനും ബജ്ജറ്റ് ലക്ഷ്യമിട്ടേക്കാം. 14 മേഖലകൾക്കായി ഏകദേശം 2 ലക്ഷം കോടി രൂപയുടെ പദ്ധതി
 

ദില്ലി: കളിപ്പാട്ടങ്ങൾ, സൈക്കിളുകൾ, തുകൽ, പാദരക്ഷകൾ എന്നിവയുടെ ഉൽപ്പാദനത്തിനുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ വരുന്ന ബജറ്റിൽ സർക്കാർ വിപുലീകരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 

ഓട്ടോമൊബൈൽസ്, ഓട്ടോ ഘടകങ്ങൾ, വൈറ്റ് ഗുഡ്‌സ്, ഫാർമ, ടെക്‌സ്റ്റൈൽസ്, ഭക്ഷ്യ ഉൽപന്നങ്ങൾ, ഉയർന്ന കാര്യക്ഷമതയുള്ള സോളാർ പിവി മൊഡ്യൂളുകൾ, അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ എന്നിവയുൾപ്പെടെ 14 മേഖലകൾക്കായി ഏകദേശം 2 ലക്ഷം കോടി രൂപ ചെലവഴിച്ച് സർക്കാർ ഇതിനകം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. 

ഗാർഹിക ഉൽപ്പാദനത്തെ ആഗോളതലത്തിൽ എത്തിക്കാനും ഉൽപ്പാദനത്തിൽ ആഗോള  നിലവാരം കൊണ്ടുവരാനും പദ്ധതി ലക്ഷ്യമിടുന്നു, കളിപ്പാട്ടങ്ങൾ, തുകൽ തുടങ്ങിയ വിവിധ മേഖലകളിലേക്ക് പിഎൽഐ സ്കീം ആനുകൂല്യങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള നിർദ്ദേശം അന്തിമഘട്ടത്തിലാണ്, അത് ബജറ്റിൽ ഉൾപ്പെടുത്താനുള്ള സാധ്യത ഉണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 2023-24 ലെ ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.

ഇന്ത്യയിലെ നിർമ്മാതാക്കളെ ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന രീതിയിലേക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യം സർക്കാരിനുണ്ടെന്നും അടിസ്ഥാന യോഗ്യത, അത്യാധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യങ്ങൾ ഈ ബജറ്റിൽ ഉൾപ്പെടുത്തുമെന്നുമാണ് സൂചന. കയറ്റുമതി വർദ്ധിപ്പിക്കുകയും ഇന്ത്യയെ ആഗോള വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമാക്കുകയും ചെയ്യും. 

2022 സെപ്തംബർ വരെ, എൽഎസ്ഇഎം (ലാർജ് സ്കെയിൽ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ്) എന്നതിനായുള്ള പിഎൽഐ പദ്ധതി 4,784 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയും 80,769 കോടി രൂപയുടെ കയറ്റുമതി ഉൾപ്പെടെ 2,03,952 കോടി രൂപയുടെ മൊത്തം ഉൽപ്പാദനത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.  തന്ത്രപ്രധാന മേഖലകളിലെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുക, വിലകുറഞ്ഞ ഇറക്കുമതി തടയുക, ഇറക്കുമതി ബില്ലുകൾ കുറയ്ക്കുക, ആഭ്യന്തരമായി നിർമ്മിക്കുന്ന വസ്തുക്കളുടെ വില മത്സരക്ഷമത മെച്ചപ്പെടുത്തുക, ആഭ്യന്തര ശേഷിയും കയറ്റുമതിയും വർദ്ധിപ്പിക്കുക എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ പദ്ധതി.

click me!