
ടൊയോട്ട ഇൻഡസ്ട്രീസ് എഞ്ചിൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള കെഎസ്പിഎല്ലിന്റെ സംയുക്ത സംരംഭക കമ്പനികളുടെ ബോർഡിൽ മാനസി ടാറ്റയെ ഡയറക്ടറായി നിയമിച്ചതായി കിർലോസ്കർ സിസ്റ്റംസ് (കെഎസ്പിഎൽ) പ്രഖ്യാപിച്ചു. മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിക്രം എസ് കിർലോസ്‌കറിന്റെ വിയോഗത്തെ തുടർന്നാണ് മാനസി ടാറ്റയെ ഡയറക്ടറായി നിയമിക്കുന്നത്. ആരാണ് മാനസി ടാറ്റ കിർലോസ്കർ?
വിക്രം കിർലോസ്‌കറിന്റെ മകളാണ് മാനസി. വിക്രം കിർലോസ്‌കറിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൾ മാനസി ടാറ്റയോട് കിർലോസ്‌കർ ഗ്രൂപ്പിനെ നയിക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വ്യവസായിയുടെ ഏക മകൾ മാനസിയെ കിർലോസ്‌കർ സംയുക്ത സംരംഭത്തിന്റെ ബോർഡ് ചെയർപേഴ്‌സണായി നിയമിച്ചു. ഇനി മുതൽ ടൊയോട്ട മെറ്റീരിയൽ ഹാൻഡ്‌ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കിർലോസ്‌കർ ടൊയോട്ട ടെക്‌സ്‌റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ്, ടൊയോട്ട എഞ്ചിൻ ഇന്ത്യ ലിമിറ്റഡ്, മറ്റ് കമ്പനികൾ എന്നിവയ്ക്ക് മാനസി നേതൃത്വം നൽകും.
കിർലോസ്കർ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് മനസിയുടെ അമ്മ ഗീതാഞ്ജലി കിർലോസ്കർ. മാനസി ഇതിനകം ഓർഗനൈസേഷന്റെ മാനേജിംഗ് ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ, സിഇഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ റോഡ് ഐലൻഡ് സ്കൂൾ ഓഫ് ഡിസൈനിംഗിൽ നിന്ന് ബിരുദം നേടിയ മാനസി എൻജിഒ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു.
2019-ൽ നോയൽ ടാറ്റയുടെ മകൻ നെവിലിനെയാണ് മാനസി വിവാഹം കഴിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ അർദ്ധസഹോദരനാണ് നോയൽ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയിൽ വിഭാഗമായ ട്രെന്റ് ലിമിറ്റഡിനെ നയിക്കുന്നത് നോയലാണ്. ട്രെന്റ് ബ്രാൻഡുകളുടെ ഫുഡ് വെർട്ടിക്കലുമായി നെവിൽ പ്രവർത്തിച്ചു. ലിയയും മായയും അദ്ദേഹത്തിന്റെ രണ്ട് സഹോദരിമാരാണ്. ടൊയോട്ട മോട്ടോർ കോർപ്പറേഷൻ തങ്ങളുടെ രണ്ടാമത്തെ ഹൈബ്രിഡ് കാർ ഇന്ത്യയിൽ പുറത്തിറക്കിയതിന് ശേഷം നവംബറിൽ ഹൃദയാഘാതത്തെ തുടർന്ന് 64 കാരനായ വിക്രം കിർലോസ്‌കർ മരിച്ചു.