മസ്കിനോട് സക്കർബർഗിന്റെ മധുര പ്രതികാരം; ആസ്തിയിൽ ബഹുദൂരം മുന്നിൽ

By Web TeamFirst Published Apr 6, 2024, 11:50 AM IST
Highlights

 മെറ്റയുടെ സ്ഥാപകൻ മാർക്ക് സക്കർബർഗ് ടെസ്‌ല, എക്സ് എന്നിവയുടെ ഉടമ ഇലോൺ മസ്‌കിനെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായിരിക്കുന്നു.

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ സെർവറിലെ പ്രശ്നം കാരണം ഗ്രൂപ്പിന് കീഴിലെ എല്ലാ സോഷ്യൽ മീഡിയകളും പ്രവർത്തന രഹിതമായ സമയം. മറ്റൊരു സോഷ്യൽ മീഡിയയായ എക്സിലെ ഒരു അകൌണ്ടിൽ നിന്നും മെറ്റയെ കളിയാക്കി പോസ്റ്റ് ചെയ്ത ഒരു ചെറിയ കുറിപ്പ് പെട്ടെന്ന് തന്നെ വൈറലായി..അത് ഇങ്ങനെയായിരുന്നു..'ഈ പോസ്റ്റ് നിങ്ങളെല്ലാവരും വായിക്കുന്നുണ്ടെങ്കിൽ അത് ഞങ്ങളുടെ സെർവർ ഇപ്പോഴും പ്രവർത്തിക്കുന്നതുകൊണ്ടാണ്'. കുറിപ്പ് പോസ്റ്റ് ചെയ്തത് മറ്റാരുമല്ല, എക്സ് ഉടമ സാക്ഷാൽ ഇലോൺ മസ്ക് തന്നെ..പക്ഷെ മസ്ക് അപ്പോഴും ഒരു കാര്യം ശ്രദ്ധിച്ചിരുന്നോ എന്ന് സംശയമാണ്..തന്റെ സമ്പത്ത് ചോരുന്നു എന്ന് ആ സുപ്രധാന കാര്യം തന്നെ. കാരണം  മെറ്റയുടെ സ്ഥാപകൻ മാർക്ക് സക്കർബർഗ് ടെസ്‌ല, എക്സ് എന്നിവയുടെ ഉടമ ഇലോൺ മസ്‌കിനെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായിരിക്കുന്നു. 2020ന് ശേഷം ആദ്യമായാണ് സക്കർബർഗ് ഈ പദവിയിലെത്തുന്നത്.

ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, 181 ബില്യൺ ഡോളർ (15.07 ലക്ഷം കോടിയിലധികം രൂപ) ആസ്തിയുള്ള ഇലോൺ മസ്‌ക് ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാർച്ച് ആദ്യം, ഈ പട്ടികയിൽ അദ്ദേഹം ഒന്നാം സ്ഥാനത്തായിരുന്നു. ഈ വർഷം, ഇലോൺ മസ്‌കിന്റെ ആസ്തിയിൽ 48.4 ബില്യൺ ഡോളർ (4.03 ലക്ഷം കോടിയിലധികം രൂപ) കുറഞ്ഞു, അതേസമയം സക്കർബർഗിന്റെ സമ്പത്തിൽ 58.9 ബില്യൺ ഡോളർ (4.90 ലക്ഷം കോടി രൂപയിലധികം) വർധിക്കുകയും ചെയ്തു.

ഇന്ത്യയിൽ നിന്നുള്ള ഒരു ശതകോടീശ്വരനും ഈ പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടില്ല. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 112 ബില്യൺ ഡോളർ (ഏകദേശം 9.32 ലക്ഷം കോടി രൂപ) ആസ്തിയുമായി പതിനൊന്നാം സ്ഥാനത്താണ്. അതേസമയം ഗൗതം അദാനി പട്ടികയിൽ 14-ാം സ്ഥാനത്താണ്. 104 ബില്യൺ ഡോളറാണ് (8.66 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.
 
കുറഞ്ഞ വിലയുള്ള കാർ പുറത്തിറക്കാനുള്ള പദ്ധതി ടെസ്‌ല റദ്ദാക്കിയതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു, അതിനുശേഷം ടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞു. അതേ സമയം,  ടെസ്‌ല വാഹനങ്ങളുടെ വിതരണത്തിലും കുറവുണ്ടായി. ഈ വർഷം ഇതുവരെ ടെസ്‌ലയുടെ ഓഹരികൾ 33.62 ശതമാനം ഇടിഞ്ഞു.

click me!