ചൈനയിലെ അവസ്ഥ ഇന്ത്യയിൽ ഉണ്ടാകുമോ?, മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ വിശദീകരിക്കുന്നു !

By Web TeamFirst Published Apr 14, 2020, 4:18 PM IST
Highlights
“മറ്റൊരു യാത്രികനുമായി സ്ഥലം പങ്കിടാൻ വ്യക്തികൾ ഭയപ്പെടുന്നുവെങ്കിൽ അത് സ്വകാര്യ വാഹനങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കും, വാങ്ങുന്നതിനോടുള്ള ആളുകളുടെ മനോഭാവം മാറും”
മുംബൈ: കൊറോണ വൈറസ് മഹാമാരി ഇന്ത്യയുടെ വാഹന വ്യവസായത്തിന് അനുഗ്രഹമായി മാറിയേക്കാമെന്ന് മാരുതി സുസുക്കി ചെയർമാൻ. സാമൂഹിക അകലം ഒരു സാധാരണ രീതിയായി മാറുന്നതോടെ ലോക്ക് ഡൗണിന് ശേഷം ഒരു കാർ ബൂമിന് സാധ്യതയുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു. കൊറോണ പ്രതിസന്ധിക്ക് മുമ്പുതന്നെ വിൽപ്പനയിലെ ഏറ്റവും മോശമായ ഇടിവിലൂടെയാണ് വ്യവസായം കടന്നുപോയത്. 

“മറ്റൊരു യാത്രികനുമായി സ്ഥലം പങ്കിടാൻ വ്യക്തികൾ ഭയപ്പെടുന്നുവെങ്കിൽ അത് സ്വകാര്യ വാഹനങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കും, വാങ്ങുന്നതിനോടുള്ള ആളുകളുടെ മനോഭാവം മാറും” മാരുതിയുടെ ചെയർമാൻ ആർ. സി. ഭാർഗവ ലൈവ് മിന്റിനോട് പറഞ്ഞു. 

ലോകത്തെ നാലാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയിലെ കാർ വിൽപ്പന കഴിഞ്ഞ മാസം 52 ശതമാനം ഇടിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, മാരുതി സുസുക്കി തുടങ്ങിയ കമ്പനികൾക്ക് വലിയ വിൽപ്പന ഇടിവ് നേരിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ടാറ്റ മോട്ടോഴ്സിന് ഉത്പാദനം നിർത്തേണ്ടി വന്നിരുന്നു. 

സാമ്പത്തിക മരവിപ്പിക്കലിന് മുമ്പുള്ള നിലവാരത്തിൽ ഡീലർഷിപ്പുകളിൽ ദിവസേന വിൽപ്പന നടക്കുന്നതായുളള ചൈനയിൽ നിന്നുള്ള വിവരങ്ങൾ ഭാർഗവയുടെ അഭിപ്രായങ്ങളെ ശരിവയ്ക്കുന്നതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. വ്യക്തിഗത വാഹനങ്ങൾ പൊതുഗതാഗതത്തെക്കാൾ സുരക്ഷിതമാണെന്ന് അവർ കാണുന്നതിനാൽ, ഒരു കാർ വാങ്ങുന്നതിന് ചൈനയിൽ ആളുകൾ കൂടുതൽ താൽപര്യം കാണിക്കുന്നതായാണ് റിപ്പോർട്ടുകൾ. 
click me!