
പെട്ടെന്ന് ചികിത്സാ ചെലവ് ഉണ്ടായാല്‍, ഇന്‍ഷുറന്‍സ് കവറേജ് ഇല്ലെങ്കില്‍ പലര്‍ക്കും വായ്പയെടുക്കേണ്ടി വരും. ചിലര്‍ പേഴ്സണല്‍ ലോണിന് ശ്രമിക്കും..ചിലര്‍ മെഡിക്കല്‍ ലോണിനും..ഇതില്‍ ഏതാണ് അനുയോജ്യമായ വായ്പ എന്ന് എങ്ങനെ മനസിലാക്കാം...?പരിശോധിക്കാം..
മെഡിക്കല്‍ ലോണുകള്‍:
കുറഞ്ഞ പലിശ നിരക്കുകള്‍, സൗകര്യപ്രദമായ തിരിച്ചടവ് തുടങ്ങിയ അധിക ആനുകൂല്യങ്ങള്‍ ആണ് മെഡിക്കല്‍ ലോണിന്‍റെ പ്രത്യേകത . ശസ്ത്രക്രിയ, മെഡിക്കല്‍ നടപടിക്രമങ്ങള്‍, ദന്ത ചികിത്സ, ഫെര്‍ട്ടിലിറ്റി ചികിത്സ മുതലായവയ്ക്ക് ഇത്തരം വായ്പകള്‍ ലഭിക്കും. മെഡിക്കല്‍ ലോണുകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത അവ മെഡിക്കല്‍ മേഖലയ്ക്ക് പ്രത്യേകമാണ് എന്നതാണ്. വളരെ പെട്ടെന്ന് തന്നെ തിരിച്ചടവ് തുടങ്ങേണ്ട എന്നതും ഇത്തരം വായ്പകളുടെ പ്രത്യേകതയാണ്.
വ്യക്തിഗത വായ്പകള്‍:
വ്യക്തിഗത വായ്പകള്‍ ഉപയോഗത്തിന്‍റെ കാര്യത്തില്‍ എളുപ്പമാണ്. കടം വാങ്ങുന്നവര്‍ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമല്ല, മറ്റ് സാമ്പത്തിക ആവശ്യങ്ങള്‍ക്കും പണം പ്രയോജനപ്പെടുത്താം. വായ്പാ അപേക്ഷ പെട്ടെന്ന് തന്നെ നല്‍കാം. മെഡിക്കല്‍ വായ്പകളുടെ, മെഡിക്കല്‍ സംബന്ധമായ ഗുണങ്ങള്‍ വ്യക്തിഗത വായ്പകള്‍ക്ക് ഉണ്ടാകണമെന്നില്ല. കൂടാതെ, ഈടാക്കുന്ന പലിശ നിരക്ക് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ക്രെഡിറ്റ് പ്രൊഫൈല്‍, ക്രെഡിറ്റ് സ്കോര്‍, തിരിച്ചടവ് ശേഷി, മുന്‍കാല വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് ചരിത്രം, പ്രതിമാസ ശമ്പളം, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗ ചരിത്രം മുതലായവ പരിശോധി്ച്ച ശേഷമാണ് പലിശ നിശ്ചയിക്കുക.
വ്യക്തിഗത വായ്പകളും മെഡിക്കല്‍ വായ്പകളും തമ്മിലുള്ള വ്യത്യാസം
വ്യക്തിഗത വായ്പകളും മെഡിക്കല്‍ ബില്ലുകള്‍ക്കായി ഉപയോഗിക്കാമെങ്കിലും, രണ്ടും വ്യത്യസ്ത തരത്തിലാണ്. മെഡിക്കല്‍ വായ്പകള്‍ പ്രത്യേകമായി മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ളതാണ്, കൂടാതെ എളുപ്പമുള്ള തിരിച്ചടവും കുറഞ്ഞ പലിശയും ഇവയുടെ പ്രത്യേകതയാണ്. ശസ്ത്രക്രിയകള്‍, ശസ്ത്രക്രിയാനന്തര ചികിത്സ തുടങ്ങിയ വിവിധ മെഡിക്കല്‍ ഫീസുകള്‍ ഉള്‍ക്കൊള്ളുന്നവയാണ് മെഡിക്കല്‍ വായ്പകള്‍. മെഡിക്കല്‍ വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യക്തിഗത വായ്പകള്‍ക്ക് കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകളും ഉയര്‍ന്ന പലിശ നിരക്കുകളും ഉണ്ട്.
ഏത് വായ്പയെന്ന് എങ്ങനെ തീരുമാനിക്കാം?
എല്ലാ ചെലവുകളും മെഡിക്കല്‍ സ്വഭാവമുള്ളതാണെങ്കില്‍ ഒരു മെഡിക്കല്‍ ലോണ്‍ തിരഞ്ഞെടുക്കുക.
മെഡിക്കല്‍ ചെലവുകള്‍ക്ക് പുറമെ മറ്റ് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെങ്കില്‍ ഒരു പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുക.
വായ്പയുടെ പലിശ നിരക്ക്, വ്യവസ്ഥകള്‍, നിബന്ധനകള്‍, തിരിച്ചടവ് കാലയളവ് തുടങ്ങിയ വിഷയങ്ങള്‍ പരിശോധിക്കുക