
സൗരോര്‍ജ മേഖലയില്‍ ഇന്ത്യ വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുമ്പോള്‍, പ്രമുഖ ഗ്രൂപ്പുകളായ അദാനിക്കും റിലയന്‍സിനും പിന്നാലെ വിപണിയില്‍ തരംഗമായി രണ്ട് വമ്പന്‍ കമ്പനികള്‍ കൂടി. വാരി എനര്‍ജീസും പ്രീമിയര്‍ എനര്‍ജീസും ആണ് 73,000 കോടി രൂപയുടെ വമ്പന്‍ ഓര്‍ഡറുകളുമായി ഈ മേഖലയില്‍ മുന്നേറുന്നത്. നിലവില്‍ 2024-ല്‍ ഏകദേശം 20,000 കോടി രൂപയോളമുള്ള (23.9 ബില്യണ്‍ ഡോളര്‍) ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ വിപണി 2033-ഓടെ 4.5 ലക്ഷം കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. 2030-ഓടെ 500 ജിഗാവാട്ട് ഹരിത ഊര്‍ജം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുകയാണ്.
വാരി എനര്‍ജീസ്: 60,000 കോടിയുടെ പടുകൂറ്റന്‍ ഓര്‍ഡറുകള്‍
സൗരോര്‍ജ പാനലുകളുടെ നിര്‍മ്മാണത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് വാരി എനര്‍ജീസ്. വെറുമൊരു പാനല്‍ നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ നിന്ന് , ഊര്‍ജ മേഖലയിലെ എല്ലാ സേവനങ്ങളും നല്‍കുന്ന സമ്പൂര്‍ണ്ണ പ്ലാറ്റ്ഫോമായി കമ്പനി മാറിക്കഴിഞ്ഞു.
റെക്കോര്‍ഡ് വളര്‍ച്ച: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 119% വര്‍ധിച്ച് 7,565 കോടി രൂപയായി.
ഓര്‍ഡര്‍ ബുക്ക്: നിലവില്‍ 60,000 കോടി രൂപയുടെ ഓര്‍ഡറുകളാണ് കമ്പനിയുടെ കൈവശമുള്ളത്. ഇതില്‍ 65 ശതമാനവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളതാണ്.
നിര്‍മ്മാണ വേഗത: ഒരു മിനിറ്റില്‍ 52 സോളാര്‍ മോഡ്യൂളുകള്‍ എന്ന വേഗതയില്‍ പാനലുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനിയാണിത്.
ഭാവി പ്ലാനുകള്‍: സോളാര്‍ പാനലുകള്‍ക്ക് പുറമെ ഗ്രീന്‍ ഹൈഡ്രജന്‍, ബാറ്ററി സ്റ്റോറേജ് തുടങ്ങിയ മേഖലകളിലേക്കും കമ്പനി 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്നുണ്ട്.
പ്രീമിയര്‍ എനര്‍ജീസ്: കാര്യക്ഷമതയുടെ കരുത്ത്
തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രീമിയര്‍ എനര്‍ജീസ്, സൗരോര്‍ജ സെല്ലുകളുടെയും മോഡ്യൂളുകളുടെയും നിര്‍മ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാരി എനര്‍ജീസിനെ അപേക്ഷിച്ച് വലിപ്പത്തില്‍ ചെറുതാണെങ്കിലും പ്രവര്‍ത്തന മികവില്‍ പ്രീമിയര്‍ മുന്നിലാണ്.
വരുമാന വര്‍ധന: മൂന്നാം പാദത്തില്‍ 1,937 കോടി രൂപയുടെ വരുമാനം നേടിയ കമ്പനി, 391 കോടി രൂപ ലാഭമുണ്ടാക്കി.
ഓര്‍ഡര്‍ ബുക്ക്: 13,724 കോടി രൂപയുടെ ഓര്‍ഡറുകളാണ് കമ്പനിക്കുള്ളത്. ഇതിന്റെ പ്രത്യേകത 100 ശതമാനവും ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള ഓര്‍ഡറുകളാണ് എന്നതാണ്.
മിഷന്‍ 2028: 2028-ഓടെ ലോകോത്തര നിലവാരമുള്ള ക്ലീന്‍-ടെക് കമ്പനിയായി മാറാനാണ് പ്രീമിയര്‍ ലക്ഷ്യമിടുന്നത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി പുതിയ നിര്‍മ്മാണ പ്ലാന്റുകള്‍ അതിവേഗം പൂര്‍ത്തിയായി വരുന്നു.
ഇന്ത്യന്‍ വിപണിയില്‍ സോളാര്‍ പാനലുകളുടെ ആവശ്യം 2035-ഓടെ ഇരട്ടിയായി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'പി.എം സൂര്യഘര്‍', 'പി.എം കുസും' തുടങ്ങിയ പദ്ധതികളും ഈ കമ്പനികള്‍ക്ക് വലിയ കരുത്താകും.