27 വർഷത്തെ ദാമ്പത്യം അവസാനിച്ചു: ലോകത്തിലെ ഏറ്റവും ധനികരായ വനിതകളുടെ പട്ടികയിലേക്ക് മെലിൻഡ ഗേറ്റ്സും

By Web TeamFirst Published Aug 3, 2021, 5:53 PM IST
Highlights

മെയ് മാസത്തിലാണ് വിവാഹമോചനം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. 

ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകസമ്പന്നരിൽ നാലാം സ്ഥാനക്കാരനുമായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും 27 വർഷത്തെ ദാമ്പത്യം ഔദ്യോഗികമായി അവസാനിപ്പിച്ചു. വാഷിങ്ടൺ കിങ് കൗണ്ടിയിലെ ജഡ്ജിയാണ് അവസാന വിധി പ്രഖ്യാപിച്ചത്. വിവാഹ മോചന കരാർ പ്രകാരം ഇരുവരും സ്വത്തുക്കൾ പങ്കുവയ്ക്കും. 

ബിൽ ഗേറ്റ്സിന്റെ ആസ്തി 13,050 കോടി ഡോളർ (9.65 ലക്ഷം കോടി രൂപ) ആണ്. സ്വത്ത് എങ്ങനെ വിഭജിക്കുമെന്നതിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. തന്റെ പേരിന്റെ അവസാന നാമം നിലനിർത്തുന്നതായി മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ് അറിയിച്ചു. സ്വത്ത് വിഭജനം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ധനികരായ വനിതകളിൽ ഒരാളായി അവർ ഉയർന്നുവരും. എന്നാൽ അവരുടെ ആസ്തി എത്രയായിരിക്കും എന്നത് സ്വത്തുകളുടെ വിഭജന പ്രക്രിയ പൂർത്തിയായ ശേഷമേ അറിയാൻ സാധിക്കുകയൊള്ളൂ. 

ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റിയായ പ്രസ്ഥാനമായ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയർ കൂടിയാണ് മെലിൻഡ. മെയ് മാസത്തിലാണ് വിവാഹമോചനം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. 2021 മെയ് തുടക്കത്തിൽ ബിൽ ഗേറ്റ്സ് മൂന്ന് ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരി വിഹിതം മെലിൻഡയ്ക്ക് കൈമാറിയിരുന്നു. മൂന്ന് മക്കളിൽ ഏറ്റവും ഇളയവൾക്ക് 18 വയസ്സ് തികഞ്ഞതിന് പിന്നാലെയാണ് ഇരുവരും വിവാഹ മോചന തീരുമാനം വെളിപ്പെടുത്തിയത്. 

വേർപിരിയുമെങ്കിലും ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിലൂടെയുളള ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഇരുവരും വ്യക്തമാക്കി. ഇരുവരുടെയും സമ്പാദ്യത്തിന്റെയും നല്ലൊരു ഭാ​ഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് മാറ്റിവയ്ക്കപ്പെടുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!