ചോദ്യങ്ങൾക്കുത്തരം പറയുക മാത്രമല്ല സ്വന്തമായി കാര്യങ്ങൾ ചെയ്യും! 'മ്യൂസ്' എഐ അസിസ്റ്റന്റുമായി മെറ്റ

Published : Sep 09, 2026, 04:27 PM IST
Meta AI

Synopsis

'മ്യൂസ്' എന്ന പേരിൽ ഒരു പുതിയ എഐ ഏജന്റിനെ അവതരിപ്പിച്ച് മെറ്റ. ഇത് ഉപയോക്താക്കൾക്കായി ഇമെയിലുകൾ അയക്കുന്നതും ഷോപ്പിംഗ് നടത്തുന്നതും പോലുള്ള ജോലികൾ സ്വതന്ത്രമായി ചെയ്യും. സാധാരണ ചാറ്റ്‌ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തിക്കുകയും ഉപയോക്താക്കൾക്ക് ആപ്പുകളിലേക്കുള്ള ആക്‌സസ് നിയന്ത്രിക്കാൻ അവസരം നൽകുകയും ചെയ്യുന്നു.

നിങ്ങൾക്കായി ഇമെയിലുകൾ അയക്കാനും യാത്രകൾ ബുക്ക് ചെയ്യാനും ഓൺലൈൻ ഷോപ്പിംഗ് നടത്താനും ശേഷിയുള്ള എഐ കൂടെയുണ്ടെങ്കിലോ? ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ചാറ്റ്‌ബോട്ടുകൾക്ക് പകരം, ഉപയോക്താക്കൾക്ക് വേണ്ടി സ്വതന്ത്രമായി ജോലികൾ ചെയ്തുതീർക്കാൻ കഴിവുള്ള ഒരു എഐ.. എന്നാൽ അങ്ങനെയൊന്ന് അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. 'മ്യൂസ്' (Muse) എന്നാണ് ഈ എഐ ഏജന്റിന് പേര് നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ ഈ സംവിധാനം നിലവിൽ അമേരിക്കയിലെ മുതിർന്ന ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. പ്രത്യേക ആപ്പ് വഴിയും വാട്ട്‌സ്ആപ്പ് വഴിയും 'മ്യൂസ്' ഉപയോഗിക്കാം.

സാധാരണ ചാറ്റ്‌ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, നിർദ്ദേശം നൽകിയ ശേഷം ബാക്ക്ഗ്രൗണ്ടിൽ (background) തനിയെ പ്രവർത്തിച്ച് കാര്യങ്ങൾ പൂർത്തിയാക്കാൻ മ്യൂസിന് സാധിക്കും. ഉപയോക്താക്കളുടെ ഡാറ്റയും അക്കൗണ്ട് വിവരങ്ങളും സംരക്ഷിക്കാൻ 'മ്യൂസ് സെക്യൂർ വിഎം' (Muse Secure VM) എന്ന ഐസൊലേറ്റഡ് ലിനക്സ് കമ്പ്യൂട്ടർ അധിഷ്ഠിത വെർച്വൽ മെഷീനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇമെയിൽ, കലണ്ടർ, പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ, ഷോപ്പിംഗ് ആപ്പുകൾ, സ്മാർട്ട് ഹോം സിസ്റ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ മ്യൂസിന് കഴിയും. ഏതൊക്കെ ആപ്പുകളിലേക്ക് മ്യൂസിന് ആക്സസ് നൽകണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. ഈ അനുമതികൾ ഏത് സമയത്തും പിൻവലിക്കാനും സാധിക്കും.

സൗജന്യ സേവനത്തിന് പുറമെ കൂടുതൽ സൗകര്യമുള്ള പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളും മെറ്റ നൽകുന്നുണ്ട്. ഭാവിയിൽ മെറ്റയുടെ സ്മാർട്ട് ഗ്ലാസുകളിലേക്കും ഈ അസിസ്റ്റന്റ് വ്യാപിപ്പിക്കും. ഉപയോക്താക്കളുടെ അനുമതി വാങ്ങിയ ശേഷം മാത്രമേ സെൻസിറ്റീവ് ആയ കാര്യങ്ങൾ ചെയ്യൂ എന്ന് കമ്പനി വ്യക്തമാക്കി. പരസ്യങ്ങൾക്ക് പുറമെയുള്ള വരുമാന മാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് എഐ അടിസ്ഥാനസൗകര്യങ്ങൾക്കായി ഈ വർഷം 130 ശതകോടി ഡോളറിലധികം നിക്ഷേപം നടത്താൻ മെറ്റ ലക്ഷ്യമിടുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഒടിടിയിലേക്ക് ചേക്കേറി ഇന്ത്യക്കാര്‍; പ്രേക്ഷകരുടെ എണ്ണം 66.4 കോടി കടന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്
ഉപയോക്താക്കളുടെ എച്ച്ഐവി വിവരങ്ങള്‍ ചോര്‍ത്തി; ഡേറ്റിങ് ആപ്പായ ഗ്രൈന്‍ഡര്‍ നല്‍കേണ്ടത് 26 ദശലക്ഷം പൗണ്ട് നഷ്ടപരിഹാരം