
ഇന്ത്യക്കാരുടെ വിനോദ ശീലങ്ങളില്‍ വന്‍ വിപ്ലവവുമായി ഒടിടി പ്ലാറ്റ്ഫോമുകള്‍. രാജ്യത്തെ ആകെ ജനസംഖ്യയുടെ 45 ശതമാനവും, അതായത് 66.49 കോടി ആളുകളും ഇന്ന് ഒടിടി പ്രേക്ഷകരാണെന്ന് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 'ഓര്‍മാക്‌സ് ഒടിടി ഓഡിയന്‍സ് റിപ്പോര്‍ട്ട്: 2026' ലാണ് ഇന്ത്യയിലെ ഒടിടി വിപണിയുടെ അമ്പരപ്പിക്കുന്ന വളര്‍ച്ചയുടെ കണക്കുകളുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ സൗജന്യമായോ പണം നല്‍കിയോ കുറഞ്ഞത് ഒരു ഓണ്‍ലൈന്‍ വീഡിയോ എങ്കിലും കണ്ടവരെയാണ് റിപ്പോര്‍ട്ടില്‍ ഒടിടി പ്രേക്ഷകരായി കണക്കാക്കിയിരിക്കുന്നത്. രാജ്യത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 15,000 പേരില്‍ നിന്ന് 2026 ജൂണ്‍, ജൂലൈ മാസങ്ങളിലായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പ്രേക്ഷകരുടെ വളര്‍ച്ച: 2025-ല്‍ 60.12 കോടിയായിരുന്ന ഒടിടി പ്രേക്ഷകരുടെ എണ്ണം ഒറ്റവര്‍ഷം കൊണ്ട് 11 ശതമാനം വര്‍ധിച്ച് 66.49 കോടിയായി.
പെയ്ഡ് സബ്‌സ്‌ക്രിപ്ഷനുകള്‍: ടെലികോം റീച്ചാര്‍ജ് ഓഫറുകളും ഒടിടി അഗ്രഗേറ്ററുകളും വഴി എടുത്തവ ഉള്‍പ്പെടെ, പണം നല്‍കിയുള്ള ഒടിടി സബ്‌സ്‌ക്രിപ്ഷനുകളുടെ എണ്ണം 17.26 കോടിയായിഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ 14.82 കോടിയെ അപേക്ഷിച്ച് 16 ശതമാനമാണ് വളര്‍ച്ച.
നഗരങ്ങളിലെ കുതിപ്പ്: രാജ്യത്തെ 44 നഗരങ്ങളില്‍ ഇപ്പോള്‍ കുറഞ്ഞത് 10 ലക്ഷത്തിന് മുകളില്‍ ഒടിടി പ്രേക്ഷകരുണ്ട്.
മൊബൈല്‍ ഫോണുകളില്‍ മാത്രം ഒതുങ്ങാതെ വീടുകളിലെ വലിയ ടിവി സ്‌ക്രീനുകളിലേക്ക് സ്ട്രീമിങ് മാറിയതാണ് പ്രധാന സവിശേഷത. ഇന്ത്യയിലെ കണക്റ്റഡ് ടിവി ഉപയോക്താക്കളുടെ എണ്ണം 20.69 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനത്തിന്റെ വന്‍ വര്‍ധനവാണിത്. ഇന്ത്യയിലെ ഒരു ഒടിടി പ്രേക്ഷകന്‍ ശരാശരി 14.9 മണിക്കൂറാണ് ആഴ്ചയില്‍ സ്ട്രീമിങ്ങിനായി ചെലവഴിക്കുന്നത്. സോഷ്യല്‍ മീഡിയ, മൈക്രോ ഡ്രാമ പ്ലാറ്റ്ഫോമുകള്‍, ഫാസ്റ്റ് ചാനലുകള്‍ എന്നിവ വഴി കാണുന്ന വീഡിയോകളും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്താകെ പ്രതിവര്‍ഷം 51,700 കോടി മണിക്കൂര്‍ വീഡിയോകളാണ് ആളുകള്‍ കാണുന്നത്.
ഓഡിയോ സ്ട്രീമിങ്ങും ഹിറ്റ്
ഓഡിയോ സ്ട്രീമിങ്: പാട്ടുകളും പോഡ്കാസ്റ്റുകളും കേള്‍ക്കുന്ന ഓഡിയോ സ്ട്രീമിങ് മേഖലയും ശക്തമാണ്. പ്രതിമാസം 22.73 കോടി ആളുകള്‍ ഓഡിയോ സ്ട്രീം ചെയ്യുന്നുണ്ട്. ഇതില്‍ 1.5 കോടി ആളുകള്‍ പണം നല്‍കി സബ്സ്‌ക്രൈബ് ചെയ്തവരാണ്.