'മൈലാഞ്ചി മൊഞ്ചു' കെടുന്നു; യുദ്ധക്കെടുതിയില്‍ വാടി രാജസ്ഥാനിലെ മൈലാഞ്ചി വിപണി, ഉണ്ടായത് കോടികളുടെ നഷ്ടം

Published : Apr 06, 2026, 04:43 PM IST
mehandi design

Synopsis

പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം രാജസ്ഥാനിലെ ലോകപ്രശസ്തമായ സോജത്ത് മൈലാഞ്ചി വ്യവസായത്തെ ഗുരുതരമായി ബാധിക്കുന്നു. കയറ്റുമതി നിലച്ചതോടെ കോടിക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങൾ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയും ഉത്പാദനം 80% വരെ കുറയുകയും ചെയ്തു. ദുബായ് വഴിയുള്ള പ്രധാന ചരക്ക് നീക്കം തടസ്സപ്പെട്ടതാണ് ഈ അഭൂതപൂർവമായ പ്രതിസന്ധിക്ക് കാരണം.

പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ അതിന്റെ കയ്പ്പ് നീരനുഭവിക്കുകയാണ് രാജസ്ഥാനിലെ ലോകപ്രശസ്തമായ മൈലാഞ്ചി വ്യവസായം. യുഎസ്, ഇസ്രായേല്‍, ഇറാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പാലി ജില്ലയിലെ സോജത്തിലുള്ള മൈലാഞ്ചി വിപണിയെ തളര്‍ത്തിക്കഴിഞ്ഞു. കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങളാണ് തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത്.

വാടിത്തളര്‍ന്ന് വിപണി

ലോകമെമ്പാടുമുള്ള സിനിമ താരങ്ങള്‍ക്കും , വിവാഹാവസരങ്ങളില്‍ സ്ത്രീകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് സോജത്തിലെ മൈലാഞ്ചി. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ കയറ്റുമതി നിലച്ചു, ഉല്‍പ്പാദനം കുത്തനെ കുറഞ്ഞു. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് പോലും നേരിടാത്ത അത്ര വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു.

പ്രധാന കണക്കുകള്‍ ഒറ്റനോട്ടത്തില്‍:

വ്യവസായ മൂല്യം: വര്‍ഷം 4,000 - 5,000 കോടി രൂപ.

തുറമുഖങ്ങളില്‍ കുടുങ്ങിയത്: 250 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍.

ഉല്‍പ്പാദനത്തിലെ കുറവ്: മൊത്തം ഉല്‍പ്പാദനത്തില്‍ 80% വരെ ഇടിവ്.

ഫാക്ടറികള്‍: സോജത്തിലെ 150-ഓളം ഫാക്ടറികളില്‍ ഭൂരിഭാഗവും പൂട്ടി അല്ലെങ്കില്‍ പ്രവര്‍ത്തനം പകുതിയാക്കി.

ദുബായ് തുറമുഖം അടഞ്ഞു; പ്രതിസന്ധി രൂക്ഷം

സോജത്തില്‍ നിന്നുള്ള മൈലാഞ്ചി പ്രധാനമായും വിദേശത്തേക്ക് പോകുന്നത് ദുബായിലെ ജെബല്‍ അലി തുറമുഖം വഴിയാണ്. യുദ്ധം കാരണം കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതോടെ കണ്ടെയ്നറുകള്‍ എവിടെയാണെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് വ്യാപാരികള്‍. മറ്റ് വഴികളിലൂടെ ചരക്ക് നീക്കം നടത്തുന്നത് അമിത ചെലവായതിനാല്‍ അത് പ്രായോഗികമല്ലെന്നും വ്യാപാരികള്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങള്‍, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചു. ആഭ്യന്തര വിപണിയില്‍ ചെറിയ തോതില്‍ വില്‍പന നടക്കുന്നുണ്ടെങ്കിലും ഡോളറിലുള്ള വരുമാനം നിലച്ചത് വലിയ തിരിച്ചടിയാണ്.

PREV
Read more Articles on
click me!

Recommended Stories

ഇറാന്‍ ഭീഷണിക്കെതിരെ യുഎഇക്ക് സഹായവാഗ്ദാനവുമായി ട്രംപിന്റെ മക്കള്‍; ഡ്രോണുകളെ തകര്‍ക്കാന്‍ വന്‍ ആയുധ കരാറിന് നീക്കം
ചരിത്ര നേട്ടവുമായി ഇന്ത്യ! 62.66 ശതമാനത്തിന്റെ വന്‍ വര്‍ധനവ്, പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം