Latest Videos

റസ്റ്റോറന്റുകൾ നേരത്തെ അടയ്ക്കണം, രാത്രി പിസ്സയോ ഐസ്ക്രീമോ ഇല്ല; ടൂറിസം കുറയ്ക്കാൻ പാടുപെട്ട് ഈ നഗരം

By Web TeamFirst Published Apr 24, 2024, 9:47 PM IST
Highlights

ഇറ്റലിയിലെ മിലാനാണ് അമിത വിനോദസഞ്ചാരം കൊണ്ടുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്.

വിനോദസഞ്ചാരികളെ പരമാവധി ആകർഷിച്ച് വരുമാനം കൂട്ടാനുള്ള വിവിധ രാജ്യങ്ങളുടെ ശ്രമങ്ങളെക്കുറിച്ച് നമുക്കറിയാം. ഇന്ത്യയാണെങ്കിൽ അതുല്യ ഭാരതം എന്ന പേരിലും കേരളമാണെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിലുമെല്ലാം സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രചാരണങ്ങൾ നടത്തിവരികയാണ്. അതേ സമയം വിനോദസഞ്ചാരികളെ കൊണ്ട് പൊറുതിമുട്ടി അവരുടെ എണ്ണം നിയന്ത്രിക്കാനുള്ള ഒരു പട്ടണത്തിന്റെ ശ്രമങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ സംഗതി സത്യമാണ്. ഇറ്റലിയിലെ മിലാനാണ് അമിത വിനോദസഞ്ചാരം കൊണ്ടുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്. ഏറ്റവുമൊടുവിലായി സന്ദർശകരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ് മിലാൻ . ഇതിന്റെ ഭാഗമായി   ഫാഷൻ തലസ്ഥാനം കൂടിയായ മിലാൻ,  പ്രവൃത്തിദിവസങ്ങളിൽ 12.30 നും വാരാന്ത്യങ്ങളിൽ 1.30 നും ശേഷം പിസ്സയ്ക്കും ഐസ്‌ക്രീമിനും നിരോധനം ഏർപ്പെടുത്തി.  കൂടാതെ റെസ്റ്റോറന്റുകളും ബാറുകളും  നേരത്തെ അടയ്ക്കാനും ഭരണകൂടം ആവശ്യപ്പെട്ടു.   താമസക്കാരുടെ സമാധാനവും ആരോഗ്യവും, വ്യാപാരികളുടെയും സംരംഭകരുടെയും സ്വതന്ത്രമായ പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഞങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മിലാനിലെ ഡെപ്യൂട്ടി മേയർ വ്യക്തമാക്കി. രാത്രി വൈകിയും നഗരങ്ങളിലെ തിരക്കും ശബ്ദായമാനമായ അന്തരീക്ഷവും കുറയ്ക്കുകയും ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്.

ഇത്തരം നടപടികൾ പ്രഖ്യാപിക്കുന്ന  ആദ്യത്തെ ഇറ്റാലിയൻ നഗരമല്ല മിലാൻ . സന്ദർശകരെ നിയന്ത്രിക്കുന്നതിനായി വെനീസിൽ  വസന്തകാലത്ത് ടൂറിസ്റ്റ് നികുതി ഏർപ്പെടുത്തുന്നുണ്ട്.   നഗരത്തിൽ പ്രവേശിക്കുന്നതിന് സന്ദർശകർ അധിക ഫീസ് നൽകണം. ബിനാലെ പോലുള്ള പരിപാടികളിൽ ജനത്തിരക്ക് കുറയ്ക്കുകയും ഇത് വഴി ഉദ്ദേശിക്കുന്നുണ്ട്. 


നെതർലാൻഡ്സിന്റെ തലസ്ഥാനനഗരമായ  ആംസ്റ്റർഡാം കഴിഞ്ഞ വർഷം   "സ്റ്റേ എവേ "  എന്ന പേരിലുള്ള പ്രചാരണം ആരംഭിച്ചിരുന്നു.   യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുമുള്ള ശല്യമുണ്ടാക്കുന്ന സന്ദർശകരെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പരിപാടി ആവിഷ്ക്കരിച്ചിരിക്കുന്നത്.  ഇതിന്റെ ഭാഗമായി ആംസ്റ്റർഡാം ചില പ്രദേശങ്ങളിൽ  കഞ്ചാവ് വലിക്കുന്നതിന് നിരോധനം പ്രഖ്യാപിച്ചു. ഇതിന് പുറമേ മദ്യപാനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും കഫേകൾ, ബാറുകൾ, സെക്‌സ് ക്ലബ്ബുകൾ എന്നിവ നേരത്തേ അടച്ചുപൂട്ടുകയും ചെയ്യുന്നുണ്ട്. 

 

tags
click me!