ഇന്ത്യയില്‍ അതിസമ്പന്നര്‍ വര്‍ധിക്കുന്നു, ആദ്യ പത്തിനുള്ളില്‍ ഇടം നേടി രാജ്യം

By Web TeamFirst Published Dec 11, 2019, 5:56 PM IST
Highlights

ഏറ്റവും കൂടുതൽ ധനികരുള്ള രാജ്യം അമേരിക്കയാണ്. ആകെ ധനികരുടെ എണ്ണത്തിൽ 40 ശതമാനവും അമേരിക്കയിലാണ്. 

ദില്ലി: ഇന്ത്യയിലെ കോടീശ്വരന്മാരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടയിൽ 4.7 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട്. ക്രെഡിറ്റ് സ്യുസ്സേയുടെ ആഗോള ആസ്തി റിപ്പോർട്ട് 2019 ലാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ഇന്ത്യ.

ലോകത്ത് 4.67 കോടി കോടീശ്വരന്മാരുണ്ടെന്നാണ് പട്ടികയിൽ പറയുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 2.5 ശതമാനം (11.4 ലക്ഷം) കോടീശ്വരന്മാരുടെ വർധനവാണ് പട്ടികയിൽ ഉണ്ടായത്. 2018 ൽ ഇന്ത്യയിൽ 7.25 ലക്ഷം പേരായിരുന്നു കോടീശ്വരന്മാർ. ഒരു വർഷം കൊണ്ട് ഇത് 7.59 ലക്ഷമായി.

ഏറ്റവും കൂടുതൽ ധനികരുള്ള രാജ്യം അമേരിക്കയാണ്. ആകെ ധനികരുടെ എണ്ണത്തിൽ 40 ശതമാനവും അമേരിക്കയിലാണ്. 1.79 കോടി പേരാണ് ഇവിടുള്ളത്. 2018 നെ അപേക്ഷിച്ച് 6.7 ലക്ഷം പേരാണ് കോടീശ്വര പട്ടികയിൽ ഒരു വർഷത്തിനിടെ ഇടംപിടിച്ചത്. ചൈനയാണ് രണ്ടാമത്. ഇവിടെ 44.47 ലക്ഷം അതിസമ്പന്നരാണ് ഉള്ളത്. 2018 ൽ 42.89 ലക്ഷമായിരുന്നു.

ജപ്പാൻ 30.25 ലക്ഷം പേരുമായി മൂന്നാം സ്ഥാനത്താണ്. ഇവരുടെ ശരാശരി ആസ്തി 1.10 ലക്ഷം ഡോളറാണ്. നാലാം സ്ഥാനത്തുള്ള ജർമ്മനിയിൽ 21.87 ലക്ഷം പേരാണ് ഉള്ളത്. കാനഡയിൽ 13.22 ലക്ഷം പേരും സ്പെയിനിൽ 9.79 ലക്ഷം പേരുമാണ് കോടീശ്വരന്മാർ. നെതർലന്റാണ് ഏഴാം സ്ഥാനത്ത്. ഇവിടെ 8.32 ലക്ഷം പേരാണ് അതിസമ്പന്നർ. 8.1 ലക്ഷം പേരുമായി എട്ടാം സ്ഥാനത്ത് സ്വിറ്റ്സർലന്റാണ്. ബ്രസീലാണ് പട്ടികയിൽ പത്താം സ്ഥാനത്ത്. ഇവിടെ 2.59 ലക്ഷം കോടീശ്വരന്മാരുണ്ട്. ഒരു വർഷത്തിനിടയിൽ രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തിൽ 19.4 ശതമാനം വർധനവാണ് ഉണ്ടായത്.

click me!