കേരളത്തിലടക്കം ഉള്ളിക്ക് തീവില; 25 രൂപ നിരക്കിൽ ഉളളിയെത്തിച്ച് ആന്ധ്ര മുഖ്യമന്ത്രി

By Web TeamFirst Published Dec 10, 2019, 9:38 PM IST
Highlights

എന്തൊക്കെ സംഭവിച്ചാലും വിപണിയിൽ വില കുറയുന്നത് വരെ ഉള്ളി 25 രൂപ നിരക്കിൽ വിൽക്കും. ഇതിനായി സംസ്ഥാനത്തൊട്ടാകെ 101 റിതു ബസാറുകളാണ് പ്രവർത്തിക്കുന്നത്

ഹൈദരാബാദ്: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുമ്പോഴും വില നിയന്ത്രിക്കാനുള്ള ഇടപെടൽ തുടരുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. കേരളത്തിൽ 160 രൂപ പിന്നിട്ടിരിക്കുകയാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പച്ചക്കറി മാർക്കറ്റുകളായ റിതു ബസാറുകൾ വഴി കിലോയ്ക്ക് 25 രൂപ നിരക്കിലാണ് ആന്ധ്ര പ്രദേശിൽ ഉള്ളി വിൽക്കുന്നത്.

ആന്ധ്ര പ്രദേശ് മാത്രമാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഉള്ളി വിൽക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എന്തൊക്കെ സംഭവിച്ചാലും വിപണിയിൽ വില കുറയുന്നത് വരെ ഉള്ളി 25 രൂപ നിരക്കിൽ വിൽക്കുമെന്നും പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 101 റിതു ബസാറുകളാണ് പ്രവർത്തിക്കുന്നത്.

സംസ്ഥാനത്ത് ഉള്ളി വില ഉയരുമ്പോഴും സർക്കാർ നോക്കിയിരിക്കുകയാണെന്ന് ആരോപിച്ച് തെലുഗുദേശം പാർട്ടി നേതാവും മുൻമുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡു നിയമസഭാ മന്ദിരത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

തിങ്കളാഴ്ച കൃഷ്ണ ജില്ലയിലെ റിതു ബസാറിൽ ഉള്ളിക്ക് വേണ്ടി ക്യൂവിൽ നിന്നിരുന്ന  65കാരൻ ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. ഇദ്ദേഹത്തിന് 10 വർഷം മുൻപും ഹൃദയാഘാതം സംഭവിച്ചിരുന്നുവെന്നാണ് ജഗൻ മോഹൻ റെഡ്ഡി സർക്കാർ പ്രതികരിച്ചത്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആന്ധ്രപ്രദേശിലാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ഉള്ളി ലഭിക്കുന്നതെന്ന് ആന്ധ്ര മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞു. ഒരു സംസ്ഥാനവും ഉള്ളി സംഭരിക്കാനും കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യാനും ശ്രമിച്ചിട്ടില്ലെന്നും അതേസമയം ആന്ധ്രപ്രദേശിൽ മാത്രം ഉള്ളി 25 രൂപയ്ക്ക് ലഭിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്ത് ഇതുവരെ 38496 ക്വിന്റൽ ഉള്ളിയാണ് കിലോയ്ക്ക് 25 രൂപ നിരക്കിൽ റിതു ബസാറുകൾ വഴി വിറ്റഴിച്ചത്.

click me!