കൊവിഡ് കാലത്ത് പുതുവഴി തേടി മന്ത്രി; ഇപ്പോൾ മാസം കിട്ടുന്നത് നാല് ലക്ഷം രൂപ; വെളിപ്പെടുത്തി നിതിൻ ഗഡ്കരി

By Web TeamFirst Published Sep 17, 2021, 11:01 PM IST
Highlights

ദില്ലി - മുംബൈ എക്സ്പ്രസ് വേയുടെ പുരോഗതി വിലയിരുത്തിയ ശേഷം ബറുച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദില്ലി: തനിക്ക് മാസംതോറും നാല് ലക്ഷം രൂപ വീതം ലഭിക്കുന്നത് എങ്ങിനെയെന്ന് വെളിപ്പെടുത്തി കേന്ദ്ര റോഡ്-ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. യൂട്യൂബ് വഴിയാണ് അദ്ദേഹത്തിന് റോയൽറ്റിയായി ഈ തുക ലഭിക്കുന്നത്. കൊവിഡ് 19 മഹാമാരിക്ക് ശേഷം ആളുകളുടെ സോഷ്യൽ മീഡിയ ഉപയോഗം കൂടിയെന്നും ഈ സമയത്ത് താൻ തുടങ്ങിയ ലെക്ചർ വീഡിയോകൾക്ക് മികച്ച പ്രേക്ഷകരെ ലഭിച്ചുവെന്നും കേന്ദ്രമന്ത്രി പറയുന്നു.

ദില്ലി - മുംബൈ എക്സ്പ്രസ് വേയുടെ പുരോഗതി വിലയിരുത്തിയ ശേഷം ബറുച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മന്ത്രാലയം റോഡ് നിർമ്മിക്കുന്ന കരാറുകാരെയും കൺസൾട്ടന്റുമാരെയും നിരന്തരം വിലയിരുത്താൻ തുടങ്ങിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് താൻ രണ്ട് കാര്യങ്ങളാണ് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. 'ഒരു പാചകക്കാരനായി വീട്ടിൽ തന്നെ ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങി. വീഡിയോ കോൺഫറൻസ് വഴി ആളുകൾക്ക് ക്ലാസുകൾ നൽകി. ഓൺലൈനായി 950 ലെക്ചറുകൾ എടുത്തു. രണ്ട് വിദേശ സർവകലാശാലകളിലെ കുട്ടികൾക്കും ക്ലാസെടുത്തു. അവയെല്ലാം യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു,'- അദ്ദേഹം പറഞ്ഞു.

'യൂട്യൂബിലെ എന്റെ കാണികളുടെ എണ്ണം വർധിച്ചു. അതുകൊണ്ടുതന്നെ യൂട്യൂബ് ഇപ്പോൾ എനിക്ക് മാസം നാല് ലക്ഷം രൂപ റോയൽറ്റിയായി നൽകുന്നുണ്ട്.' രാജ്യത്ത് നല്ല കാര്യം ചെയ്യുന്നവർക്ക് മതിയായ പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന വാദവും അദ്ദേഹം ഉയർത്തി. പ്രമുഖ വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!