'ഫ്രീഡം 251' ഫോണിന് പിന്നിലെ 'നായകൻ' ഡ്രൈ ഫ്രൂട്ട് ബിസിനസ് തട്ടിപ്പിൽ പിടിയിൽ

By Web TeamFirst Published Aug 26, 2021, 11:42 AM IST
Highlights

നേരത്തെ റിങിങ് ബെൽസ് എന്ന കമ്പനി സ്ഥാപിച്ചാണ് മോഹിത് ഗോയൽ 251 രൂപയ്ക്ക് ഫോൺ നൽകുമെന്ന് പ്രഖ്യാപിച്ചത്. 

ദില്ലി: ഫ്രീഡം 251 ഫോൺ എന്ന പേരിൽ 251 രൂപയ്ക്ക് ഫോൺ എന്ന വാഗ്ദാനവുമായി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ മോഹിത് ഗോയൽ വഞ്ചനാ കേസിൽ അറസ്റ്റിലായി. എന്നാൽ ഫ്രീഡം 251 ഫോണുമായി ബന്ധപ്പെട്ടല്ല അറസ്റ്റ്. 41 ലക്ഷത്തിന്റെ മറ്റൊരു തട്ടിപ്പ് കേസിലാണ് ഇയാളെ ഗ്രേറ്റർ നോയ്ഡയിൽ നിന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ റിങിങ് ബെൽസ് എന്ന കമ്പനി സ്ഥാപിച്ചാണ് മോഹിത് ഗോയൽ 251 രൂപയ്ക്ക് ഫോൺ നൽകുമെന്ന് പ്രഖ്യാപിച്ചത്. ഫ്രീഡം 251 എന്നായിരുന്നു ഫോണിന് നൽകിയ പേര്. എന്നാൽ പണം നൽകിയവർ ഫോൺ ലഭിച്ചില്ലെന്ന് പരാതിപ്പെട്ടതോടെ 2017 ൽ ഇയാളെ തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തിരുന്നു. 2018 ൽ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലും ഇയാൾ പിടിയിലായിരുന്നു. ഇത്തവണ ഡ്രൈ ഫ്രൂട്ട് ബിസിനസ് തട്ടിപ്പ് കേസിലാണ് ഇയാളെ പിടികൂടിയിരിക്കുന്നത്.

ഇന്ദിരാപുരത്ത് കച്ചവടക്കാരനായ വികാസ് മിത്തലിന്റെ പരാതിയിലാണ് ഗോയലിനെതിരെ പൊലീസ് കേസെടുത്തത്. 41 ലക്ഷം രൂപ തട്ടിച്ചെന്നായിരുന്നു പരാതി. പണം തിരികെയാവശ്യപ്പെട്ട് വികാസ് ബന്ധപ്പെട്ടപ്പോൾ ഗോയൽ ഇയാളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഓഗസ്റ്റ് 19 ന് മിത്തലിനെ ഗോയൽ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും പരിക്കുകളോടെ മിത്തൽ രക്ഷപ്പെടുവെന്നും പരാതിയിൽ പറയുന്നു.

പൊലീസ് സംഘം ഗ്രേറ്റർ നോയിഡയിലെ ഗോയലിന്റെ വീട് റെയ്ഡ് ചെയ്താണ് ഇയാളെ പിടിച്ചത്. ഇയാൾക്ക് പുറമെ മറ്റ് അഞ്ച് പേരും കേസിൽ പ്രതികളാണ്.  

2017 ൽ ഗോയൽ രാജ്യത്തിന്റെയാകെ ശ്രദ്ധ നേടിയ സംരംഭകനായിരുന്നു. ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഓഫർ. 30000ത്തിലേറെ പേരാണ് ഫോണിന് വേണ്ടി ബുക്ക് ചെയ്തത്. എന്നാൽ ഇവരിൽ ഏറെ പേർക്കും ഫോൺ കിട്ടിയിരുന്നില്ല. ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!