
ഉല്‍സവ സീസണും പുതിയ നികുതി പരിഷ്‌കരണവും ഒരുമിച്ച് വന്നതോടെ വിലക്കുറവിന്റെ ആനുകൂല്യം നേടാന്‍ ഉപഭോക്താക്കളെയും ചെറുകിട ബിസിനസ്സുകാരെയും ലക്ഷ്യമിട്ട് ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും നിരവധി വായ്പാ ഓഫറുകള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ വായ്പാ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സമ്പദ്വ്യവസ്ഥയ്ക്ക് ഹ്രസ്വകാലത്തേക്ക് ഉണര്‍വ് നല്‍കുമെങ്കിലും, അമിതമായി വായ്പ നല്‍കുന്നതിലുള്ള അപകടസാധ്യതയും വായ്പാദാതാക്കള്‍ കണക്കിലെടുക്കുന്നുണ്ട്.
കോട്ടക് മഹീന്ദ്ര ബാങ്ക്, എല്‍ ആന്‍ഡ് ടി ഫിനാന്‍സ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ പുതിയ ജിഎസ്ടി സ്ലാബുകളോടനുബന്ധിച്ച് ആകര്‍ഷകമായ വായ്പാ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ദീപാവലി, ദസറ പോലുള്ള ഉത്സവം മുന്നിലുണ്ടെന്നിരിക്കെ, ഈ സീസണില്‍ കൂടുതല്‍ വായ്പകള്‍ അനുവദിക്കാന്‍ സാധിക്കുമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. ഇലക്ട്രോണിക്‌സ്, ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് 30,000 രൂപ വരെ കിഴിവ് കോട്ടക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 'ഖുഷിയാന്‍ ഫസ്റ്റ്' എന്ന പുതിയ പദ്ധതിയുമായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കുമുണ്ട്. വലിയ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ക്യാഷ്ബാക്കും ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റുകളും വര്‍ധിപ്പിച്ചാണ് അവര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.
ഇരുചക്രവാഹന വായ്പകളില്‍ മുന്‍നിരയിലുള്ള എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഒരുപടി കൂടി കടന്ന് മുന്നോട്ട് പോയി. 'ബൈ നൗ പേ ലേറ്റര്‍' പദ്ധതി, കൃത്യസമയത്ത് തിരിച്ചടവ് നടത്തുന്നവര്‍ക്ക് അവസാന ഗഡു ഒഴിവാക്കുന്നതിനുള്ള കിഴിവുകള്‍, ആദ്യ രണ്ട് മാസങ്ങളില്‍ പലിശ മാത്രം അടച്ചാല്‍ മതിയായ ഇഎംഐ ലൈറ്റ് പദ്ധതി തുടങ്ങിയവയാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നത്.
സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ പണവിനിമയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2019-20 സാമ്പത്തിക വര്‍ഷത്തിലെ 13.58 ലക്ഷം കോടി രൂപയില്‍ നിന്ന് 2024-25ല്‍ 30.08 ലക്ഷം കോടി രൂപയായി രാജ്യത്തിന്റെ മൊത്തം സാമ്പത്തിക സ്രോതസ്സുകള്‍ ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു. ഇത് 20% വാര്‍ഷിക വളര്‍ച്ച നിരക്കിനെയാണ് സൂചിപ്പിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ മുതല്‍ കര്‍ഷകര്‍ വരെയുവര്‍ ഈ വളര്‍ച്ചക്ക് കാരണമായിട്ടുണ്ട്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് വായ്പ നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്.
അതേസമയം, 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ബാങ്ക് വായ്പകള്‍ 11-12% വരെ വളരുമെന്നാണ് ക്രിസില്‍ റേറ്റിംഗ്‌സ് പ്രവചിക്കുന്നത്. ഇതിന് കാരണം കുറഞ്ഞ ജിഎസ്ടി, അനുകൂലമായ പണപ്പെരുപ്പം, കേന്ദ്ര ബഡ്ജറ്റിലെ നികുതി ഇളവുകള്‍ എന്നിവയാണ്. റീട്ടെയില്‍ വായ്പകള്‍ 13% വരെ വര്‍ദ്ധിക്കുമെന്നും ക്രിസില്‍ വ്യക്തമാക്കുന്നു. ഭവന വായ്പകളാണ് ഇപ്പോഴും പ്രധാനമെങ്കിലും, സ്വര്‍ണ്ണ വായ്പകളും ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള വായ്പകളും അതിവേഗം വളരുന്നുണ്ട്.
ഉത്സവകാലത്തെ വായ്പാ പദ്ധതികള്‍ ഉപഭോഗം വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. വായ്പയെടുത്ത് ടെലിവിഷന്‍, റഫ്രിജറേറ്റര്‍, ഇരുചക്രവാഹനം എന്നിവ വാങ്ങുന്ന കുടുംബങ്ങള്‍ ജിഎസ്ടി വരുമാനവും ഫാക്ടറി ഓര്‍ഡറുകളും വര്‍ദ്ധിപ്പിക്കും. വായ്പാദാതാക്കള്‍ക്ക് ഇത് ് വരുമാനം നേടാനും ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാനും സഹായിക്കുന്നു.
പക്ഷേ ഇതിന്റെ അപകടസാധ്യതകളും പരിശോധിക്കപ്പെടേണ്ടതുണ്ട്. ക്രിസിലിന്റെ കണക്കനുസരിച്ച്, 2026 സാമ്പത്തിക വര്‍ഷത്തില്‍ സുരക്ഷിത വായ്പകളെക്കാള്‍ വേഗത്തില്‍ അണ്‍സെക്യൂര്‍ഡ് വായ്പകള്‍ വളരും. സാമ്പത്തിക വളര്‍ച്ച കുറഞ്ഞാല്‍ ഇത് തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. വായ്പാ വിതരണത്തിലുള്ള വര്‍ധനവിനെക്കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനകം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരം വായ്പകള്‍ക്കുള്ള റിസ്‌ക് വെയിറ്റ് ആര്‍ബിഐ ഉയര്‍ത്തിയിരുന്നു.