വാഹനങ്ങളില്‍ സമാന്തര ഇന്ധനങ്ങളുടെ ഉപയോഗം; പെട്രോള്‍ വില പ്രക്ഷോഭങ്ങള്‍ക്ക് അറുതിയാക്കുമെന്ന് കേന്ദ്രമന്ത്രി

By Web TeamFirst Published Jul 12, 2021, 12:12 PM IST
Highlights

പെട്രോളിനെ അപേക്ഷിച്ച് വാഹനങ്ങളില്‍ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നത് ഓരോ ലിറ്ററിനും ചുരുങ്ങിയത് ഇരുപത് രൂപയെങ്കിലും ലാഭമുണ്ടാക്കുമെന്ന് നിതിന്‍ ഗഡ്കരി

എല്‍എന്‍ജി, സിഎന്‍ജി, എഥനോള്‍ പോലുള്ള സമാന്തര ഇന്ധനങ്ങളുടെ ഉപയോഗം പെട്രോള്‍  വില വര്‍ധന സംബന്ധിച്ച പ്രക്ഷോഭങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ ആദ്യത്തെ വ്യാവസായികമായുള്ള എല്‍എന്‍ജി ഫില്ലിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പെട്രോളിനെ അപേക്ഷിച്ച് വാഹനങ്ങളില്‍ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നത് ഓരോ ലിറ്ററിനും ചുരുങ്ങിയത് ഇരുപത് രൂപയെങ്കിലും ലാഭമുണ്ടാക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

ഫ്ലെക്സ് ഫ്യൂവല്‍ എന്‍ജിനുകള്‍ക്കായുള്ള നയം കൊണ്ടുവരാനൊരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കള്‍ക്ക് ഇത്തരം എന്‍ജിനുകള്‍ നിര്‍മ്മിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന നയങ്ങളാവും ഇതെന്നും മന്ത്രി വിശദമാക്കി. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാനാവും എഥനോള്‍, മെഥനോള്‍, ബയോ സിഎന്‍ജി എന്നിവയ്ക്കെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയ മേഖലയെ സ്വകാര്യവല്‍ക്കരിക്കണമെന്ന് സര്‍ക്കാരിനോട് നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനായാണ് കഴിഞ്ഞ വ്ര‍ഷം വലിയ രീതിയിലുള്ള പെട്രോള്‍ ഡീസല്‍ റീട്ടെയില്‍ മാര്‍ക്കെറ്റിംഗ് മാനദണ്ഡങ്ങളില്‍ ഇളവുവരുത്തിയിട്ടുള്ളത്. എല്‍എന്‍ജി പോലെ ശുചിത്വമുള്ള ഇന്ധനങ്ങള്‍ക്ക് രാജ്യത്ത് നല്ല ഭാവിയുണ്ടെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ധനവില വീണ്ടും കൂടി. രാജ്യത്ത് പെട്രോൾ വില 28 പൈസ കൂട്ടി. ഡീസല്‍ വിലയില്‍ ഏറെക്കാലത്തിന് ശേഷം ഇന്ന് കുറവുണ്ടായി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!