ലാഭകരമാകില്ലെന്ന് വിലയിരുത്തല്‍; മരച്ചീനി സ്പിരിറ്റിന്‍റെ സാധ്യത മങ്ങുന്നു

By Web TeamFirst Published Jul 12, 2021, 10:13 AM IST
Highlights

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പുതിയ പഠനത്തില്‍ ഇത് 680 എംഎല്‍ വരെയാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.ലാബോറട്ടറി പരീക്ഷണത്തില്‍ ഒരു ലിറ്റര്‍ സ്പിരിറ്റിന്‍റെ ഉത്പാദനച്ചലെവ് 89.55 രൂപയാണ്. കേരളത്തിലേക്ക് എത്തുന്ന സ്പിരിറ്റിന്‍റെ ശരാശരി വില ലിറ്ററിന് 60 രൂപയില്‍ താഴെയാണ്.

മരച്ചീനിയില്‍ നിന്നും സ്പിരിറ്റ് ഉത്പാദിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് സാധ്യത മങ്ങുന്നു. വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ലാഭകരമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് വന്‍തോതില്‍ മരച്ചീനി വിളയുള്ള സാഹചര്യത്തില്‍, കര്‍ഷകര്‍ക്ക് മതിയായ വില കിട്ടാത്ത സാഹചര്യമാണുള്ളത്. മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് അടക്കമുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നത് പരിഗണിക്കണമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.കേന്ദ്ര സര്‍ക്കാരിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കിഴങ്ങുവിള ഗവേഷണ കേന്ദ്രം 1983 ല്‍ തന്നെ ഇത് സംബന്ധിച്ച പഠനം നടത്തി പേറ്റന്‍റ് നേടിയിട്ടുണ്ട്. നാല് കിലോ മരച്ചീനിയില്‍ നിന്ന് ഒരു കിലോ സ്റ്റാര്‍ച്ച് ഉണ്ടാക്കാമെന്നും ഇതില്‍ നിന്ന് 450 എംഎല്‍ സ്പിരിറ്റ് ഉണ്ടാക്കാമെന്നുമാണ് കണ്ടെത്തിയത്.നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പുതിയ പഠനത്തില്‍ ഇത് 680 എംഎല്‍ വരെയാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.ലാബോറട്ടറി പരീക്ഷണത്തില്‍ ഒരു ലിറ്റര്‍ സ്പിരിറ്റിന്‍റെ ഉത്പാദനച്ചലെവ് 89.55 രൂപയാണ്. കേരളത്തിലേക്ക് എത്തുന്ന സ്പിരിറ്റിന്‍റെ ശരാശരി വില ലിറ്ററിന് 60 രൂപയില്‍ താഴെയാണ്. ഒരു ലിറ്റര്‍ സ്പിരിറ്റ് ഉണ്ടാക്കാന്‍ 8 കിലോ കപ്പയെങ്കിലും വേണ്ടി വരും. കര്‍ഷകന് 10 രൂപയെങ്കിലും കിലോക്ക് നല്‍കി, മരച്ചീനി സ്പിരിറ്റ് നിര്‍മ്മിക്കുന്നത് പ്രായോഗികമാകില്ലെന്നാണ് വിലയിരുത്തല്‍. മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നത് സംബന്ധിച്ച് പൈലറ്റ് പ്രോജക്ടിന് തയ്യാറാണെന്ന് തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മന്ത്രി തല ചര്‍ച്ചക്ക് ശേഷം തുടര്‍  നടപടികളെക്കുറിച്ച് ആലോചിക്കും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!