ശമ്പളം മാത്രം പോര, കരിയര്‍ വളരണം; ജോലി വലിച്ചെറിയാന്‍ ഒരുങ്ങി ജെന്‍സി

Published : Dec 13, 2025, 06:22 PM IST
Resignation

Synopsis

തങ്ങളുടെ കഴിവുകള്‍ക്ക് അംഗീകാരം കിട്ടുമെന്നും, കരിയറില്‍ കൃത്യമായ വളര്‍ച്ചയുണ്ടാകുമെന്നും ഉറപ്പുണ്ടെങ്കില്‍ മാത്രമേ പുതിയ തലമുറ ഒരു കസേരയില്‍ അടങ്ങിയിരിക്കൂ എന്ന് ചുരുക്കം. 

ഫീസ് പാര്‍ട്ടികളും, കോച്ചിംഗ് സെഷനുകളും, ആകര്‍ഷകമായ ആനുകൂല്യങ്ങളും നല്‍കി ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് അമേരിക്കയില്‍ നിന്നും ഒരു അപായ സൂചന. തങ്ങളുടെ കരിയറില്‍ വളര്‍ച്ചയില്ലെന്ന കാരണത്താല്‍ ജോലി രാജിവെക്കാന്‍ ഒരുങ്ങുകയാണ് 46 ശതമാനത്തോളം വരുന്ന 'ജെന്‍ സി' ജീവനക്കാര്‍. യങ്സ്ടൗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് തൊഴില്‍മേഖലയെ ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നത്. വെറുതെ ജോലി മടുത്തിട്ടോ, അല്ലെങ്കില്‍ മടിയാന്മാരായതുകൊണ്ടോ ആണ് പുതിയ പിള്ളേര്‍ ജോലി കളയുന്നത് എന്ന പൊതുധാരണ തെറ്റാണെന്ന് ഈ പഠനം തെളിയിക്കുന്നു.

എന്താണ് യഥാര്‍ത്ഥ വില്ലന്‍?

ശമ്പളക്കുറവല്ല ഇവരെ രാജിക്ക് പ്രേരിപ്പിക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം. മറിച്ച്, തങ്ങളുടെ കരിയര്‍ ഒരിടത്തുതന്നെ മുരടിച്ചു നില്‍ക്കുകയാണെന്ന തോന്നലാണ് പ്രധാന വില്ലന്‍. സര്‍വേയില്‍ പങ്കെടുത്ത 32% ജെന്‍ സി ജീവനക്കാരും, 34% മില്ലേനിയല്‍സും കരിയറില്‍ യാതൊരു പുരോഗതിയുമില്ലാതെ നില്‍ക്കുകയാണെന്ന് വിശ്വസിക്കുന്നു. കമ്പനികള്‍ തുടര്‍പഠനത്തിനോ പരിശീലനത്തിനോ സഹായിക്കുന്നില്ലെന്ന് 71% പേരും പരാതിപ്പെടുന്നു.

സര്‍ട്ടിഫിക്കറ്റ് എന്ന 'കടമ്പ'

പല കമ്പനികളും ജീവനക്കാര്‍ക്കായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സൗജന്യമായി നല്‍കാറുണ്ട്. എന്നാല്‍ കോഴ്‌സ് പഠിച്ചതുകൊണ്ട് മാത്രം കാര്യമായില്ല, ഇതിന്റെ സര്‍ട്ടിഫിക്കേഷന്‍ നേടണമെങ്കില്‍ വലിയ തുക ഫീസായി നല്‍കണം. ഏകദേശം 2,000 ഡോളര്‍ (ഏകദേശം 1.6 ലക്ഷം രൂപ) വരെയാണ് ഇതിന്റെ ചെലവ്. കോഴ്‌സ് പഠിക്കാന്‍ അവസരം നല്‍കുന്ന കമ്പനികള്‍, പക്ഷേ ഈ സര്‍ട്ടിഫിക്കറ്റിനുള്ള പണം നല്‍കാന്‍ തയ്യാറല്ല. സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി സര്‍ട്ടിഫിക്കറ്റ് നേടാന്‍ യുവ ജീവനക്കാര്‍ക്ക് കഴിയുന്നുമില്ല. ഫലത്തില്‍, 'പഠിക്കാം, പക്ഷേ സര്‍ട്ടിഫിക്കറ്റ് കിട്ടില്ല' എന്ന അവസ്ഥ. ബയോഡാറ്റയില്‍ കാണിക്കാന്‍ യോഗ്യതയില്ലാതെ കരിയറില്‍ എങ്ങനെ മുന്നേറുമെന്നാണ് ഇവരുടെ ചോദ്യം.

കമ്പനികള്‍ക്ക് ലാഭം എന്ത്?

ഒരു ജീവനക്കാരന്‍ ജോലി വിട്ടുപോയാല്‍, പകരം ആളെ എടുക്കാന്‍ ആ ജീവനക്കാരന്റെ വാര്‍ഷിക ശമ്പളത്തിന്റെ ഇരട്ടി വരെ ചെലവ് വരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിലും എത്രയോ ലാഭകരമാണ് ഉള്ള ജീവനക്കാരന് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അവസരമൊരുക്കുന്നതും അതിനുള്ള ഫീസ് നല്‍കുന്നതും.

എന്താണ് പരിഹാരം?

ഇനിയുള്ള മാസങ്ങളില്‍ കൂട്ടരാജി ഒഴിവാക്കണമെങ്കില്‍ കമ്പനികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ:

  • വഴികാട്ടണം: ജോലിയില്‍ അടുത്ത ഘട്ടത്തിലേക്ക് വളരാന്‍ എന്തൊക്കെ യോഗ്യതകള്‍ വേണമെന്ന് വ്യക്തമായി പറഞ്ഞുകൊടുക്കുക.
  • സഹായിക്കണം: പഠനത്തിനും സര്‍ട്ടിഫിക്കേഷനും സാമ്പത്തിക സഹായം നല്‍കുക.
  • സുതാര്യത: പ്രമോഷന്‍ ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ രൂപരേഖ നല്‍കുക.

തങ്ങളുടെ കഴിവുകള്‍ക്ക് അംഗീകാരം കിട്ടുമെന്നും, കരിയറില്‍ കൃത്യമായ വളര്‍ച്ചയുണ്ടാകുമെന്നും ഉറപ്പുണ്ടെങ്കില്‍ മാത്രമേ പുതിയ തലമുറ ഒരു കസേരയില്‍ അടങ്ങിയിരിക്കൂ എന്ന് ചുരുക്കം.

PREV
Read more Articles on
click me!

Recommended Stories

ടിക്കറ്റ് ബുക്കിങ് 'സൂപ്പര്‍ഫാസ്റ്റ്'; തട്ടിപ്പുകള്‍ക്ക് പൂട്ടിട്ട് റെയില്‍വേ
മെക്സിക്കോ തീരുവ: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; കാറുകള്‍ക്ക് വിലയേറും