49 ബെഡ് റൂം, മിനി ആശുപത്രി; ലണ്ടനില്‍ മുകേഷ് അംബാനിക്ക് കൂറ്റന്‍ വീടൊരുങ്ങുന്നു

By Web TeamFirst Published Nov 5, 2021, 6:29 PM IST
Highlights

അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് ലണ്ടനിലെ പുതിയ വീട് നിര്‍മ്മിക്കുന്നത്. 49 ബെഡ് റൂമുകള്‍, മിനി ആശുപത്രി, പ്രാര്‍ഥനാ മന്ദിരം എന്നിവ വീട്ടിലുണ്ടായിരിക്കും. പ്രധാനവീടായി ലണ്ടനിലെ വസതി മാറ്റാനാണ് അംബാനി കുടുംബത്തിന്റെ തീരുമാനമെന്നും അവധിക്കാല വസതിയായി ആന്റിലിയ മാറ്റുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

ലണ്ടന്‍: രാജ്യത്തെ ഏറ്റവും വലിയ ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് (Reliance) ചെയര്‍മാനുമായ മുകേഷ് അംബാനിക്ക് (Mukesh Ambani) ലണ്ടനില്‍ (London) പുതിയ വീട് (Ambani's New home) നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. മിഡ് ഡേയാണ് വാര്‍ത്ത പുറത്തുവിട്ടത്. ലണ്ടനിലെ ബക്കിങ്ഹാം ഷെയറില്‍ 300 ഏക്കറോളം വരുന്ന സ്‌റ്റോക്പാര്‍ക്കിനെയാണ് (Stockpark) അംബാനി പുതിയ വീടാക്കി മാറ്റുന്നത്. മുംബൈയിലെ കൂറ്റന്‍ വീടായ ആന്റിലിയക്ക് (Antilia) സമാനമായിരിക്കും പുതിയ വീടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം ആദ്യത്തിലാണ് 592 കോടി രൂപ വിലയില്‍ സ്ഥലം വാങ്ങിയത്. 

അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് ലണ്ടനിലെ പുതിയ വീട് നിര്‍മ്മിക്കുന്നത്. 49 ബെഡ് റൂമുകള്‍, മിനി ആശുപത്രി, പ്രാര്‍ഥനാ മന്ദിരം എന്നിവ വീട്ടിലുണ്ടായിരിക്കും. പ്രധാനവീടായി ലണ്ടനിലെ വസതി മാറ്റാനാണ് അംബാനി കുടുംബത്തിന്റെ തീരുമാനമെന്നും അവധിക്കാല വസതിയായി ആന്റിലിയ മാറ്റുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ വീടാണ് മുംബൈയിലെ ആന്റിലിയ. നാല് ലക്ഷം ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം.

മുംബൈയില്‍ മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്ന ആന്റിലിയ
 

കൊവിഡ് കാലത്ത് അംബാനി കുടുംബം ആന്റിലിയയിലായിരുന്നു കൂടുതലും താമസിച്ചത്. ഈ സമയത്താണ് ലണ്ടനില്‍ മറ്റൊരു വീട് എന്ന തീരുമാനത്തിലെത്തുന്നത്.  ഈ വര്‍ഷത്തെ ദീപാവലി പുതിയ വീട്ടിലാണ് അംബാനിയും കുടുംബവും ആഘോഷിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ആന്റിലിയയിലായിരുന്നു ആഘോഷങ്ങളെല്ലാം നടത്തിയിരുന്നത്. ദീപാവലി ആഘോഷത്തിന് ശേഷം അംബാനിയും കുടുംബവും ഇന്ത്യയിലേക്ക് മടങ്ങും. അടുത്ത വര്‍ഷം ഏപ്രിലിലോടെ സ്ഥിര താമസം ലണ്ടിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വാര്‍ത്ത സംബന്ധിച്ച് മുകേഷ് അംബാനിയോ കുടുംബവുമായി ബന്ധപ്പെട്ടവരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

click me!