Petrol Diesel Price| കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണ്; ഇന്ധന വില നികുതിയിൽ വിശദീകരണവുമായി ബാലഗോപാൽ

By Web TeamFirst Published Nov 5, 2021, 12:56 PM IST
Highlights

സ്പെഷ്യൽ നികുതിയുടെ പേരിൽ സംസ്ഥാനങ്ങളെ തഴയുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇന്ധന വിലയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഉപതെര‍ഞ്ഞെടുപ്പുകളിലെ തിരിച്ചടി മൂലമാണ് ഇപ്പോൾ വില കുറയ്ക്കാൻ തയ്യാറായതെന്നും ബാലഗോപാൽ പറയുന്നു. 

തിരുവനന്തപുരം: സംസ്ഥാന ഇന്ധന നികുതി (Fuel Tax) കുറയ്ക്കില്ലെന്ന നിലപാടിലുറച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ ( K N Balagopal). കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി കൂട്ടുകയും സെസ് കൊണ്ടുവരികയും ചെയ്തപ്പോഴും കേരളം (keralam) അങ്ങനെ ചെയ്തിട്ടില്ലെന്നാണ് ധനമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ. കേന്ദ്ര നികുതി വളരെ കൂടുതലാണെന്നും ഇത്രയും ഉയർന്ന തുക പിരിക്കാൻ കേന്ദ്ര സർക്കാരിന് അവകാശമില്ലെന്നുമാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്. 

കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുന്നുവെന്നാണ് ബാലഗോപാലിന്റെ വാദം. സ്പെഷ്യൽ നികുതിയുടെ പേരിൽ സംസ്ഥാനങ്ങളെ തഴയുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇന്ധന വിലയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഉപതെര‍ഞ്ഞെടുപ്പുകളിലെ തിരിച്ചടി മൂലമാണ് ഇപ്പോൾ വില കുറയ്ക്കാൻ തയ്യാറായതെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടുന്നു. 

2018ൽ ക്രൂഡിന്റെ വില 80.08 ആയിരുന്നു അപ്പോൾ കേന്ദ്ര നികുതി 17.98 രൂപ. പക്ഷേ ക്രൂഡിന്റെ വില മൂന്നിലൊന്നായികുറഞ്ഞപ്പോൾ കേന്ദ്രം നികുതി കൂട്ടി. പക്ഷേ കഴിഞ്ഞ ആറ് വർഷക്കാലവും കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല. ഒരു തവണ പിണറായി സർക്കാർ ഇന്ധന നികുതി കുറക്കുകയും ചെയ്തെന്നാണ് ബാലഗോപാൽ വിശദീകരിക്കുന്നത്. 

സംസ്ഥാനം കൊവിഡ് കാലത്ത് നിരവധി പാക്കേജ് നൽകി, അതിന് പുറമേയും കേരളം നിരവധി സാമൂഹ്യസുരക്ഷാപദ്ധതികൾ നടപ്പാക്കുന്നുണ്ട്, പക്ഷേ ഇതിനൊന്നും അർഹമായ വിഹിതം കേന്ദ്രം നൽകുന്നില്ലെന്നാണ് സംസ്ഥാനത്തിന്റെ പരാതി. ആകെ വരുന്ന വരുമാനത്തിന്റെ 41% സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കിട്ടുന്നില്ലെന്നാണ് ആക്ഷേപം. എല്ലാ അർത്ഥത്തിലും കേന്ദ്രം സംസ്ഥാനങ്ങലെ പറ്റിക്കുകയാണ്. അതേ സമയം എണ്ണ കമ്പനികളുടെ ലാഭം കോടികളാണെന്നും മന്ത്രി പറയുന്നു. 

കേരളത്തിൻ്റെ നികുതി ഘടന കുറവാണെന്നാണ് ബാലഗോപാലിന്റെ വാദം. സംസ്ഥാന നികുതി കുറയ്ക്കണമെന്ന യുഡിഎഫ് വാദത്തെ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ നികുതി കണക്കുകൾ വച്ചാണ് ബാലഗോപാൽ നേരിടുന്നത്. ഉമ്മൻചാണ്ടി സർക്കാർ പതിമൂന്ന് തവണ നികുതി കൂട്ടിയെന്നാണ് ഇടത് ധനമന്ത്രി പറയുന്നത്. നാല് തവണ മാത്രമാണ് യുഡിഎഫ് നികുതി കുറച്ചതെന്നും ബാലഗോപാൽ കണക്ക് നിരത്തി പറയുന്നു. 

വസ്തുതകൾ ഇതാണെന്നിരിക്കെ ബിജെപി ചെയ്യേണ്ടത് ചെയ്തെന്നും ഇനി സംസ്ഥാന സർക്കാർ ഇടപെടണമെന്നുമാണ് കെപിസിസി പ്രസിഡൻ്റ് പറയുന്നത്. ബിജെപിക്ക് സർട്ടിഫിക്കേറ്റ് കൊടുക്കുകയാണോ കെപിസിസി ചെയ്യേണ്ടതെന്ന് ബാലഗോപാൽ തിരിച്ചടിക്കുന്നു. 32 രൂപ കൂട്ടിയിട്ടാണ് ഇപ്പോൾ ഒമ്പത് രൂപ കുറച്ചതെന്ന് ബാലഗോപാൽ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു. 

പെട്രോൾ ഡീസൽ നികുതി - കേന്ദ്ര നികുതി കണക്ക്

പെട്രോളിനും ഡീസലിനും നികുതി കുത്തനെ കൂട്ടിയാണ് കഴിഞ്ഞ ഏഴു വർഷവും എൻഡിഎ സർക്കാർ എല്ലാ പദ്ധതികളുടെയും പണം കണ്ടെത്തിയത്. എൻഡിഎ അധികാരത്തിൽ എത്തിയപ്പോൾ പെട്രോളിന് എക്സൈസ് നികുതി ഒമ്പത് രൂപ നാല്പത്തിയെട്ട് പൈസയായിരുന്നു ഇത് 32.90 പൈസയായിയിരുന്നു ഇന്നലെ വരെ. അഞ്ചു രൂപ ഇന്നലെ കുറഞ്ഞപ്പോൾ ഇത് 27.90 പൈസയായി. അതായത് ഇപ്പോഴും എൻഡിഎ അധികാരത്തിൽ എത്തിയപ്പോഴുണ്ടായിരുന്ന നിരക്കിൻറെ മൂന്നിരട്ടിയാണ് എക്സൈസ് തിരുവ. 

ഡീസലിന് 2014ലെ നികുതി 3 രൂപ 56 പൈസ. ഇപ്പോൾ പത്തു രൂപ കുറച്ചിട്ടും 21 രൂപ എൺപത് പൈസ. അതായത് എൻഡിഎ കാലത്തെ ഉയർച്ച ഇപ്പോഴത്തെ കണക്കു നോക്കിയാലും എഴിരട്ടി. 
 

Read More: Petrol Diesel Price | വില കൂടിയപ്പോൾ വരുമാനം ഇരട്ടിയായി, കേന്ദ്രം വേണ്ടെന്ന് വച്ചത് തുച്ഛമായ തുക മാത്രം

 

ഇനി സംസ്ഥാനത്തിൻ്റെ കാര്യത്തിലേക്ക് വരാം

കേന്ദ്ര സർക്കാർ കുറച്ച എക്സൈസ് തീരുവയുടെ ശതമാനകണക്കിൽ കേരളം വാറ്റ് നികുതി കുറച്ചാൽ, ഡീസലിന് അഞ്ച് രൂപയും പെട്രോളിന് 3 രൂപ 20 പൈസയും കുറയും. ഡീസലിന്റെ എക്സൈസ് തീരുവ 31 രൂപ 80 പൈസ ആയിരുന്നു. അതിൽ നിന്നാണ് കേന്ദ്രം പത്ത് രൂപ കുറച്ചത്. പെട്രോളിൻ്റെ തീരുവ 32 രൂപ 90 പൈസ. ഇതിൽ തന്നെ വിവിധ സംസ്ഥാനങ്ങൾ വാറ്റ് നികുതി കുറച്ചത് പല രീതിയിലാണ്. കേരളത്തിൽ ആകെയുണ്ടായത്, ആനുപാതികമായ കുറവ് മാത്രം. ഡീസലിന് രണ്ട് രൂപ 27 പൈസയും പെട്രോളിന് 1 രൂപ 30 പൈസയുമാണ് കേരളത്തിൽ കുറഞ്ഞത്.

കേന്ദ്രം കൂട്ടുമ്പോൾ സംസ്ഥാനത്തിനും ഗുണമുണ്ട്

പെട്രോള്‍ ഡീസല്‍ വില കേന്ദ്രം വര്‍ദ്ധിപ്പിക്കുമ്പോള്‍ ലോട്ടറിയടിക്കുന്നത് സംസ്ഥാന സര്‍ക്കാരിനു കൂടിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ കേരളത്തിന്‍റെ ഇന്ധന നികുതി വരുമാനം 50 ശതമാനമാണ് ഉയര്‍ന്നത്. നികുതി വരുമാനം കുറയുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പെട്രോളിനെയും ഡീസലിനേയും ജിഎസ്ടി യില്‍ ഉള്‍പ്പെടുത്തുന്നതിനേയും കേരളം എതിര്‍ക്കുന്നത്. 

click me!