കച്ച് മരുഭൂമി അംബാനി-അദാനി പോരാട്ടത്തിന്റെ പുതിയ യുദ്ധക്കളം: പാരീസിനേക്കാളും സിംഗപ്പൂരിനേക്കാളും വലുപ്പത്തില്‍ സോളാര്‍ പദ്ധതികള്‍

Published : Sep 26, 2025, 02:18 PM IST
mukesh ambani gautam adani

Synopsis

മുകേഷ് അംബാനിയും ഗൗതം അദാനിയും രാജ്യത്തിന്റെ ഊര്‍ജ്ജ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായുള്ള യുദ്ധത്തിലാണ്. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ വലിയ തോതിലുള്ള പദ്ധതികള്‍ ആദ്യം പ്രഖ്യാപിച്ചത് അദാനി ഗ്രൂപ്പാണ്

ന്ത്യയിലെ ഏറ്റവും വലിയ രണ്ട് വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ ഒരു വന്‍ പോരാട്ടത്തിലാണ്. രാജ്യത്തിന്റെ ഊര്‍ജ്ജ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായുള്ള ശതകോടികളുടെ യുദ്ധമാണിത്. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ വരണ്ട പ്രദേശത്ത് വലിയ തോതിലുള്ള പദ്ധതികള്‍ ആദ്യം പ്രഖ്യാപിച്ചത് അദാനി ഗ്രൂപ്പാണ്.

പോരാട്ടത്തില്‍ മുന്നില്‍ അദാനി

അദാനിയുടെ ഖാവ്ദ റിന്യൂവബിള്‍ എനര്‍ജി പാര്‍ക്ക്, 538 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ (പാരീസിന്റെ ഏകദേശം അഞ്ചിരട്ടി വലിപ്പം) ലോകത്തിലെ ഏറ്റവും വലിയ ഹരിത ഊര്‍ജ്ജ പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്നു. സൗരോര്‍ജ്ജത്തില്‍ നിന്നും കാറ്റില്‍ നിന്നും 30 GW വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ഈ പാര്‍ക്കിന്റെ ലക്ഷ്യം. 2022-ല്‍ ഖാവ്ദയില്‍ നിര്‍മ്മാണം ആരംഭിക്കുകയും 2024 ഫെബ്രുവരിയോടെ ആദ്യത്തെ വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് നല്‍കുകയും ചെയ്തു. 2029-ഓടെ പദ്ധതിയുടെ ശേഷി 30 GW ആയി ഉയര്‍ത്താന്‍ കമ്പനി ലക്ഷ്യമിടുന്നു, ഇത് 50 GW ആയി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

അംബാനിയുടെ വരവ്

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2024 ഓഗസ്റ്റിലെ വാര്‍ഷിക ഓഹരി ഉടമകളുടെ യോഗത്തിലാണ് കച്ചിലെ അവരുടെ ഊര്‍ജ്ജ പദ്ധതി വെളിപ്പെടുത്തിയത്.അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിക്കാണ് പദ്ധതിയുടെ ചുമതല. കച്ചില്‍, 5,50,000 ഏക്കറില്‍ (സിംഗപ്പൂരിന്റെ ഏകദേശം മൂന്നിരട്ടി വലിപ്പത്തില്‍) വ്യാപിച്ചുകിടക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പദ്ധതികളിലൊന്ന് വികസിപ്പിക്കുകയാണ് അംബാനി. ഈ ഒരൊറ്റ പദ്ധതിക്ക് അടുത്ത ദശാബ്ദത്തിനുള്ളില്‍ ഇന്ത്യയുടെ വൈദ്യുതി ആവശ്യകതയുടെ ഏകദേശം 10% നിറവേറ്റാന്‍ കഴിഞ്ഞേക്കും. ഈ പദ്ധതി അദാനിയുടെ ഖാവ്ദയെക്കാള്‍ വളരെ വലുതാണ്. 55 MW സോളാര്‍ മൊഡ്യൂളുകള്‍ക്ക് പ്രതിവര്‍ഷം 110 GWh-ല്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ കണക്കാക്കുന്നു.

എന്തുകൊണ്ട് കച്ച്?

അധിക സൗരോര്‍ജ്ജ വികിരണം: പ്രതിദിനം ഒരു ചതുരശ്ര മീറ്ററിന് 5.5-6.0 kWh എന്ന നിരക്കില്‍ സൗരോര്‍ജ്ജം ലഭിക്കുന്നു, കൂടാതെ വര്‍ഷത്തില്‍ 300-ല്‍ അധികം ദിവസങ്ങളിലും ഇവിടെ സൂര്യപ്രകാശമുണ്ട്.

തരിശുഭൂമി: തരിശായ പ്രദേശങ്ങള്‍ ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങളില്ലാതാക്കുന്നു, പുനരധിവാസ നടപടികളും ആവശ്യമില്ല.

കാറ്റിന്റെ സാധ്യത: മണിക്കൂറില്‍ 8 മീറ്റര്‍ ശരാശരി വേഗതയുള്ള കാറ്റ് സോളാര്‍-കാറ്റ് ഹൈബ്രിഡ് പദ്ധതികള്‍ക്ക് അനുയോജ്യമാണ്.

അടിസ്ഥാന സൗകര്യങ്ങള്‍: ഗുജറാത്തിലെ വൈദ്യുതി ഗ്രിഡിലേക്കും മുന്ദ്ര, കണ്ട്‌ല തുറമുഖങ്ങളിലേക്കുമുള്ള എളുപ്പത്തിലുള്ള പ്രവേശനം. കൂടാതെ സര്‍ക്കാര്‍ നല്‍കുന്ന നികുതിയിളവുകളും പദ്ധതികള്‍ക്ക് സഹായകമാണ്.

നിര്‍മ്മാണവും ഹരിത ഹൈഡ്രജന്‍ പദ്ധതികളും

അംബാനിയും അദാനിയും സോളാര്‍ മൊഡ്യൂളുകള്‍, ബാറ്ററികള്‍, ഹരിത ഹൈഡ്രജന്‍ തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജ ഉപകരണങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അദാനി ഇതിനകം സോളാര്‍ മൊഡ്യൂള്‍, കാറ്റാടി ടര്‍ബൈന്‍ എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കുകയും ഇന്ത്യയിലെ ആദ്യത്തെ 5 MW ഓഫ്-ഗ്രിഡ് ഹരിത ഹൈഡ്രജന്‍ പൈലറ്റ് പ്ലാന്റ് കമ്മീഷന്‍ ചെയ്യുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി ഖാവ്ദയില്‍ 4.75 GW സോളാര്‍ ശേഷിക്ക് പദ്ധതിയിടുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഗ്രാറ്റുവിറ്റിയില്‍ പറ്റിപ്പ് നടക്കില്ല; തടയിട്ട് പുതിയ തൊഴില്‍ നിയമം, മാറ്റങ്ങൾ അറിഞ്ഞിരിക്കണം
രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നഷ്ടം ആര്‍ക്കൊക്കെ? ഇറക്കുമതിയെ ആശ്രയിക്കുന്ന മേഖലകളെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി