Petrol, Diesel Price : ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; കണ്ട ഭാവം നടിക്കാതെ എണ്ണക്കമ്പനികൾ; ഇന്ധന വിലയിൽ മാറ്റമില്ല

By Web TeamFirst Published Nov 28, 2021, 11:18 AM IST
Highlights

ക്രൂഡ് ഓയിൽ വില ഒറ്റ ദിവസം പത്ത് ഡോളറോളം ഇടിഞ്ഞിട്ടും കാഴ്ചക്കാരായി നിൽക്കുകയാണ് ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാരുകളും

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞ് രണ്ട് ദിവസമാകുമ്പോഴും ഇന്ത്യയിൽ എണ്ണവിലയിൽ മാറ്റമില്ല. ക്രൂഡ് ഓയിൽ വില ഒറ്റ ദിവസം പത്ത് ഡോളറോളം ഇടിഞ്ഞിട്ടും കാഴ്ചക്കാരായി നിൽക്കുകയാണ് ഇന്ത്യയിലെ പൊതുമേഖലാ-സ്വകാര്യമേഖലാ എണ്ണക്കമ്പനികൾ. വില കുറയ്ക്കാൻ സർക്കാരുകളുടെ ഭാഗത്ത് നിന്നും എണ്ണക്കമ്പനികൾക്ക് മേൽ യാതൊരു സമ്മർദ്ദവും ഉണ്ടായിട്ടുമില്ല.

നേരത്തെ പെട്രോളിന്റെ എക്സൈസ് തീരുവയിൽ അഞ്ച് രൂപയും ഡീസലിന്റെ എക്സൈസ് തീരുവയിൽ പത്ത് രൂപയും കേന്ദ്രം കുറച്ചിരുന്നു. ഇതിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചയായി വിലയിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇതിനിടെ പലപ്പോഴും ഇടിവുണ്ടായി. കഴിഞ്ഞ ദിവസം കൊവിഡ് ഒമിക്രോൺ ഭീതിയെ തുടർന്ന് ക്രൂഡ് ഓയിൽ വില 82 ഡോളറിൽ നിന്ന് 72 ഡോളറിലേക്ക് താഴ്ന്നിരുന്നു. 

നവംബർ നാലിനാണ് അവസാനമായി പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റിയത്. ഇന്ന് ദില്ലിയിൽ 103.97 രൂപയാണ് പെട്രോൾ വില. ഡീസലിന് 94.14 രൂപയാണ് വില. മുംബൈയിൽ 109.98 രൂപയാണ് പെട്രോളിന്. ഡീസലിന് 94.14 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 106.36 രൂപയാണ് വില. ഡീസൽ വില ലിറ്ററിന് 93.47 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് ദിവസവും വില വർധിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ ആവർത്തിച്ച് പറയുന്നത്. ആ നിലയ്ക്ക് ക്രൂഡ് ഓയിൽ വില കുറയുമ്പോൾ പെട്രോളിനും ഡീസലിനും വില കുറയേണ്ടതുമാണ്. എന്നാൽ ഇത്തരത്തിൽ വില കുറയാത്തത് രാജ്യത്തെ വിലക്കയറ്റത്തിന്റെ പിടിയിൽ നട്ടംതിരിയുന്ന സാധാരണക്കാർക്ക് വലിയ ബാധ്യതയാണ്.

സംസ്ഥാനത്ത് എക്സൈസ് തീരുവ കുറഞ്ഞ ഘട്ടത്തിൽ മൂല്യവർധിത നികുതി കുറയ്ക്കാൻ പിണറായി സർക്കാർ തയ്യാറായിരുന്നില്ല. എക്സൈസ് തീരുവ കേന്ദ്രം കുറയ്ക്കുമ്പോൾ ആനുപാതികമായ കുറവ് സംസ്ഥാനത്തിന്റെ മൂല്യവർധിത നികുതിയിലും ഉണ്ടാകുന്നുണ്ടെന്ന നിലപാടായിരുന്നു ഇടത് സർക്കാരിന്റേത്. എക്സൈസ് തീരുവ വെട്ടിക്കുറക്കുകയാണ് വേണ്ടതെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിട്ടും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനോട് പെട്രോൾ ഡീസൽ വില കുറയ്ക്കണം എന്ന ആവശ്യം സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ചിട്ടുമില്ല.

ഉൽപ്പാദനം നിയന്ത്രിച്ച് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില താഴാതെ നിലനിർത്തിയ ഒപെക് രാജ്യങ്ങൾക്ക് വൻ തിരിച്ചടിയാണ് പുതിയ കൊവിഡ് ഭീതി ഉണ്ടാക്കിയിരിക്കുന്നത്. ക്രൂഡ് ഓയിൽ വില നവംബർ 10 ന് 85.40 ഡോളറായിരുന്നു. പിന്നീട് ഏറ്റക്കുറച്ചിലുണ്ടായി. നവംബർ 19 ന് 78 ഡോളറിലേക്ക് താഴ്ന്ന ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് ബാരലിന് 82 ഡോളർ എന്ന നിലയിലായിരുന്നു. ഇന്നലെ കൊവിഡ് ഭീതി ഉയർന്നതോടെ ബാരലിന്റെ വില കുത്തനെ താഴ്ന്നു. 82.20 ഡോളർ എന്ന നിലയിൽ നിന്ന് 72.67 ഡോളറിലേക്കാണ് ഒരു ബാരലിന്റെ വില കുറഞ്ഞത്.

click me!