
ന്യൂയോർക്ക്: ലോകത്തെ സമ്പന്നരുടെ പട്ടികയിൽ കുതിച്ചുകയറ്റവുമായി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി. ഫോബ്സ് പുറത്തിറക്കിയ പുതിയ പട്ടികപ്രകാരം മുകേഷ് അംബാനി 13-ാം സ്ഥാനത്താണ്.കഴിഞ്ഞ വർഷത്തേക്കാൾ ആറു സ്ഥാനം മുന്നോട്ടു കയറിയാണ് അദ്ദേഹം ഈ സ്ഥാനത്തെത്തിയത്.
2018-ൽ 40.1 ശതകോടി ഡോളറായിരുന്ന അംബാനിയുടെ ആസ്തി, ഒരു വർഷത്തിനിപ്പുറം 50 ശതകോടി ഡോളറിലേക്കു വർധിച്ചു. ആമസോണ്‍ സ്ഥാപകനും ചെയർമാനുമായ ജെഫ് ബെസോസാണ് ലോക സമ്പന്നരിൽ ഒന്നാം സ്ഥാനത്ത്. 131 ശതകോടി ഡോളറാണ് ബെസോസിന്റെ ആസ്തി. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, അമേരിക്കൻ വ്യവസായി വാറൻ ബഫറ്റ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഇന്ത്യയിലെ ശതകോടിപതികളിലും മുകേഷ് അംബാനി തന്നെയാണ് ഒന്നാമൻ. അംബാനി കഴിഞ്ഞാൽ 36-ാം സ്ഥാനത്തുള്ള വിപ്രോ ചെയർമാൻ അസിം പ്രേംജിയാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. 22.6 ശതകോടി ഡോളറാണ് പ്രേംജിയുടെ ആസ്തി.